Tuesday, August 20, 2019 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
ശശി നേര്യമംഗലം , സോണി നെല്ലിയാനി
Friday 12 Oct 2018 11.05 AM

ചെമ്പന്‍കുഴി ഉരുള്‍പൊട്ടല്‍ ; ലക്ഷങ്ങളുടെ നാശം

uploads/news/2018/10/256181/Ekmnsw121018a.jpg

കോതമംഗലം: നീണ്ടപാറ ചെമ്പന്‍കുഴിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. തലനാരിഴ വ്യത്യാസത്തിലാണ് നിരവധി ജീവനുകള്‍ രക്ഷപെട്ടത്. പ്രളയം തകര്‍ത്താടിയ മലയോരമേഖലയ്ക്ക് വീണ്ടും ദുരിതം വിതച്ചാണ് പ്രകൃതി സംഹാരതാണ്ഡവമാടിയത്.

വന മധ്യത്തിലുള്ള നകരംപാറമുടി എന്ന വലിയ മലയുടെ മുകള്‍ഭാഗത്ത് നിന്നാണ് ഏകദേശം ഒരു കിലോമീറ്ററോളം താഴേക്ക് ഉരുള്‍ പൊട്ടിയിറങ്ങിയത്. വലിയ പാറകള്‍ പൊട്ടിയടര്‍ന്നും വന്‍മരങ്ങള്‍ പിഴുതെടുത്തും താഴേക്ക് കുതിച്ച മലവെള്ളം ജനവാസഭൂമിയിലെ സര്‍വതും തുടച്ചുനീക്കി. വൈകിട്ടോടെ മേഖലയിലാരംഭിച്ച കനത്ത മഴ മണിക്കൂറുകള്‍ പിന്നിട്ടതോടെ രൗദ്രഭാവം കൈവരിച്ചു. ഏഴരയോടെ അസ്വഭാവികമായ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടതായി സ്ഥലവാസികള്‍ പറയുന്നു.

ഉരുള്‍പൊട്ടി വന്ന സ്ഥലത്തിന് സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട് കവിഞ്ഞതാകാമെന്നാണ് കരുതിയത്. ഒഴുകിയെത്തിയ വെള്ളത്തില്‍ കൊച്ചുതൊട്ടിയില്‍ തോമസിന്റെ വീടിന്റെ ഏതാനും ഭാഗം തകര്‍ന്നു. പശുത്തൊഴുത്ത് തകര്‍ത്ത് പാഞ്ഞ വെള്ളം ഇതിലുണ്ടായിരുന്ന പശുവിനെയും മൂന്നുമാസം പ്രായമായ കിടാവിനെയും ഒഴുക്കിക്കൊണ്ടുപോയി. വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഐറിസ് ഓട്ടോറിക്ഷയും ഒഴുക്കില്‍പ്പെട്ടു. പശുവിനെ ചത്ത നിലയിലും ഓട്ടോറിക്ഷ തകര്‍ന്ന നിലയിലും പിന്നീട് കണ്ടെത്തി. കിടാരിയെ ഇനിയും കണ്ടെത്താനായിട്ടില്ല. റബര്‍ ഷീറ്റ് മെഷീന്‍പുരയും മലവെള്ളപ്പാച്ചിലില്‍ നശിച്ചു. ഇവരുടെ മാത്രം ഒരേക്കറോളം ഭൂമിയാണ് ഇല്ലാതായത്. സമീപവാസികളുടെ സ്ഥലവും ഉരുള്‍പൊട്ടലില്‍ ഉപയോഗശൂന്യമായി.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രാത്രി തന്നെ കൊച്ചുതൊട്ടിയില്‍ തോമസ്, ജോളി ഇല്ലത്തുകുടി, കിഴക്കേടത്ത് വേലപ്പന്‍നായര്‍, കുന്നുമ്മേല്‍ പൗലോസ്, പണ്ടാരത്തില്‍ ഷിബു എന്നിവരുടെ കുടുംബങ്ങളെ നീണ്ടപാറ സെന്റ് മേരീസ് പള്ളിയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് എല്‍.പി. സ്‌കൂളിലേക്ക് മാറ്റിയിരുന്നു. 21 പേരാണ് ഇവിടെയുള്ളത്. കാര്‍ഷിക നാശം വിലയിരുത്തേണ്ടതുണ്ടെന്നും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കരുതാമെന്നും സ്ഥലത്തെത്തിയ മൂവാറ്റുപുഴ ആര്‍.ഡി.ഒ. എം.ടി.അനില്‍കുമാര്‍ പറഞ്ഞു. വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിക്കുമെന്ന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ആന്റണി ജോണ്‍ എം.എല്‍.എ. അറിയിച്ചു.

കോതമംഗലം തഹസീല്‍ദാര്‍ എം.ടി. ലാലു, പഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി, വൈസ് പ്രസിഡന്റ് ജോസ് ഉലഹന്നാന്‍, വാര്‍ഡംഗം ആശ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം സെലീന ജോണ്‍, ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി, കോതമംഗലം രൂപത സോഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍ റവ. ഡോ. തോമസ് പറയിടം, രൂപത ചാന്‍സിലര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍, നീണ്ടപാറ സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു അരീക്കാട്ട്, തട്ടേക്കണ്ണി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഡൊമിനിക് കാരുവേലില്‍, ചെമ്പന്‍കുഴി സെന്റ് ജോണ്‍സ് യാക്കോബായ പള്ളി വികാരി ഫാ. പൗലോസ് ഒറവമ്മാലില്‍, സി.പി.എം. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, റെഡ്‌ക്രോസ് താലൂക്ക് ചെയര്‍മാന്‍ ജോര്‍ജ് എടപ്പാറ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

***തുലാവര്‍ഷഭീതിയില്‍ കിഴക്കന്‍മേഖല; പ്രകൃതിദുരന്തം തുടര്‍ക്കഥ
നേര്യമംഗലം: തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ കിഴക്കന്‍മേഖല നിവാസികള്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും കിഴക്കന്‍ മലയോര മേഖലകള്‍ക്ക് സാരമായ നഷ്ടം സംഭവിച്ചിരുന്നു. ജനജീവിതം ദുസഹമാക്കിയ ഈ നാളുകള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന സുചനയാണ് കഴിഞ്ഞ ദിവസം നേര്യമംഗലത്തിനു സമീപമുണ്ടായ വന്‍ ഉരുള്‍പൊട്ടല്‍.

ആരും പ്രതീക്ഷിക്കതിരുന്ന സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടല്‍ ഈ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അപ്രതീക്ഷിത പ്രകൃതിദുരന്തം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും അമ്പരപ്പിലാക്കി. നേര്യമംഗലം-ഇടുക്കി റോഡിലെ നീണ്ടപാറ വരെയുള്ള ഭാഗത്ത് വലതുഭാഗം വനഭൂമിയാണ്.

ഇടതുവശത്താണ് കാര്‍ഷിക ഭൂമിയും മനുഷ്യവാസവുമുള്ളത്. ഈ ഭാഗത്തെല്ലാം തന്നെ ഏതാണ്ട് അര നൂറ്റാണ്ടായി ജനങ്ങള്‍ താമസിച്ചുവരുന്നു. ഇവിടെയൊന്നും പ്രകൃതിയെ മുറിവേല്‍പ്പിച്ചുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താറുമില്ല. റബറും കൊക്കോയും പോലുള്ളവയാണ് കൃഷികളിലേറെയും. നീണ്ടപാറ റോഡില്‍ തൊണ്ണൂറ് സെന്റ് കോളനിക്കു സമീപം ഭൂമിക്ക് ഉണ്ടായിട്ടുള്ള വലിയ വിള്ളലാണ് ഇപ്പോള്‍ മറ്റൊരു ഭീഷണി. നേര്യമംഗലത്തിനു മറുവശം ദേവിയാര്‍ പുഴയുടെ ഭാഗമായുള്ള കാഞ്ഞിരവേലിയിലാണ് മണ്ണിടിച്ചിലുണ്ടായിട്ടുള്ളത്.

കഴിഞ്ഞ പ്രളയത്തിനു ഏറെ നാശം സംഭവിച്ച ഒരു സ്ഥലമാണിത്. ഇവിടെ പ്രകൃതി ചൂഷണം വ്യാപകമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മലകള്‍ ഇടിച്ചുനിരത്തിയത് ഇപ്പോള്‍ പ്രകൃതി ക്ഷോഭം വിളിച്ചുവരുത്തുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ മഴയില്‍ നേര്യമംഗലം ഇടുക്കി-റോഡില്‍ ഒട്ടേറെ സ്ഥലത്താണ് റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞ് വീണിട്ടുള്ളത്. പലയിടത്തും മരങ്ങള്‍ അപകടാവസ്ഥയിലുണ്ട്.

അടിക്കടി ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പ്രദേശത്തെ കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിനു പുറമെ വ്യാപകമായ കൃഷിനാശവും സാധാരണമാണ്. കൃഷി മുഖ്യ ഉപജീവന മാര്‍ഗമായ ഇവര്‍ക്ക് ഇത് വന്‍ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുന്നു.

പ്രകൃതിക്ഷോഭങ്ങളില്‍ വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചാലും പേരിനുമാത്രമുള്ള നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. വൈദ്യുതി മുടക്കവും വാര്‍ത്താവിനിമയ ബന്ധങ്ങളുടെ തകരാറും ഇവിടെ നിത്യസംഭവമാണ്. റോഡുകള്‍ ഇടിഞ്ഞു താഴ്ന്നതോടെ ഗതാഗത സൗകര്യവും കുറഞ്ഞു. തുലാവര്‍ഷം കനക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഭീതിയോടെയാണ് മലയോര കാര്‍ഷിക മേഖല ശ്രവിക്കുന്നത്.

*** മരം വരമായി; ഒട്ടേറെ ജീവന്‍ രക്ഷപ്പെട്ടു
്‌നേര്യമംഗലം: ഉരുള്‍പൊട്ടലില്‍ പിഴുതുവന്ന വന്‍മരങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ചെമ്പന്‍കുഴി അനേകരുടെ ജീവനെടുക്കുമായിരുന്നു. മുകളില്‍ നിന്ന് കുതിച്ചെത്തിയ രണ്ട് വന്‍മരങ്ങള്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിലങ്ങിയതോടെ വെള്ളം രണ്ടായി പകുത്ത് ഒഴുകുകയായിരുന്നു.

ഇത്് കുത്തൊഴുക്ക് തടയുന്നതിനും വന്‍തോതില്‍ താഴ്ഭാഗങ്ങളിലെ വീടുകളിലേക്ക് ജലം കുതിച്ചെത്തുന്നത് തടയുകയും ചെയ്തു. മരം തടസം നിന്നതോടെ മലവെള്ളത്തിന്റെ ഒഴുക്കും നിയന്ത്രിക്കാനായി. ഇത് വീടുകളിലേക്ക് ഉരുള്‍വെള്ളം നേരിട്ട് ഒഴുകിയെത്താതിരിക്കാന്‍ ഇടയാക്കി. മലവെള്ളം ഒറ്റയടിക്ക് ഒഴുകിയെത്തിയിരുന്നുവെങ്കില്‍ വന്‍ ദുരന്തമായി മാറിയേനെ. നാട്ടുകാര്‍ക്ക് ഇത് സങ്കല്‍പ്പിക്കാന്‍ പോലുമാവുന്നില്ല.

കൊച്ചുതൊട്ടിയില്‍ തോമസിന്റെയും കിഴക്കേടത്ത് വേലപ്പന്‍നായരുടെയും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും തോമസിന്റെ വീടിന് തകരാര്‍ സംഭവിക്കുകയും ചെയ്തപ്പോഴാണ് എന്തോ ആപത്ത് സംഭവിച്ചു എന്ന് പരിസരവാസികള്‍ക്ക് മനസിലാകുന്നത്.

ഈ സമയം എണ്‍പത് വയസായ തോമസിനൊപ്പം എഴുപത്തെട്ടുകാരിയായ ഭാര്യ മറിയം, മകന്‍ സണ്ണിയുടെ ഭാര്യ ആന്‍സി, മക്കളായ റാണി, തോമസ് എന്നിവരും കിഴക്കേടത്ത് വീട്ടില്‍ വേലപ്പന്‍ നായരും മകന്‍ സുകുവുമുണ്ടായിരുന്നു. തോമസിന് പരസഹായമില്ലാതെ നടക്കാനാവില്ല.

ത്രേസ്യ വാക്കറിന്റെ സഹായത്താലാണ് നടക്കുന്നത്. ഇവരുടെ വീടിന്റെ മുറ്റം നിറയെ എക്കല്‍ അടിഞ്ഞ നിലയിലാണ്. പരിസരത്തെ വൈദ്യുതി ബന്ധവും നിലച്ചു.

Ads by Google
Advertisement
ശശി നേര്യമംഗലം , സോണി നെല്ലിയാനി
Friday 12 Oct 2018 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW