Tuesday, August 20, 2019 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.44 AM

ആദിവാസി വേട്ട: പോലീസിനെതിരേ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

uploads/news/2018/10/256196/Wyndnes121018a.jpg

മാനന്തവാടി: മാനന്തവാടി ചുണ്ടക്കുന്ന് ആദിവാസി ഊരിലെ യുവാക്കളെ പോലീസ് മര്‍ദ്ധിച്ചതില്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരെയുള്ള വിദ്യാര്‍ത്ഥിയുവജന കൂട്ടായ്മ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ സ്വപ്‌നേഷ് ബാബു നാടകം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ.പൗരന്‍ മുഖ്യ പ്രഭാഷണം നടത്തി.

കേരള പോലീസിനകത്ത് 953 ക്രിമിനലുകള്‍ ഉണ്ടെന്നും അതില്‍ തന്നെ 50 ഓളം കൊടും ക്രിമിനലുകളുണ്ടെന്നുമുള്ള നിയമസഭ രേഖയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ടായ്മ കണ്‍വീനര്‍ ശ്രീകാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സിപി റഷീദ് (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), തങ്കമ്മ (ആദിവാസി സമര കേന്ദ്രം), ഷാന്റോ ലാല്‍ (പോരാട്ടം), സി.പി. ജിഷാദ്, റഹ്മ തൈപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

*** ആദിവാസികളുടെ പേരില്‍ പണപിരിവ്: ആറുപേര്‍ക്കെതിരേ പോലീസ് കേസ്
മാനന്തവാടി: ചുണ്ടക്കുന്ന് കോളനിയിലെ പോലീസ് അതിക്രമം അവസാനിപ്പിക്കുകയെന്ന് പറഞ്ഞ് ആദിവസികളുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന കുറ്റം ചുമത്തി മാനന്തവാടി പോലീസ് കണ്ടാലറിയാവുന്ന 6 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞദിവസങ്ങളില്‍ മാനന്തവാടി കേന്ദ്രീകരിച്ച് ആദിവാസികളുടെ പേരില്‍ വന്‍തോതില്‍ നടന്ന പണപ്പിരിവിനെതിരെയാണ് ഇതേ കോളനിവാസികളുടെ പരാതി പ്രകാരം വിശ്വാസ വഞ്ചനയ്ക്കും, ചതിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞമാസം ക്ലബ്ബ് കുന്നിലെ കോളനിക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ പോലീസ് സ്ഥലത്ത് പോയതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയുമായി ബന്ധപ്പെട്ട് കോളനിക്കാര്‍ പരാതി പിന്‍വലിച്ചതാണ്. എന്നാല്‍ ആ സംഭവം വീണ്ടും കുത്തിപ്പൊക്കി പോലീസിനെതിരെ തിരിച്ചുവിടാന്‍ ചില തല്‍പ്പര കക്ഷികള്‍ വീണ്ടും ശ്രമിക്കുകയാണെന്ന് പോലീസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കഴിഞ്ഞദിവസം വൈകുന്നേരം ആറംഗ സംഘം കോളനിയില്‍ പോകുകയും ആദിവാസികള്‍ക്ക് എതിരായ ആക്രമത്തിനെതിരായി നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കണമെന്നും കോളനിക്കാരോട് ഭീഷണി സ്വരത്തില്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ആറംഗസംഘം ടൗണില്‍ പിരിവ് നടത്തിയതായുമാണ് പരാതി. കോളനിയിലെ ബിനു ഗോപാലന്‍ എന്നയാള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

*** പോലീസ് നുണപ്രചരിപ്പിക്കുവെന്ന് വിദ്യാര്‍ഥി-യുവജനകൂട്ടായ്മ
കല്‍പ്പറ്റ: കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ രൂപീകരിച്ച വിദ്യാര്‍ത്ഥി -യുവജന കൂട്ടായ്മക്കെതിരേ പോലീസ് നുണപ്രചരണം നടത്തുകയാണെന്ന് കൂട്ടായ്മ കണ്‍വനീര്‍ പി.ജി. ഹരി പ്രസ്താവനയില്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 21 പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. നിരന്തരം പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തി അതിനെതിരെ പ്രതിരോധം ഉയര്‍ത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ കൂട്ടായ്മ രൂപീകരിക്കുന്നത്.

മാനന്തവാടി ചുണ്ടക്കുന്ന് ഊരില്‍ കഴിഞ്ഞ സെപ്തംബര്‍ 16 നു കുടുംബ വഴക്കു തീര്‍ക്കാന്‍ എത്തിയ മാനന്തവാടി പോലീസ് ആദിവാസി യുവാക്കളെ അകാരണമായി മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഈ കേസ് പിന്നീട് രാഷ്ട്രീയപാര്‍ട്ടികള്‍ ചേര്‍ന്ന് പോലീസിന് അനുകൂലമായി ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ആദിവാസി വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി ഒക്‌ടോബര്‍ പത്തിന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ഇതിനിടയില്‍ കോണ്‍വെന്റ് കുന്നിലെ ബിനു ഗോപാലന്‍ എന്നയാളുടെ പരാതിയില്‍ കോളനിവാസികളുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് വഞ്ചനയ്ക്കും ഭീഷണിക്കും കേസെടുത്തിരിക്കുന്നതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതിഷേധ യോഗത്തിന്റെ ചിലവിനു ആവശ്യമായ പണം മാനന്തവാടി ടൗണില്‍ നിന്നും തന്നെയാണ് പിരിച്ചത്.

ആരെയെങ്കിലും ഭീഷണിപ്പെടുത്തി പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയോ കോളനിക്കാരുടെ പേരില്‍ പണപ്പിരിവ് നടത്തുകയോ ചെയ്തിട്ടില്ല. 20 രൂപയുടെ കൂപ്പണും റസീതും നല്‍കിയാണ് പണം പിരിച്ചത്. മറിച്ചുള്ള പോലീസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ഗൂഢ താല്‍പ്പര്യത്തോട് കൂടിയുള്ളതുമാണെന്നും പി.ജി. ഹരി ആരോപിച്ചു.

Ads by Google
Advertisement
Friday 12 Oct 2018 11.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW