Monday, August 19, 2019 Last Updated 16 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 02.31 AM

വായ്‌പാ തട്ടിപ്പ്‌ രാജസ്‌ഥാന്‍ സ്വദേശി കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍

uploads/news/2019/02/288621/e1.jpg

കൊച്ചി: ഉയര്‍ന്ന തുകയ്‌ക്കുള്ള വായ്‌പ കുറഞ്ഞ പലിശ നിരക്കില്‍ ഉദാരമായ വ്യവസ്‌ഥകളോടെ നല്‍കാമെന്നു പറഞ്ഞു സര്‍വീസ്‌ ചാര്‍ജായി വന്‍ തുക കൈപ്പറ്റി നിരവധിയാളുകളെ വഞ്ചിച്ച രാജസ്‌ഥാന്‍ സ്വദേശി കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍. കേസിലെ ഒന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ രാജസ്‌ഥാനിലെ അജ്‌മീര്‍ സ്വദേശി ത്രിലോക്‌ കുമാര്‍ പരിഹാര്‍(30) ആണ്‌ അറസ്‌റ്റിലായത്‌. ബാങ്കിങ്‌ ബിസിനസ്‌ ചെയ്യുന്നതിനു റിസര്‍വ്‌ ബാങ്കിന്റെ നിയമാനുസൃതമായ യാതൊരു ലൈസന്‍സുമില്ലാതെ അംഗീകൃത നോണ്‍ ബാങ്കിങ്‌ ഫിനാന്‍സ്‌ കമ്പനിയാണെന്നു പൊതുജനങ്ങളെ വിശ്വസിപ്പിച്ചു ഭീമമായ തുക കുറഞ്ഞ പലിശയ്‌ക്ക് ഉദാരമായി വ്യവസ്‌ഥകളോടെ വാഗ്‌ദാനം ചെയ്‌തു രാജസ്‌ഥാനിലെ അജ്‌മീറിലെ കാപ്പിറ്റണ്‍ സൊല്യൂഷന്‍ ആന്‍ഡ്‌ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്‌ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്‌. പത്രമാധ്യമങ്ങള്‍ വഴിയും വെബ്‌സൈറ്റ്‌ മുഖേനയും അല്ലാതെയും പരസ്യം നല്‍കി തട്ടിപ്പ്‌ നടത്തുന്നതാണ്‌ പ്രതിയുടെയും സംഘത്തിന്റെയും രീതി. വായ്‌പ ആവശ്യമുള്ള ആളുകള്‍ ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ പ്രതികളുടെ സ്‌ഥാപനത്തിന്റെ വിവരങ്ങള്‍ ആദ്യം ലഭ്യമാക്കുന്ന വിധത്തില്‍ തയാറാക്കിയായിരുന്നു തട്ടിപ്പ്‌.
പ്രതിയും കേസിലെ രണ്ടു മുതല്‍ നാലുവരെ പ്രതികളും രാജസ്‌ഥാന്‍ സര്‍ക്കാരിന്റെ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും രാജസ്‌ഥാന്‍ ഷോപ്പ്‌സ് ആന്‍ഡ്‌ എസ്‌റ്റാബ്‌ളിഷ്‌മെന്റ്‌ ആക്‌ട് പ്രകാരമുള്ള രജിസ്‌ട്രേഷന്‍ സമ്പാദിച്ചശേഷം ഇതുപയോഗിച്ച്‌ സ്‌ഥാപനം തുടങ്ങി. ശേഷം വിവിധ ബാങ്കുകളില്‍ കറണ്ട്‌ അക്കൗണ്ട്‌ തുടങ്ങി, ഈ അക്കൗണ്ടുകളിലേക്ക്‌ സ്‌ഥാപനത്തെ സമീപിക്കുന്ന വ്യക്‌തികളെ സ്‌ഥാപനം ഒരു അംഗീകൃത സ്‌ഥാപനമാണെന്നു വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയിരുന്നത്‌. രാജ്യത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നു പണം തട്ടിപ്പ്‌ നടത്തിയ സംഘം കേരളം ഉള്‍പ്പടെ തെക്കേ ഇന്ത്യക്കാരെയാണു പ്രധാനമായും പറ്റിച്ച്‌ കോടികള്‍ കൈക്കലാക്കിയത്‌. പാലാരിവട്ടം പോലീസില്‍ ഡയറക്‌ട് സെയില്‍സ്‌ അസോസിയേറ്റായ മലയാളി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്.
ഇയാളും ഇയാള്‍ മുഖേന സമീപിച്ച ഏഴു പേരെയും വായ്‌പ സാങ്‌ഷനായി എന്നു പറഞ്ഞു പ്രോസസിങ്‌ ഫീസായും സര്‍വീസ്‌ ചാര്‍ജായും 24,47250 രൂപ തട്ടിയെടുത്തിരുന്നു. നോണ്‍ ബാങ്കിങ്‌ ഫിനാന്‍സ്‌ കമ്പനിക്ക്‌ ആര്‍.ബി.ഐയുടെ ലൈസന്‍സ്‌ നേടി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയു. എന്നാല്‍ തട്ടിപ്പുകാരുടെ സ്‌ഥാപനത്തിന്‌ ഇത്തരം ലൈസന്‍സില്ല. മുമ്പ്‌ ഇത്തരത്തില്‍ തട്ടിപ്പ്‌ നടത്തുന്ന സ്‌ഥാപനത്തില്‍ ജോലി ചെയ്‌ത പരിചയം പ്രതിക്കുണ്ടെന്നു പോലീസ്‌ പറഞ്ഞു. പ്രതിക്ക്‌ ഒമ്പതോളം ബാങ്ക്‌ അക്കൗണ്ടുകളുണ്ട്‌. കേസുമായി ബന്ധപ്പെട്ടു രണ്ടു അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ രണ്ടു കോടിയോളം രൂപ വിവിധ ആളുകളില്‍നിന്നും ചതി ചെയ്‌തു സമ്പാദിച്ചിട്ടുള്ളതായി സൂചനയുണ്ടെന്നു പോലീസ്‌ അറിയിച്ചു.
കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു പോലീസ്‌ അന്വേഷണം നടന്നത്‌. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഹിമേന്ദ്രനാഥ്‌ അജ്‌മീര്‍ പോലീസ്‌ സൂപ്രണ്ടുമായി ബന്ധപ്പെട്ട്‌ ഇവിടത്തെ പോലീസിന്റെ സഹായത്തോടെ അഞ്ചു ദിവസം അജ്‌മീറില്‍ തങ്ങിയാണ്‌ കേരള പോലീസ്‌ പ്രതിയെ പിടികൂടിയത്‌. എറണാകുളം എ.സി.പി. എസ്‌. സുരേഷിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം എസ്‌.എച്ച്‌.ഒ. എസ്‌. സനല്‍, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ സുരേഷ്‌, അനില്‍കുമാര്‍, സി.പി.ഒമാരായ മാഹിന്‍, രതീഷ്‌, സൈബര്‍ സെല്ലിലെ സി.പി.ഒ. സുധീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ് ചെയ്‌തത്‌.

Ads by Google
Advertisement
Sunday 17 Feb 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW