Friday, August 23, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.33 AM

വകുപ്പുകളുടെ ശീതസമരം

uploads/news/2019/02/288375/e1.jpg

കോലഞ്ചേരി: മാസങ്ങള്‍ക്ക്‌ മുമ്പ്‌ കുടിവെള്ള പൈപ്പുപൊട്ടി തകര്‍ന്ന റോഡ്‌ അധികൃതരുടെ അലംഭാവം മൂലം നന്നാക്കാതെ കിടക്കുന്നു. വാട്ടര്‍ അതോറിട്ടിയും പൊതുമരാമത്ത്‌ വകുപ്പും തമ്മിലുള്ള അധികാര വടംവലിയാണ്‌ മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ്‌ തകര്‍ന്ന്‌ കിടക്കുന്നതിന്‌ പിന്നിലെന്നാണ്‌ ആക്ഷേപം. വാട്ടര്‍ അതോറിട്ടി ഓഫീസിന്‌ മുമ്പിലാണ്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പൈപ്പ്‌ പൊട്ടി ഇവിടെ വിരിച്ചിരുന്ന ടൈല്‍ ഇളകി മാറി റോഡ്‌ തകര്‍ന്നത്‌.
തകര്‍ന്ന റോഡ്‌ നന്നാക്കുന്നതിന്‌ പകരം ഇവിടെ വേലി കെട്ടി തിരിച്ചിട്ടിരിക്കുകയാണ്‌ അധികൃതര്‍. ഇതുമൂലം ഇതിലൂടെയുള്ള വാഹനഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്‌. ഇവിടെ ടൈല്‍ മൊത്തം മാറ്റി നിര്‍മ്മാണം നടത്തുന്നതിനുള്ള തുക വാട്ടര്‍ അതോറിട്ടി കെട്ടിവെക്കാതെ റോഡ്‌ നന്നാക്കില്ലെന്നാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ നിലപാട്‌. എന്നാല്‍ പൈപ്പ്‌ പൊട്ടിയ ഭാഗത്തെ മാത്രം ടൈല്‍ വിരിക്കാനുള്ള തുക നല്‍കാമെന്ന്‌ വാട്ടര്‍ അതോറിട്ടിയും നിലപാടെടുത്തതോടെയാണ്‌ നിര്‍മ്മാണം അനിശ്‌ചിതത്വത്തിലായതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. രാമമംഗലം മുതല്‍ ചൂണ്ടി വരെ പൈപ്പ്‌ ലൈന്‍ മാറ്റി സ്‌ഥാപിക്കുന്നതിനായി വര്‍ഷങ്ങളോളം ഈ റോഡ്‌ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയായിരുന്നു.
നിരവധി പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ അടുത്തിടെയാണ്‌ ഈ റോഡ്‌ ടാറിങ്‌ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്‌.
വാട്ടര്‍ അതോറിട്ടി ഓഫീസിന്‌ മുമ്പിലുള്ള പഴയ പൈപ്പ്‌ ഇടക്കിടെ പൊട്ടി റോഡു തകരുന്നതുമൂലമാണ്‌ ഇവിടെ ടൈല്‍ വിരിച്ചത്‌. ഇതാണ്‌ ഇപ്പോള്‍ തകര്‍ന്ന്‌ കിടക്കുന്നത്‌.
ശാസ്‌താംമുകള്‍, ചോറ്റാനിക്കര ഭാഗത്തേക്കുള്ള കുടിവെള്ള വിതരണ പൈപ്പാണ്‌ പൊട്ടിയിരിക്കുന്നത്‌. ഇത്‌ നന്നാക്കുന്നതിന്‌ പകരം പുത്തന്‍കുരിശില്‍ നിന്നും മറ്റൊരു പൈപ്പുമായി ബന്ധിപ്പിച്ച്‌ കുടിവെള്ള വിതരണം പുനസ്‌ഥാപിച്ചാണ്‌ വാട്ടര്‍ അതോറിട്ടി പൊതുമരാമത്ത്‌ വകുപ്പിനോട്‌ കണക്ക്‌ തീര്‍ത്തത്‌. ഇതു മൂലം കുടിവെള്ള വിതരണം തടസപ്പെട്ടുവെന്നുള്ള പഴിയും വാട്ടര്‍ അതോറിട്ടിക്ക്‌ കേള്‍ക്കേണ്ടി വന്നില്ല.
ദേശീയപാതയില്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളിലെല്ലാം പൈപ്പ്‌ പൊട്ടിയാല്‍ ഇത്തരത്തില്‍ ഇരു വകുപ്പുകളുടേയും പിടിവാശി മൂലം ജനം ദുരിതത്തിലായ നിരവധി സംഭവങ്ങളും അരങ്ങേറിയിട്ടുമുണ്ട്‌.
എത്രയും വേഗം റോഡില്‍ ടൈല്‍ വിരിച്ച്‌ സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 16 Feb 2019 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW