കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടതുറന്നു. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നടതുറക്കല്‍ ശുശ്രൂഷയ്‌ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. പൗലോസ് മോര്‍ ഐറേനിയോസ് സഹകാര്‍മികനായിരുന്നു.
എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിവസമായ ഇന്നലെ മധ്യാഹ്‌നപ്രാര്‍ഥനയെത്തുടര്‍ന്നാണു നടതുറക്കല്‍ ശുശ്രൂഷ നടന്നത്. കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്‌ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിനായി തുറക്കുന്ന ചടങ്ങാണു നടതുറക്കല്‍ ശുശ്രൂഷ. എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചു വര്‍ഷത്തില്‍ ഒരിക്കല്‍മാത്രമാണു നടതുറക്കുക. സ്ലീബാ പെരുന്നാള്‍ ദിനമായ 14-ന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്നു നടയടയ്‌ക്കും.
പ്രധാന പെരുന്നാള്‍ ദിനമായ ഇന്നു കത്തീഡ്രലിലെ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് പ്രധാന കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം നടക്കും. ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.