Monday, August 19, 2019 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 11 Oct 2018 12.16 AM

ശബരിമല: പ്രതിഷേധം ശക്‌തം ആറിടങ്ങളില്‍ റോഡ്‌ ഉപരോധിച്ചു

uploads/news/2018/10/255708/1.jpg

ആലപ്പുഴ: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭക്‌തജനങ്ങളുടെ നാമജപ പ്രതിഷേധ ഘോഷയാത്രകള്‍ തുടരുന്നതിനിടെ സമരമുറ കടുപ്പിച്ച്‌ റോഡ്‌ ഉപരോധങ്ങള്‍. സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്ന്‌ രൂപീകരിച്ച ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ ഉടനീളം ഇന്നലെ നടന്ന ഒരു മണിക്കൂര്‍ ഉപരോധത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ആറിടങ്ങളില്‍ സമരം നടന്നു. ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്‌, മാവേലിക്കര, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ്‌ രാവിലെ 11മുതല്‍ 12 വരെ പ്രധാന റോഡുകള്‍ ഉപരോധിച്ചത്‌. ചേര്‍ത്തലയിലേയും ആലപ്പുഴയിലേയും ഉപരോധം ദേശീയപാതയില്‍ ഗതാഗതം സ്‌തംഭിപ്പിച്ചു.
സമാന്തര പാതകളിലൂടെ വാഹനങ്ങള്‍ ധാരാളമായി കടന്നുപോകാന്‍ ശ്രമിച്ചതോടെ കളര്‍കോട്‌-പുന്നപ്ര പഴയനടക്കാവ്‌ റോഡില്‍ ഉള്‍പ്പടെ വന്‍ ഗതാഗത കുരുക്ക്‌ രൂപപ്പെട്ടു. ആലപ്പുഴ ചങ്ങനാശേരി ജങ്‌ഷനില്‍ നടന്ന ഉപരോധത്തില്‍ നൂറുകണക്കിന്‌ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വിശ്വാസികളും അണിനിരന്നു. അയ്യപ്പ സേവാ സമാജം ജില്ലാ പ്രസിഡന്റ്‌ ആര്‍.രുദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ സമരത്തിന്റെ ഭാഗമായി എ.സി റോഡാണ്‌ ഉപരോധിച്ചത്‌. രാവിലെ 11 നു രാമങ്കരി ജങ്‌ഷനില്‍ ആരംഭിച്ച സമരം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. മഹിള ഐക്യവേദി താലൂക്ക്‌ പ്രസിഡന്റ്‌ മിനി രാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്‌.എസ്‌ ജില്ലാ കാര്യവാഹക്‌ എ.വി.ഷിജു, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സി.എന്‍.ജിനു, കെ.ബിജു, ഡി.പ്രസന്നകുമാര്‍, ടി.കെ.അരവിന്ദാക്ഷന്‍, എം.ആര്‍.സജീവ്‌, കെ.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന്‌ അയ്യപ്പഭക്‌തര്‍ പങ്കെടുത്തു.
ചേര്‍ത്തലയില്‍ ചേര്‍ത്തല, പാണാവള്ളി, തുറവൂര്‍ എന്നീപ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്‌ എക്‌സറേ കവല ഉപരോധിച്ചത്‌. ബ്രാഹ്‌മണസമൂഹമഠം, റെയില്‍വേ സ്‌റ്റേഷന്‍, കെ.വി.എം ആശുപത്രിക്ക്‌ സമീപം എന്നിവിടങ്ങളില്‍ നിന്ന്‌ ശരണം വിളികളോടെ എത്തിയ സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന്‌ ഭക്‌തര്‍ റോഡില്‍ കുത്തിയിരുന്നു. ശരണംവിളിച്ചും അയ്യപ്പ നാമം ജപിച്ചുമായിരുന്നു പ്രതിഷേധം.
താലൂക്ക്‌ എന്‍.എസ്‌.എസ്‌ യൂണിയന്‍ ഭാരവാഹികള്‍ സമരക്കാര്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായെത്തി. യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്‌ണന്‍ നായര്‍ അയ്യപ്പന്റെ ചിത്രത്തിന്‌ മുന്നില്‍ വിളക്ക്‌ തെളിച്ച്‌ തേങ്ങയുടച്ചു. തുടര്‍ന്ന്‌ ചേര്‍ന്ന സമ്മേളനം ആലപ്പുഴ അനന്തനാരായണപുരം തുറവൂര്‍ തിരുമലദേവസ്വം പ്രസിഡന്റ്‌ എച്ച്‌. പ്രേംകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദു ഐക്യവേദി സംസ്‌ഥാന സമിതി അംഗം വി.എസ്‌ രാജന്‍ അധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.എ പുരുഷോത്തമന്‍, സിനീഷ്‌ മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹരിപ്പാട്‌: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ടും സംസ്‌ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയും സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. ഇന്നലെ രാവിലെ 11 ന്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡിന്‌ തെക്ക്‌ ഭാഗത്ത്‌ ഒരു മണിക്കൂര്‍ നേരമാണ്‌ ദേശീയപാത ഉപരോധിച്ചത്‌. മൂന്നു സംഘങ്ങളായാണ്‌ നാമജപ ഘോഷയാത്ര ഉപരോധ സ്‌ഥലത്തേക്ക്‌ എത്തിയത്‌. ചെറുതന, കരുവാറ്റ, കുമാരപുരം ഗ്രാമപഞ്ചായത്തുകളില്‍ നിന്നെത്തിയവര്‍ ഗാന്ധിസ്‌ക്വയറില്‍ കേന്ദ്രീകരിച്ചു. ഹരിപ്പാട്‌, പള്ളിപ്പാട്‌, ചേപ്പാട്‌ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആര്‍.കെ ജങ്‌ഷന്‌ കിഴക്ക്‌ വശവും മുതുകുളം, ചിങ്ങോലി, കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പിത്തമ്പില്‍ ക്ഷേത്രത്തില്‍ കേന്ദ്രീകരിച്ച ശേഷവുമാണ്‌ ദേശീയപാതയിലേക്ക്‌ എത്തിയത്‌. അയ്യപ്പന്റെ ചിത്രത്തില്‍ മാല ചാര്‍ത്തിയ ശേഷം ഉപരോധം തുടങ്ങുന്നതിന്‌ മുമ്പ്‌ റോഡില്‍ നാളികേരം ഉടച്ചു. ഉപരോധം അവസാനിപ്പിച്ചതും നാളികേരം ഉടച്ചായിരുന്നു. ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറി രമേശ്‌ ഉമ്പര്‍നാട്‌ പ്രസംഗിച്ചു.

മാവേലിക്കര: സംഘപരിവാര്‍ സംഘടനകള്‍ മിച്ചല്‍ ജങ്‌ഷനില്‍ ഉപരോധ സമരം നടത്തി. ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പ്രകടനമായി എത്തിയാണ്‌ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചത്‌. 11.30 ഓടെ ആരംഭിച്ച ഉപരോധം ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ഇതോടെ നഗരത്തിലെ ഗതാഗതം താറുമാറായി.
വിശ്വഹിന്ദു പരിഷത്ത്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ വി.ആര്‍.രാജശേഖരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദു ഐക്യവേദി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്‌ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണിക്കൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്‌.മോഹനന്‍, അനില്‍ വള്ളികുന്നം,സുദര്‍ശന്‍, ആര്‍.പ്രഭാകരന്‍, കെ.ജയപ്രകാശ്‌, ശ്രീജേഷ്‌ മുരളീധരന്‍, പി.സൂര്യകുമാര്‍, എന്‍.രാജന്‍, എം.വി.വിനോദ്‌, എ.സി.പ്രസന്നന്‍, ബിന്ദുശിവരാജന്‍, ഇ.കെ.ബിജു, എസ്‌.സജി, ഗിരിജാഓമനക്കുട്ടന്‍, മധു.ചുനക്കര, പീയുഷ്‌, ഇന്ദിരാമുരളി എന്നിവര്‍ പങ്കെടുത്തു.

ചെങ്ങന്നൂര്‍: ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡ്‌ ഉപരോധിച്ചു. വണ്ടിമല ജങ്‌ഷനില്‍ നിന്ന്‌ നാമജപത്തോടെ പ്രകടനമായി വന്ന പ്രവര്‍ത്തകര്‍ ബഥേല്‍ കവലയാണ്‌ ഉപരോധിച്ചത്‌. അയ്യപ്പന്റെ ചിത്രത്തില്‍ മാലയിട്ട ശേഷമായിരുന്നു ഉപരോധം. ശില്‍പി തൃപ്പല്ലൂര്‍ സദാശിവനാചാരി ചിത്രത്തിന്‌ മുന്നില്‍ തേങ്ങയുടച്ചു. ഉപരോധം ബാലഗോകുലം സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ വി.ജെ.രാജ്‌മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍.സനു അധ്യക്ഷത വഹിച്ചു. സി.ബാബു, ജി.സുധീഷ്‌, പ്രവീണ്‍ പവിത്രം, ബാബു കല്ലിശേരി, വി.കെ.ചന്ദ്രന്‍, എസ്‌.വി.പ്രസാദ്‌, സജു ഇടക്കല്ലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നാമജപഘോഷയാത്ര

മാവേലിക്കര: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.എസ്‌.എസ്‌ താലൂക്ക്‌ യൂണിയന്റ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ നാമജപഘോഷയാത്ര നടത്തി. പുതിയകാവ്‌ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ മുന്നില്‍ സമാപിച്ചു. യൂണിയന്‍ പ്രസിഡന്റ്‌ ടി.കെ.പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Thursday 11 Oct 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW