Monday, August 19, 2019 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 12.26 AM

ഏഴഴകോടെ തിരിച്ചുവരാന്‍ ഏഴാറ്റുമുഖം

uploads/news/2018/09/247825/1.jpg

അങ്കമാലി: പ്രകൃതി കനിഞ്ഞു നല്‍കിയ സൗന്ദര്യമാണ്‌ ഏഴാറ്റുമുഖത്തിന്റെ വശ്യത. അതിനോട്‌ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത സൗന്ദര്യ വല്‍ക്കരണവും കൂടി ആയപ്പോള്‍ സഞ്ചാരികളുടെ മധ്യ കേരളത്തിലെ പ്രിയപ്പെട്ട സ്‌ഥലങ്ങളില്‍ ഒന്നായി ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം എഴുതി ചേര്‍ക്കപ്പെട്ടു. എന്നാല്‍ കേരളത്തെ തകര്‍ത്ത പ്രളയ ജലം ഏഴാറ്റുമുഖത്തിന്റെ സൗന്ദര്യത്തിനും പോറലേല്‍പ്പിച്ചു.
കഴിഞ്ഞ അമ്പതു ദിവസത്തിനിടയില്‍ വെറും നാല്‌ ദിവസം മാത്രം തുറന്നു പ്രവര്‍ത്തിച്ച പ്രകൃതി ഗ്രാമം മഹാപ്രളയത്തിന്‌ ശേഷം പിന്നീട്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുമില്ല. പ്രളയത്തിന്റെ നഷ്‌ടക്കണക്കുകള്‍ സങ്കടത്തോടെ ഓര്‍ക്കുമ്പോഴും ഓണം എന്ന ഏറ്റവും പ്രധാനപ്പെട്ട സമയത്തെ സഞ്ചാരികളെ വരവേല്‍ക്കാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും ഏഴാറ്റുമുഖത്തെ വേട്ടയാടുന്നുണ്ട്‌. പ്രളയം നല്‍കിയ നാശനഷ്‌ടങ്ങളെ അതിജീവിച്ച്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും ഒരു മാസമെങ്കിലും വേണ്ടി വരും ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാന്‍.
അമ്പതു ലക്ഷത്തോളം രൂപയുടെ നഷ്‌ടം പ്രകൃതി ഗ്രാമത്തിനു പ്രളയത്തില്‍ ഉണ്ടായിട്ടുണ്ട്‌. സൗന്ദര്യ വല്‍ക്കരണത്തിനു ഒരു കോടി രൂപ ആറുമാസം മുന്‍പ്‌ എം എല്‍ എ അനുവദനിച്ചെങ്കിലും ഇപ്പോള്‍ അതെല്ലാം അപര്യാപ്‌തമാണ്‌.
കടപുഴകിയെത്തിയ വന്‍ മരങ്ങള്‍

കട പുഴകിയെത്തിയ വന്‍ മരങ്ങളാണ്‌ പ്രകൃതി ഗ്രാമത്തിന്‌ കൂടുതല്‍ പരുക്ക്‌ നല്‍കിയത്‌. സഞ്ചാരികള്‍ നടന്നു പോകുന്ന വഴിയുടെ പലയിടത്തും വന്‍ മരങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുകയാണ്‌. ഇത്‌ മുറിച്ചുമാറ്റി സ്‌ഥിതിയിലെത്തിക്കാന്‍ ആഴ്‌ചകള്‍ വേണ്ടിവരും. കിഴക്കു വശത്തെ നടപ്പാത പ്രളയ ജലത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍ണമായും നശിച്ചുപോയി. കാലുകള്‍ നശിച്ചാല്‍ പുഴയിലേക്കുള്ള ഏറുമാടവും ഇപ്പോള്‍ വീഴും എന്ന സ്‌ഥിതിയിലാണ്‌ തൂക്കുപാലത്തിന്റെ തൂണുകളോട്‌ ചേര്‍ന്ന്‌ കരിങ്കല്‍കെട്ട്‌ നശിച്ചുപോയി. ഇനി പരിശോധനകള്‍ വേണ്ടി വരും.
കാര്‍ഷിക മേഖലക്കു വന്‍ നാശമുണ്ടാകും

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം പൂര്‍വ സ്‌ഥിതിയിലെത്തിച്ചില്ലെങ്കില്‍ ചാലക്കുടി ഇടതുകര കനാലിനെ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യത്തിനുമായി ആശ്രയിക്കുന്ന പതിനായിരങ്ങള്‍ ബുദ്ധിമുട്ടിലാകും. ഇടതുകര കനാല്‍ ആരംഭിക്കുന്നിടത്ത്‌ കൂറ്റന്‍ മരങ്ങള്‍ കടപുഴകി വന്നടിഞ്ഞിരിക്കുകയാണ്‌. കൂടാതെ ആരംഭ സ്‌ഥാനത്തും കനാലിന്റെ മറ്റു ഭാഗങ്ങളിലും നിറയെ ചെളി വന്നടിഞ്ഞിരിക്കുകയാണ്‌. കനാല്‍ ആരംഭിക്കുന്നിടത്തു നിന്ന്‌ നൂറു മീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി കനാലിനും പുഴക്കും മധ്യേയുള്ള ഭാഗത്ത്‌ മണ്ണിടിഞ്ഞു കിടക്കുകയാണ്‌. ഇരുപത്തി അഞ്ചു അടി ഉയരത്തിലാണ്‌ ഇവിടെ മണ്ണടിഞ്ഞിരിക്കുന്നത്‌. ഇവിടം പൂര്‍വ സ്‌ഥിതിയിലെത്തിക്കാതെ കനാലിലൂടെ വെള്ളമൊഴുക്കിയാല്‍ കനാല്‍ പുഴയിലേക്ക്‌ തള്ളി ഭീമന്‍ നഷ്‌ടമുണ്ടാകും. ഏഴാറ്റുമുഖം കട്ടിങ്ങ്‌ ഭാഗത്തും അമ്പതടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ്‌ കനാലിലേക്ക്‌ വീണു കിടക്കുകയാണ്‌. ഈ മണ്ണ്‌ മാറ്റണമെങ്കില്‍ ആഴ്‌ചകളോളം വേണ്ടി വരും. കാര്‍ഷിക സമ്പന്നമായ ഇടതുകര കനാലിന്റെ ഇരുവശങ്ങളിലും വെള്ളമെത്താന്‍ വൈകിയാല്‍ കുടിവെള്ളവും കാര്‍ഷിക ആവശ്യങ്ങളും നടക്കാതെ വരും. ഇപ്പോള്‍ തന്നെ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റി തുടങ്ങി. സെപ്‌റ്റംബര്‍ അവസാനത്തോടെ സാധാരണ ഗതിയില്‍ കനാലിലൂടെ വെള്ളമൊഴുക്കാറുണ്ട്‌. എന്നാല്‍ ഒരു മാസമെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമേ കനാല്‍ സാധാരണ നിലയിലേക്ക്‌ എത്തിക്കാനാവൂ.
സഞ്ചാരികള്‍ വന്നാലേ ഏഴാറ്റുമുഖം ഉണരൂ. അധികൃതര്‍ അടിയന്തിരമായി ഇതില്‍ ഇടപെടണം. റോജി എം ജോണ്‍ എം എല്‍ എ യുടെ പ്രത്യേക താല്‌പര്യ പ്രകാരം ഇറിഗേഷന്‍ വകുപ്പ്‌ ഉദ്യോഗസ്‌ഥരും ,ജില്ലാ ടൂറിസം വകുപ്പ്‌ ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദര്‍ശിച്ചിരുന്നു. അയ്യമ്പുഴ പഞ്ചായത്ത്‌ അധികൃതര്‍ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുമുണ്ട്‌. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ വകയിരുത്തി പ്രകൃതി ഗ്രാമത്തിന്റെ സൗന്ദര്യത്തെ പൂര്‍വ സ്‌ഥിതിയിലെത്തിച്ചാല്‍ ഒരു ഗ്രാമത്തിന്റെ സ്വപ്‌നവും ഗ്രാമ വാസികളുടെ ഉപജീവന മാര്‍ഗവും നഷ്‌ടപ്പെടുത്താതെ കാത്തു സൂക്ഷിക്കാം .
ഗതാഗതം ക്ലേശകരം

പ്രകൃതി ഗ്രാമത്തെ പൂര്‍വ സ്‌ഥിയിലെത്തിച്ചാലും ഇവിടേയ്‌ക്ക് എത്തിച്ചേരാനുള്ള റോഡുകള്‍ തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്‌. അതിരപ്പിള്ളി ഭാഗത്ത്‌ നിന്ന്‌ വരുന്ന യാത്രക്കാര്‍ക്ക്‌ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനായി നിര്‍മിച്ച വെറ്റിലപ്പാറ പാലം പ്രളയത്തില്‍ അപകട അവസ്‌ഥയിലാണ്‌. പാലത്തില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇരു ചക്ര വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്‌. പാലത്തിന്റെ സ്‌പാനുകള്‍ പ്രളയത്തില്‍ തെന്നിമാറി. പാലത്തിനു മുകളിലെ റോഡുകള്‍ ഇളകി തുടങ്ങി. പാലത്തില്‍ നിന്ന്‌ പുഴയിലേക്ക്‌ ഇറങ്ങുന്നതിനുള്ള കല്‍പടവുകളും പ്രളയത്തില്‍ നശിച്ചുപോയി. കൂടുതല്‍ സഞ്ചാരികള്‍ എത്തിയിരുന്നത്‌ ഈ പാലം വഴിയായിരുന്നു. ഇതിലൂടെ ഗതാഗതം പുനഃസ്‌ഥാപിച്ചില്ലെങ്കില്‍ പ്രകൃതിഗ്രാമം തുറന്നു കഴിഞ്ഞാലും സഞ്ചാരികളുടെ എണ്ണം മൂന്നിലൊന്നായി കുറയും മൂക്കന്നൂര്‍ വഴിയും അയ്യമ്പുഴ വഴിയും എടക്കുന്ന്‌ വഴിയും ഏഴാറ്റുമുഖത്തേക്ക്‌ എത്തുന്നതിനുള്ള വഴികള്‍ വര്‍ഷങ്ങളായി നശിച്ചു കിടക്കുന്നതാണ്‌.

Ads by Google
Advertisement
Wednesday 12 Sep 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW