കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ കുരിശു പള്ളികളിലേക്കുള്ള റാസ ഇന്നു നടക്കും. ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ശുശ്രൂഷ നാളെയാണ്. 11.30ന് ഉച്ചനമസ്‌കാരത്തെത്തുടര്‍ന്നു നടക്കുന്ന നടതുറക്കല്‍ ശുശ്രൂഷയ്‌ക്കു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും. കത്തീഡ്രലിലെ പ്രധാന മദ്‌ബഹായില്‍ സ്‌ഥാപിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വര്‍ഷത്തിലൊരിക്കല്‍ പൊതുദര്‍ശനത്തിനു തുറക്കുന്നതാണ് നടതുറക്കല്‍.
എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായുള്ള വര്‍ണാഭമായ റാസ കോവിഡ് പശ്‌ചാത്തലത്തില്‍ വിശ്വാസികളെ പൂര്‍ണമായി ഒഴിവാക്കി വാഹനത്തില്‍ ചടങ്ങായിമാത്രമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്‌ക്കു രണ്ടിന് കത്തീഡ്രലിലെ പ്രത്യേക പ്രാര്‍ഥനയ്‌ക്കുശേഷം കല്‍ക്കുരിശിനു മുന്നില്‍ ധൂപപ്രാര്‍ഥന നടത്തി റാസ ആരംഭിക്കും. കണിയാംകുന്ന് കുരിശിന്‍തൊട്ടി, മണര്‍കാട് കവലയിലെ കുരിശിന്‍തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്‌ക്കുശേഷം കരോട്ടെ പള്ളിയിലെത്തുന്ന റാസയെ കത്തീഡ്രലിന്റെ പ്രവേശന കവാടത്തില്‍ സ്വീകരിക്കും.