Wednesday, August 21, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 31 Mar 2019 12.46 AM

കളക്‌ടറുടെ നിര്‍ദ്ദേശം നാളെ മുതല്‍ നടപ്പാക്കും

ആലുവ: നഗരത്തിലെ അനധികൃത കുടിവെള്ള ചൂഷണം അവസാനിപ്പിക്കാന്‍ നടപടിയായി. ഭൂഗര്‍ഭ ജല അതോറിട്ടിയുടെ അനുമതി ഹാജരാക്കാത്ത കുടിവെള്ളമൂറ്റ്‌ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ ജില്ലാ കളക്‌ടര്‍ നഗരസഭക്ക്‌ നല്‍കിയ നിര്‍ദ്ദേശം നാളെ മുതല്‍ നടപ്പാക്കും. നഗരത്തില്‍ 20ഓളം അനധികൃത കുടിവെള്ളം ഊറ്റല്‍ കേന്ദ്രങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌.
നഗരത്തില്‍ കിണറുകളില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിട്ടതിനെ തുടര്‍ന്ന്‌ നഗരസഭ സ്‌റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍ വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. തുടര്‍ന്ന്‌ ജില്ലാ കളക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ഭൂഗര്‍ഭ ജല അതോറിട്ടിയുടെ ലൈസന്‍സ്‌ മാര്‍ച്ച്‌ 31നകം ഹാജരാക്കാന്‍ നോട്ടീസ്‌ കുടിവെള്ളം വില്‍പ്പന കേന്ദ്രങ്ങള്‍ക്ക്‌ നല്‍കി.
കുടിവെള്ള മാഫിയ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന്‌ കുടിവെള്ളമൂറ്റല്‍ കേന്ദ്രങ്ങളില്‍ ഭൂഗര്‍ഭ ജല അതോറിട്ടി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയെങ്കിലും ആര്‍ക്കും ലൈസന്‍സ്‌ ലഭിച്ചില്ല. കുടിവെള്ളം ഊറ്റുന്നത്‌ പരിസരത്ത്‌ കുടിവെള്ള ക്ഷാമത്തിന്‌ ഇടയാക്കുന്നുവെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ലൈസന്‍സ്‌ നിഷേധിച്ചത്‌.
ഇതേതുടര്‍ന്ന്‌ കുടിവെള്ള മാഫിയ ലൈസന്‍സ്‌ നല്‍കാത്തതിനാലാണ്‌ തിങ്കളാഴ്‌ച്ച മുതല്‍ ജില്ലാ കളക്‌ടറുടെ ഉത്തരവ്‌ നഗരസഭ നടപ്പാക്കുന്നത്‌. 1000 ലിറ്റര്‍ കുടിവെള്ളം 60 രൂപ നിരക്കില്‍ ആലുവ വാട്ടര്‍ അതോറിട്ടിയില്‍ നിന്നും ലഭിച്ചിട്ടും ജല ചൂഷണം നടത്തുന്നതിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ നഗരസഭ സെക്രട്ടറി അരുണ്‍ രംഗന്‍ പറഞ്ഞു. കേരള ഗ്രൗണ്ട്‌ വാട്ടര്‍ കണ്‍ട്രോള്‍ ആന്റ്‌ റെഗുലേഷന്‍ 2002 എ.എന്‍ ആക്‌ടിന്റെ നഗ്നമായ ലംഘനമാണ്‌ നടക്കുന്നത്‌.
നിത്യേന നൂറു കണക്കിന്‌ ടാങ്കര്‍ ലോറികളില്‍ ആലുവയില്‍ നിന്ന്‌ നിയമം ലംഘിച്ച്‌ കുടിവെള്ളം കടത്തുകയാണെന്ന്‌ ആരോപിച്ച്‌ കൗണ്‍സിലര്‍മായ സെബി വി. ബാസ്‌റ്റ്യന്‍, എ.സി സന്തോഷ്‌ കുമാര്‍ എന്നിവരും ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കിയിരുന്നു.
ഭൂഗര്‍ഭ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലും ജലചൂഷണത്തിനെതിരെ ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. 8, 9, 10 വാര്‍ഡുകളില്‍ ബാങ്ക്‌ റോഡിലും റെയില്‍ റോഡിനുമിടയിലായി നാല്‌ ജലമൂറ്റല്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്നായിരുന്നു പരാതി. 36,000 ലിറ്റര്‍ വെള്ളം വരെ നിറക്കാവുന്ന വലിയ ടാങ്കറുകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയാണ്‌ ജലമൂറ്റല്‍ നടക്കുന്നതെന്ന്‌ ഭൂഗര്‍ഭ ജലസംരക്ഷണ സമിതിയും ആരോപിച്ചിരുന്നു.

Ads by Google
Advertisement
Sunday 31 Mar 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW