Saturday, August 24, 2019 Last Updated 30 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jul 2016 02.32 AM

വലിയപാലത്തിന്റെ തകര്‍ച്ച: റാന്നിയെ വിഭജിച്ച ദുരിതത്തിനു രണ്ടു പതിറ്റാണ്ട്‌

uploads/news/2016/07/17155/1pa.jpg

റാന്നി: വികസനത്തിലേക്ക്‌ അനുദിനം കുതിച്ചുകൊണ്ടിരുന്ന റാന്നി പട്ടണത്തെ ഒറ്റ നിമിഷംകൊണ്ട്‌ അരനൂറ്റാണ്ട്‌ പിന്നോട്ടടിച്ച ദുരിതത്തിന്‌ 29 ന്‌ രണ്ടു പതിറ്റാണ്ടു തികയുന്നു. ഒരാള്‍ക്കും നേരില്‍ കാണാതെ വിശ്വസിക്കാന്‍ കഴിയാതിരുന്ന ദുരന്തമായിരുന്നു റാന്നി വലിയ പാലത്തിന്റെ തകര്‍ച്ച. ഓരോ കുടുംബത്തേയും നേരിട്ടു ബാധിച്ച പ്രതിസന്ധിയായിരുന്നു പാലത്തിന്റെ തകര്‍ച്ച. 1996 ജൂലായ്‌ 29 ന്‌ വൈകുന്നേരം 3.50 നായിരുന്നു ആ സംഭവം.
പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ മൂന്നര പതിറ്റാണ്ടോളം യാതൊരു തകരാറും പ്രത്യക്ഷത്തില്‍ കാണിക്കാതെ ഇരുകര തൊട്ടുനിന്ന വലിയ പാലം മിനിറ്റുകള്‍ കൊണ്ട്‌ ഇല്ലാതാകുകയായിരുന്നു. പമ്പാ നദിക്കു കുറുകെ റാന്നിയുടെ തെക്കും വടക്കും കരകളെ ബന്ധിപ്പിക്കുന്നതായിരുന്നു പാലം . എപ്പോഴും കാല്‍നടയാത്രക്കാരുടേയും വാഹനങ്ങളുടേയും ബാഹുല്യമുണ്ടായിരുന്ന പാലം തകര്‍ന്നപ്പോള്‍ മനുഷ്യര്‍ക്കോ വാഹനങ്ങള്‍ക്കോ യാതൊരു അത്യാഹിതവും ഉണ്ടായില്ലെന്നതാണ്‌ അത്ഭുതം.
പാലത്തിന്റെ ഏതാണ്ട്‌ മധ്യഭാഗത്തുള്ള കൂറ്റന്‍ ബീമുകള്‍ നിമിഷങ്ങള്‍ കൊണ്ട്‌ നദിയിലേക്കു പതിക്കുകയായിരുന്നു. അപ്പോള്‍ നദിയിലേക്കു വീഴാന്‍ ചരിഞ്ഞ ബീമില്‍ നിന്നും ഡ്രൈവറുടെ ധൈര്യം കൊണ്ടു മാത്രമാണ്‌ ഉഷാ റോഡ്‌ലൈന്‍സ്‌ എന്ന ബസ്‌ നിറയെ യാത്രക്കാരുമായി രക്ഷപ്പെട്ടത്‌. ബസിന്റെ പിന്‍ഭാഗം താഴുന്നതായി തോന്നിയ ഡ്രൈവര്‍ ബസിനു വേഗം കൂട്ടുകയായിരുന്നു. പിന്നിലേക്കു നോക്കിയപ്പോഴാണ്‌ റാന്നിയെ വെട്ടിമുറിച്ച്‌ പിന്നില്‍ പാലം ഇല്ലാതായത്‌.ഇതേ സമയം മറു കരയില്‍ ഒരു ബസ്‌ പാലത്തിലേക്ക്‌ കയറിയെങ്കിലും മുമ്പില്‍ അപകടം കണ്ട്‌ പെട്ടെന്ന്‌ നിര്‍ത്തുകയായിരുന്നു.
ആദ്യത്തെ അമ്പരപ്പില്‍ നിന്നും ജനങ്ങളും ജനപ്രതിനിധികളും ഉണര്‍ന്നതോടെ പിന്നീടുള്ള കാര്യങ്ങള്‍ക്ക്‌ വേഗം ഏറി. റാന്നിയുടെ തെക്കും വടക്കും ഭാഗങ്ങളെ ബന്ധിപ്പിച്ചിരുന്ന പാലം ഇല്ലാതായപ്പോള്‍ ഇരു കരകളിലുമുള്ളവര്‍ രണ്ടു രാജ്യങ്ങളെന്നവണ്ണം വിഭജിക്കപ്പെടുകയായിരുന്നു. വൈകാതെ കടത്തുവള്ളങ്ങളിലായി ജനങ്ങളുടെ അക്കരെയിക്കരെ യാത്ര. സ്‌പീഡ്‌ ബോട്ടും ജങ്കാറും എത്തിയപ്പോള്‍ ഭയന്നാണെങ്കിലും ജനങ്ങള്‍ക്ക്‌ അക്കരെ ഇക്കരെ കടക്കാമെന്നായി. വള്ളം മറിഞ്ഞ്‌ ഒരു യുവാവിന്‌ ജീവന്‍ നഷ്‌ടപ്പെട്ടത്‌ ഒഴിച്ചാല്‍ മറ്റ്‌ അത്യാഹിതങ്ങള്‍ ഒന്നും ഉണ്ടായില്ല.
റാന്നി, പഴവങ്ങാടി പഞ്ചായത്തുകളില്‍ താല്‍ക്കാലിക ബസ്‌ സ്‌റ്റേഷന്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളും പോലീസ്‌ സ്‌റ്റേഷനും ആശുപത്രിയുമെല്ലാം ഉള്ള താലൂക്കാസ്‌ഥാനത്ത്‌ എത്താന്‍അക്കരെയുള്ളവരും പ്രധാന മാര്‍ക്കറ്റായ ഇട്ടിയപ്പാറയിലും വിദ്യാഭ്യാസ സ്‌ഥാപനമായ റാന്നി കോളജിലും എത്താന്‍ ഇക്കരെക്കാരും ഏറെ കഷ്‌ടപ്പെട്ട നാളുകളാണ്‌ പിന്നീട്‌ കടന്നു പോയത്‌. സംസ്‌ഥാന ഭരണനേതൃത്വവും ശബരിമല തീര്‍ഥാടകരുടെ യാത്രാ ആവശ്യം പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാരും റാന്നി പാലത്തിന്റെ കാര്യത്തില്‍ ജാഗ്രതയോടെ ഇടപെട്ടു. തകര്‍ന്ന പാലത്തോടു ചേര്‍ന്ന്‌ സൈനികരുടെ സഹായത്തോടെ രണ്ടു മാസത്തിനുള്ളില്‍ ബെയ്‌ലി പാലം നിര്‍മ്മിച്ചതോടെ കാല്‍നട യാത്രയും ചെറിയ വാഹനങ്ങളുടെ ഗതാഗതവും സാധ്യമായി. എന്നാല്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ കോടികള്‍ ചെലവിട്ട്‌ പുതിയ റാന്നി പാലം 16 മാസം കൊണ്ടു നിര്‍മ്മിച്ച്‌ ഉദ്‌ഘാടനം ചെയ്‌തപ്പോഴാണ്‌ റാന്നിക്കാര്‍ക്ക്‌ ശരിക്കും ആശ്വാസം ആയത്‌.
കേവലം 36 വര്‍ഷംമാത്രം നിലനിന്ന വലിയപാലം തകരാന്‍ കാരണമായത്‌ പമ്പാനദിയില്‍ നിന്നുള്ള അനിയന്ത്രിതമായ മണലൂറ്റും സമീപത്തെ ദാക്ഷണ്യമില്ലാത്ത തോട്ടപൊട്ടി ക്കലുമായിരുന്നു. ഉദ്യോഗസ്‌ഥ ലോബിയുടെ അറിവോടെയായിരുന്നു നിയമലംഘനങ്ങള്‍ ഏറെയും നടന്നത്‌. അതിന്‌ റാന്നിക്കാര്‍ വലിയ വിലയാണ്‌ കൊടുക്കേണ്ടി വന്നത്‌.റാന്നി പാലം തകര്‍ന്നതിന്റെ ഇരുപതാം വാര്‍ഷികത്തില്‍ ആ ദുരന്തത്തിന്റെ സ്‌മരണ പുതുക്കാനും പമ്പാനദിയുടെ പൂര്‍വകാല സ്‌ഥിതികള്‍, ഇപ്പോഴത്തെ പ്രതിസന്ധി, നദിയുടെ പുനരുജ്‌ജീവനം തുടങ്ങിയവ ചര്‍ച്ച ചെയ്യാനും പമ്പാ പരിരക്ഷണ സമിതി സംവാദം നടത്തും.29 ന്‌ വൈകുന്നേരം നാലിന്‌ മാമുക്ക്‌ ഓതറ കോംപ്ലക്‌സില്‍ സമിതി സെക്രട്ടറി ഫാ. ബെന്‍സി മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്യും. സംവാദത്തില്‍ സമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍ നായര്‍ അധ്യക്ഷനായിരിക്കും.

Ads by Google
Advertisement
Wednesday 27 Jul 2016 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW