മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ഇന്ന്. രാവിലെ 8.30നു കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും. പൗലോസ് മോര്‍ ഐറേനിയോസ് സഹകാര്‍മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്‌കാരവും തുടര്‍ന്നു നടതുറക്കല്‍ ശുശ്രൂഷയും നടക്കും. ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും നടതുറക്കല്‍ ശുശ്രൂഷ.
കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്‌ഥാപിച്ചിട്ടുള്ള ഉണ്ണിയേശുവിന്റെയും മാതാവിന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം വിശ്വാസികള്‍ക്കു പൊതുദര്‍ശനത്തിനായി തുറക്കുന്ന ശുശ്രൂഷയാണ് നടതുറക്കല്‍. എല്ലാ വര്‍ഷവും സെപ്‌റ്റംബര്‍ ഏഴിനു തുറക്കുന്ന മാതാവിന്റെ നട 14നു വൈകിട്ടു സന്ധ്യാ പ്രാര്‍ഥനയോടെ അടയ്‌ക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കത്തീഡ്രലിലെത്തി പ്രാര്‍ഥിച്ചുമടങ്ങാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണര്‍കാട് കത്തീഡ്രലിലെ റാസ ഇക്കുറിയും ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് നടത്തിയത്. കോവിഡ് പശ്‌ചാത്തലത്തില്‍ ഇന്നലെ നടന്ന റാസയില്‍നിന്നു വിശ്വാസികളുടെ പങ്കാളിത്വം പൂര്‍ണമായി ഒഴിവാക്കി. റാസ കടന്നുപോയ വഴികളുടെ ഇരുവശത്തും വിശ്വാസികള്‍ ആശീര്‍വാദത്തിനായി കാത്തുനിന്നു. വീടുകള്‍ക്കു മുന്നില്‍ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങള്‍ സ്‌ഥാപിച്ചും വിളക്കുവച്ചും മെഴുകുതിരികള്‍ കത്തിച്ചും മാതാവിനോടുള്ള പ്രാര്‍ഥനകളും അപേക്ഷകളും ചൊല്ലിയും പ്രാര്‍ഥനാപൂര്‍വം ജനങ്ങള്‍ റാസയെ വരവേറ്റു. ഫാ. എം.ഐ. തോമസ് മറ്റത്തില്‍ റാസയ്‌ക്കു പ്രധാനകാര്‍മ്മിത്വം വഹിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ.ജെ. മാത്യു മണവത്ത്, ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. കെ.എം. ജോര്‍ജ് കുന്നേല്‍, കുര്യന്‍ കോര്‍ എപ്പിസ്‌കോപ്പ മാലിയില്‍, ഫാ. ഷെറി ഐസക് പൈലിത്താനം എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
കത്തീഡ്രലിലെ പ്രാര്‍ഥനയ്‌ക്കുശേഷം അംശവസ്‌ത്രധാരിയായ വൈദികന്റെ നേതൃത്വത്തില്‍ കല്‍ക്കുരിശില്‍ പ്രാര്‍ഥന നടത്തിയാണ് റാസ ആരംഭിച്ചത്. പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ വൈദികനെയും ശുശ്രൂഷകരെയും വഹിച്ചുകൊണ്ടുള്ള റാസ കണിയാംകുന്ന് കുരിശിന്‍തൊട്ടി, മണര്‍കാട് കവലയിലെ കുരിശിന്‍തൊട്ടി എന്നിവിടങ്ങളിലെത്തി ധൂപപ്രാര്‍ഥന നടത്തി. മണര്‍കാട് കവലയിലെ കുരിശിന്‍തൊട്ടിയില്‍ റാസയെത്തിയപ്പോള്‍ ഫാ. കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ പ്രസംഗിച്ചു. തുടര്‍ന്നു റാസ കരോട്ടെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി. മുത്തുക്കുടകള്‍ കൈയിലേന്തിയ വിശ്വാസികള്‍ സാമൂഹിക അകലം പാലിച്ചു നിന്ന് റാസയെ കത്തീ്രഡലിലേക്കു സ്വീകരിച്ചു. ഇന്നലെ രാവിലെ കത്തീഡ്രലില്‍ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനയ്‌ക്കു പൗരസ്‌ത്യ സുവിശേഷ സമാജം പ്രസിഡന്റ് മര്‍ക്കോസ് മോര്‍ ക്രിസോസ്‌റ്റമോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ കത്തീഡ്രലിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലെ കത്തീഡ്രലിന്റെ ഔദ്യോഗിക പേജിലും തല്‍സമയം ലഭ്യമാണ്. ഗ്രീന്‍ ചാനല്‍ നമ്പര്‍ 2 (മണര്‍കാട്), വേള്‍ഡ് ടു വേള്‍ഡ് ടെലിവിഷന്‍, എ.സി.വി. എന്നീ ടെലിവിഷന്‍ ചാനലുകളിലും തല്‍സമയ സംപ്രേക്ഷണമുണ്ട്.