Tuesday, September 07, 2021 Last Updated 5 Min 17 Sec ago English Edition
Todays E paper
Tuesday 07 Sep 2021 06.37 PM

ഒഴിവാക്കാം മഴക്കാല ആരോഗ്യപ്രശ്‌നങ്ങള്‍

'' വേനല്‍ കാലത്ത് ജലത്തിന്റെ ദൗര്‍ലഭ്യമാണ് വയറിളക്കത്തിന് കാരണമെങ്കില്‍, മഴക്കാലത്ത് വെള്ളത്തില്‍ ധാരാളം മാലിന്യങ്ങള്‍ കലരുന്നതാണ് രോഗകാരണം ''
monsoon health care tips

മഴക്കാലരോഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക ജലദോഷവും പനിയുമാണ്. സാധാരണയായി കണ്ടുവരുന്ന വൈറല്‍ പനി മുതല്‍ എലിപ്പനി, ഡെങ്കിപ്പനി മുതലായ മാരകമായ വകഭേദങ്ങളും പനിക്കുണ്ട്. മൂക്കൊലിപ്പ്, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, പനി, വിശപ്പില്ലായ്മ അഥവാ വായ്ക്ക് അരുചി, ക്ഷീണം എന്നിവയൊക്കെയാണ് വൈറല്‍ പനിയുടെ പൊതുവിലുള്ള ലക്ഷണങ്ങള്‍.

രോഗാണു വൈറസ് ആയതിനാല്‍ ഇത് വളരെ വേഗം മറ്റുള്ളവരിലേക്ക് പകരും. സാധാരണ പ്രത്യേകം മരുന്നുകള്‍ ഒന്നും കൂടാതെ ഒരാഴ്ചകൊണ്ട് ഈ അവസ്ഥകള്‍ മാറുന്നതാണ്. പൂര്‍ണവിശ്രമം എടുക്കുക, ആവിപിടിക്കുക, പനിയുള്ളപ്പോള്‍ നെറ്റിയില്‍ തുണി നനച്ചിടുക, നനഞ്ഞ തുണി ഉപയോഗിച്ച് ദേഹം തുടയ്ക്കുക, തണുപ്പടിക്കാതെ സൂക്ഷിക്കുക എന്നിവയാണ് പനിയും ജലദോഷവും വന്നാല്‍ ചെയ്യേണ്ടത്.

ചൂടുള്ളതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. ചൂടുകഞ്ഞി നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടും രോഗലക്ഷണങ്ങള്‍ കുറയാതിരിക്കുകയോ പനി കൂടുകയോ മറ്റെന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ (കണ്ണിനു കടുത്ത ചുവപ്പു നിറം, മഞ്ഞ നിറം, മൂത്രത്തി ന്റെ അളവ് കുറയുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക, കടുത്ത ക്ഷീണം, വിട്ടുമാറാത്ത വയറിളക്കം മുതലാ യവ) കാണുകയോാ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഇത് പനിയുടെ തന്നെ മറ്റേതെങ്കിലും മാരകമായ വകഭേദമാകാന്‍ സാധ്യതയുണ്ട്.

ഭക്ഷണ പാനീയങ്ങളും സൂക്ഷിക്കണം


മഴക്കാലത്ത് ഭക്ഷണപാനീയങ്ങളിലൂടെയും രോഗം പകരും. വയറുകടിയും വയറിളക്കവുമാണ് ഇവയില്‍ മുഖ്യം. വേനല്‍ കാലത്ത് ജലത്തിന്റെ ദൗര്‍ലഭ്യമാണ് വയറിളക്കത്തിന് കാരണമെങ്കില്‍, മഴക്കാലത്ത് വെള്ളത്തില്‍ ധാരാളം മാലിന്യങ്ങള്‍ കലരുന്നതാണ് രോഗകാരണം.

കിണറുകളിലെയും മറ്റും വെള്ളം കക്കൂസ്, ഓടകള്‍, മറ്റ് മലിനജലസ്രോതസുകള്‍ എന്നിവയില്‍നിന്നുള്ള വെള്ളം അരിച്ചിറങ്ങി മലിനമാകുന്നതും, പഴകി തുരുമ്പിച്ച പൈപ്പുകളിലെ ചെറിയ സുഷിരത്തില്‍ക്കൂടി മലിനജലം പൈപ്പുവെള്ളത്തില്‍ കലരുന്നതും രോഗാണുക്കളെ മനുഷ്യശരീരത്തിലേക്ക് വളരെ വേഗം ആവാഹിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പാചകത്തിനും മറ്റും ശുദ്ധജലം ഉപയോഗിക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമേ ജലജന്യരോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കൂ. വീട്ടില്‍ വൃത്തിയുള്ള സാഹചര്യത്തില്‍ ഉണ്ടാക്കിയ ഭക്ഷണം ചൂടോടെ കഴിക്കുക, ഭക്ഷണപാനീയങ്ങള്‍ അടച്ചു സൂക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുകയോ, നിവര്‍ത്തിയില്ലാതെ വന്നാല്‍ വൃത്തിയുള്ള ഹോട്ടലുകളില്‍ നിന്നു മാത്രം കഴിക്കുകയോ ചെയ്യുക എന്നതും വയറിളക്കം തടയാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനമാണ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വൃത്തിയുള്ള വാട്ടര്‍ ബോട്ടിലില്‍ തിളപ്പിച്ചാറിയ വെള്ളമോ, ചുക്കുവെള്ളമോ ജീരകവെള്ളമോ കൊടുത്തയ്ക്കണം. തിളപ്പിച്ചാറ്റിയവെള്ളം എന്നു പറയുമ്പോള്‍ ചില ഹോട്ടലുകളില്‍ ചെയ്യുന്നതുപോലെ നല്ല തിളച്ച വെള്ളം ഒരു ഗ്ലാസിന്റെ പകുതിയെടുത്ത് അത് തണുപ്പിക്കാന്‍ പച്ചവെള്ളം ഒഴിക്കുന്ന രീതികൊണ്ട് ഫലമില്ല. രോഗാണുക്കള്‍ നശിക്കണമെങ്കില്‍ വെള്ളം നന്നായി പത്തു മിനിട്ടെങ്കിലും തിളച്ചിരിക്കണം.

monsoon health care tips

മാലിന്യം പടിക്കു പുറത്ത്


വീട്ടില്‍ ഈച്ച ശല്യം ഒഴിവാക്കാനായി അടുക്കളമാലിന്യങ്ങളും മറ്റും അപ്പപ്പോള്‍ നീക്കം ചെയ്യണം. ഫ്‌ളാറ്റുകളിലും ചെറിയ പ്ലോട്ടിലെ വീടുകളിലുമാണെങ്കില്‍ മാലിന്യനിക്ഷേപത്തിന് അടപ്പുള്ള വേസ്റ്റ് ബാസ്‌ക്കറ്റ് മാത്രം അടുക്കളയുടെ മൂലയില്‍ വയ്ക്കുക. അല്പം മണ്ണെണ്ണ കലര്‍ത്തിയ വെള്ളം കൊണ്ട് തറ തുടയ്ക്കുന്നതും ഗുണം ചെയ്യും.

കൊതുകുശല്യം കുറയ്ക്കാനായി വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതും തടയണം. മലേറിയയുടെ വിവിധ വകഭേദങ്ങളും ഇക്കാലത്ത് കണ്ടുവരാറുണ്ട്. ഇതോടൊപ്പം വ്യക്തിശുചിത്വവും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും ഇനി അഥവാ വയറിളക്കം വന്നാല്‍ പാനീയ ചികിത്സ പരീക്ഷിക്കാവുന്നതാണ്.

ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുടിക്കാം. അതല്ലെങ്കില്‍ ഉപ്പിട്ട കഞ്ഞി വെള്ളമായാലും മതി. വയറിളകുന്നതിനനുസരിച്ച് കുടിക്കുന്നത് ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ സഹായിക്കും.

എളുപ്പം ദഹിക്കുന്നതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. ചിലപ്പോള്‍ ആന്റിബയോട്ടിക് ചികിത്സയും ഗ്ലൂക്കോസ് ഡ്രിപ്പും വേണ്ടിവന്നേക്കാം.

കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലും റോഡിലെ ചെളിവെള്ളത്തിലുമൊക്കെ ഇറങ്ങി നടക്കേണ്ടിവരുന്നത് വളം കടിക്ക് കാരണമാകുന്നു. കാല്‍ വിരലുകള്‍ക്കിടയില്‍ അസഹ്യമായ ചൊറിച്ചിലും ചുവപ്പു നിറവും നീറ്റലും ദുര്‍ഗന്ധവുമൊക്കെയാണ് ലക്ഷണങ്ങള്‍.

ഫംഗസ് ബാധയാണ് പ്രധാന കാരണം. മാത്രവുമല്ല ചര്‍മത്തിലുണ്ടാകുന്ന ഈ വിള്ളലുകളിലൂടെ മറ്റ് രോഗാണുക്കളും ഉള്ളില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

Ads by Google
Tuesday 07 Sep 2021 06.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW