എറണാകുളം മഹാരാജാസ് കോളജില്‍ മമ്മൂട്ടിക്കൊപ്പം ബിരുദ പഠനം നടത്തിയ ചെമ്പ് കുളങ്ങര (പടിഞ്ഞാറെചാലില്‍) സെറീന ഇന്നലെ എന്ന പോലെ ഓര്‍മിക്കുന്ന ഒരു കാര്യമുണ്ട്. കോളജ് കാമ്പസിലുണ്ടായിരുന്ന പുളിമരച്ചുവട്ടിലിരുന്നു കൈനോക്കുന്നതിനിടെ സഹപാഠിയായ എറണാകുളം പുല്ലേപ്പടി ഷംസുദീന്‍ (ഷാമ്പു പുല്ലേപ്പടി) നടത്തിയ പ്രവചനമാണ് മായാത്ത ആ ഓര്‍മ. മമ്മൂട്ടി ലോകം അറിയുന്ന ആളായിത്തീരും എന്നായിരുന്നു ഷംസുദീന്റെ വാക്കുകള്‍. "വര്‍ഷങ്ങള്‍ക്കു മുമ്പു ഷംസുദിന്‍ മരിച്ചപ്പോള്‍ മമ്മൂട്ടി ഇക്കാര്യം എന്നെ ഓര്‍മിപ്പിച്ചു"-സെറീന പറഞ്ഞു.
"18 വര്‍ഷം മുമ്പു മമ്മൂട്ടിയുടെ ബാപ്പ മരിച്ചപ്പോഴാണ് ഒടുവില്‍ നേരില്‍ കണ്ടത്. ഇടയ്‌ക്കിടെ കാണാറില്ലെങ്കിലും മാസത്തിലൊരിക്കല്‍ ഫോണിലൂടെ സൗഹൃദം നിലനിര്‍ത്തുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പു പഠനകാലത്തുണ്ടായിരുന്ന അതേ സ്‌നേഹവും പരിഗണനയും ഇപ്പോഴും മമ്മൂട്ടി തരാറുണ്ട്. ജനിച്ചു വളര്‍ന്ന നാട്ടിലെ വീടും സ്‌ഥലവും എല്ലാം വിറ്റുപോയെങ്കിലും സഹപാഠികളെയും കൂട്ടുകാരെയും ബന്ധുക്കളെയും എല്ലാം മഹാനടന്‍ തിരക്കുന്നതു വലിയ മാതൃകതന്നെയാണ്. മമ്മൂട്ടിയുടെ "യൗവന"മാണ് ഞങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുന്നത്. എനിക്കു വയസായി. പക്ഷേ, മമ്മൂട്ടി ചുള്ളന്‍തന്നെ"-അവര്‍ പറഞ്ഞു.
ബിരുദ പഠനത്തിനുശേഷം മമ്മൂട്ടി അഭിഭാഷകവൃത്തിയിലേക്കും സിനിമാലോകത്തേക്കും ചേക്കേറിയപ്പോള്‍ സെറീന തലയോലപ്പറമ്പ് സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ അധ്യാപികയായി സര്‍വീസില്‍നിന്നു വിരമിച്ചു. സഹപാഠികളായ ബാബു, മണിയപ്പന്‍ എന്നിവരും 70 തികയുന്ന കൂട്ടുകാരനെ ഓര്‍ത്ത് അഭിമാനിക്കുന്നു.
സിനിമാലോകത്തേക്കു കടക്കുന്നതിനു മുമ്പു നാടക പഠനത്തിനെത്തിയ മമ്മൂട്ടി ഇപ്പോഴും ഒരു പ്രചോദനമാണെന്ന് മാളവിക ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചുമതലക്കാരനായ പ്രദീപ് മാളവികയും അടിവരയിടുന്നു.
പി.വി. ബിജേഷ്