Wednesday, August 21, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.32 AM

പഞ്ചായത്തിന്റെ മൂക്കിനുതാഴെ തോട്‌ കൈയേറി കെട്ടിടനിര്‍മ്മാണം

വാഴക്കുളം: കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന്റെ തൊട്ടടുത്ത്‌ അനധികൃത ഷോപ്പിംഗ്‌ കോംപ്ലക്‌സ് ഉയര്‍ന്നു.
പഞ്ചായത്ത്‌ ഓഫീസില്‍ നിന്ന്‌ നൂറു മീറ്റര്‍ മാത്രം മാറി പോലീസ്‌ സ്‌റ്റേഷനു നേരെ എതിരായി മൂന്നുനിലക്കെട്ടിടം പണിതീര്‍ത്തത്‌ രണ്ടു മാസം കൊണ്ട്‌. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം പഞ്ചായത്ത്‌ അനുമതി നിഷേധിച്ച സ്‌ഥലത്ത്‌ തോടുപുറമ്പോക്ക്‌ കൈയേറിയാണ്‌ കെട്ടിടം നിര്‍മിച്ചത്‌.
വിവരാവകാശ നിയമപ്രകാരം സ്വകാര്യ വ്യക്‌തി നല്‍കിയ അപേക്ഷക്ക്‌ മറുപടിയായി നിയമപ്രകാരം ആര്‍.ഡി.ഒ. അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഇവിടെ കെട്ടിട നിര്‍മാണത്തിന്‌ അനുമതി നിഷേധിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി മറുപടി നല്‍കിയിരുന്നു.
പരാതിക്കാര്‍ നേരിട്ട്‌ പഞ്ചായത്ത്‌ ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി തൊട്ടുചേര്‍ന്നുള്ള സ്‌ഥലത്തെത്തി നിര്‍മാണം നിറുത്തി വക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.
പഞ്ചായത്ത്‌ ഓഫീസില്‍ നിന്ന്‌ നൂറു മീറ്റര്‍ മാത്രം അകലെയുള്ള പാടശേഖരത്തിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ കൈയേറുന്നതിനെതിരെ കഴിഞ്ഞ ഡിസംബറില്‍ പഞ്ചായത്തിലും വില്ലേജ്‌ ഓഫീസിലും പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്‌ഥര്‍ അനങ്ങിയില്ലെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഇതു മുതലാക്കി ഉടമ പെട്ടെന്ന്‌ പണി തീര്‍ക്കുകയും ചെയ്‌തു.
ഈ മാസം ആദ്യം വിവരാവകാശ നിയമപ്രകാരം വിശദീകരണം നല്‍കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പഞ്ചായത്ത്‌ ഇക്കാര്യത്തില്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയതായി അറിവില്ല. കാര്‍ഷിക മേഖലയായ കല്ലൂര്‍ക്കാട്‌ ഇപ്പോഴും നെല്‍കൃഷി നടക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പാടശേഖരത്തിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ കൈയേറി കെട്ടിടം നിര്‍മിച്ചത്‌ ചര്‍ച്ചയാകുന്നത്‌.

Ads by Google
Advertisement
Saturday 16 Feb 2019 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW