Thursday, September 02, 2021 Last Updated 3 Min 32 Sec ago English Edition
Todays E paper
Thursday 02 Sep 2021 05.56 PM

സെക്‌സ് ഹോര്‍മോണ്‍ കുറഞ്ഞാല്‍

'' കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലെ സ്തനവലുപ്പത്തിനും ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്കും ഈസ്ട്രജന്റെ പങ്കുണ്ട്. കൊളസ്‌ട്രോള്‍ മെറ്റബോളിസം ക്രമീകരിക്കുക, ശരീരഭാരം നിയന്ത്രിക്കുക, ഗ്ലൂക്കോസിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുക എന്നിവയും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു ''
uploads/news/2021/09/512058/hormon020921a.jpg

സ്ത്രീകളിലെ സെക്‌സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഹോര്‍മോണുകളിലൊന്നാണ് ഈസ്ട്രജന്‍. സ്ത്രീശരീരത്തില്‍ കൂടുതലായും കാണപ്പെടുന്ന ഈസ്ട്രജന്‍ ആരോഗ്യം നിലനിര്‍ത്തുന്നതിലും ശരീരത്തിലെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ സഹായിക്കുന്നു. പുരുഷന്മാരിലും ഈസ്ട്രജന്‍ ഹോ ര്‍മോണ്‍ ചെറിയ തോതില്‍ കാണപ്പെടുമെങ്കിലും കൂടുതലായി സ്ത്രീകളിലാണ് ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്.

ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലായി ഉണ്ടാകുന്നത് ഓവറിയിലാണ്. ഇതുകൂടാതെ അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്നും ഈസ്ട്രജന്റെ ഉത്പാദനം ഉണ്ടാകാറുണ്ട്. ഗര്‍ഭപാത്രത്തിന്റെ വളര്‍ച്ച, എല്ലുകളുടെ ബലം, ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്ക് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പങ്കു നിര്‍ണായകമാണ്.

കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലെ സ്തനവലുപ്പത്തിനും ഗര്‍ഭാവസ്ഥയില്‍ സ്തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ക്കും ഈസ്ട്രജന്റെ പങ്കുണ്ട്്. കൊളസ്‌ട്രോള്‍ മെറ്റബോളിസം ക്രമീകരിക്കുക, ശരീരഭാരം നിയന്ത്രിക്കുക, ഗ്ലൂക്കോസിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുക, ഇന്‍സുലിന്‍ നിയന്ത്രിക്കുക എന്നിവയും ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

ലക്ഷണങ്ങള്‍


ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഈസ്ട്രജന്റെ അളവ് കുറയുന്നതു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. സ്ത്രീകളില്‍ ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ ഈസ്ട്രജന്റെ അളവ് കുറയാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ആര്‍ത്തവവിരാമത്തിലേക്ക് എത്തിച്ചേരുന്നതിനു മുന്‍പും സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയാനുള്ള സാധ്യതയുണ്ട്. ഇവ ലക്ഷണങ്ങളിലൂടെ തിരിച്ചറിയേണ്ടതുണ്ട്.

1. യോനിയില്‍ വരള്‍ച്ച അനുഭവപ്പെടുക.
2. മൂത്രദ്വാരത്തിന്റെ കട്ടി കുറയുന്നതു മൂലം യൂറിനറി ട്രക്ക്റ്റ് ഇന്‍ഫക്ഷന്‍ വര്‍ധിക്കുക
3. ക്രമംതെറ്റിയുള്ള ആര്‍ത്തവം
4. ആര്‍ത്തവം ഉണ്ടാകാതിരിക്കുക
5. ആര്‍ത്തവവിരാമത്തില്‍ ഉണ്ടാകുന്ന അത്യുഷ്ണം

6. വൈകാരിക മാറ്റങ്ങള്‍
7. ഉത്കണ്ഠ
8. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ
9. ക്ഷീണം
10. ദേഷ്യം

uploads/news/2021/09/512058/hormon020921b.jpg

എല്ലുകള്‍ക്ക് ബലം കുറയുകയോ പെട്ടെന്ന് എല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയോ ചെയ്താല്‍ ഈസ്ട്രജന്റെ കുറവാണോയെന്നു കണ്ടെത്തണം. ഈസ്ട്രജന്‍ കുറവുള്ളവരില്‍ എല്ലുകള്‍ക്ക് പെട്ടെന്ന് ഒടിവുകള്‍ ഉണ്ടാകാം. ഈസ്ട്രജന്റെ കുറവ് മൂലം എല്ലുകളുടെ കാഠിന്യം കുറയുന്നതാണിതിനു കാരണം. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കാത്സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയ മിനറല്‍സുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി എല്ലുകള്‍ക്ക് ദൃഢത വര്‍ധിക്കും. എന്നാല്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവുണ്ടാകുമ്പോള്‍ എല്ലുകളുടെ ബലം കുറയാനും വളരെ വേഗം പൊട്ടലുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

കാരണങ്ങള്‍


ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഓവറിയില്‍ നിന്നായതിനാല്‍ ഓവറിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഈസ്ട്രജന്റെ ഉത്പാദനത്തെ ദോഷമായി ബാധിക്കും. പ്രായം കുറഞ്ഞ സ്ത്രീകളില്‍ പല കാരണങ്ങള്‍ കൊണ്ട് ഈസ്ട്രജന്റെ അളവ് കുറയാം. അമിത വ്യായാമം, അനെറോക്‌സിയ, പിറ്റിയൂറ്ററി ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ കുറയുക, ക്രോണിക് കിഡ്‌നി ഡിസീസ് എന്നിവയെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയാന്‍ കാരണമാകാം.

40 വയസിനു ശേഷമുള്ള സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നത് ആര്‍ത്തവവിരാമത്തിന്റെ സൂചനയായി കണക്കാക്കാം. ആര്‍ത്തവവിരാമം സംഭവിക്കുന്നതിനു മുന്‍പ് തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവില്‍ കുറവുണ്ടാകാം. ഈസ്ട്രജന്റെ അളവ് നിലയ്ക്കുമ്പോള്‍ ആര്‍ത്തവവിരാമം ഉണ്ടാകുകയും ചെയ്യും.

സാധാരണയായി സ്ത്രീകളില്‍ 45 മുതല്‍ 55 വയസു വരെയുള്ള കാലയളവില്‍ ആര്‍ത്തവവിരാമം സംഭവിക്കാറുണ്ട്. ഭൂരിഭാഗം സ്ത്രീകള്‍ക്കും 50 വയസിനോട് അടുക്കുമ്പോള്‍ ആര്‍ത്തവവിരാമം സംഭവിക്കുന്നുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അതായത് വര്‍ഷങ്ങളായി പതുക്കെ സംഭവിക്കുന്ന പ്രക്രിയയാണ് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവ്.

നാല്‍പ്പതിനു മുമ്പ്


40 വയസിനു മുന്‍പ് ഈസ്ട്രജന്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവം ക്രമം തെറ്റുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും വേണം. എന്നാല്‍ 45 വയസിനു ശേഷമുണ്ടാകുന്ന ക്രമം തെറ്റിയുള്ള ആര്‍ത്തവം മിക്കവാറും ആര്‍ത്തവവിരാമത്തിന്റെ ഭാഗമായി ഉണ്ടാകുന്നതായിരിക്കും. അതിനു പ്രത്യേകിച്ചു ടെസ്റ്റുകള്‍ നടത്തേണ്ട ആവശ്യമില്ല.

ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ക്രമം തെറ്റിയുള്ള ആര്‍ത്തവം കണക്കാക്കിയും ഹോര്‍മോണിന്റെ അളവ് പരിശോധിച്ചാല്‍ 40 വയസിനു താഴെയുള്ളവര്‍ക്ക് ഈസ്ട്രജന്‍ കുറയുന്നത് കണ്ടെത്താനാകും.
ഓവറിയുടെ പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ മൂലം മരുന്ന് കഴിക്കുന്നവരില്‍, കീമോതെറാപ്പി ട്രീറ്റ്‌മെന്റ് എടുത്തവരില്‍, തൈറോയിഡ്, പ്രമേഹം എന്നിവ ഉള്ളവരില്‍ ഈസ്ട്രജന്റെ അളവില്‍ കുറവ് സംഭവിക്കാം. തൈറോയിഡിന്റെ പ്രശ്‌നങ്ങള്‍, മുന്‍പ് ഓവറിയില്‍ സര്‍ജറി ആവശ്യമായി വന്നിട്ടുള്ളവരില്‍, സിസ്റ്റുകള്‍ നീക്കം ചെയ്തവരിലും ഓവറിയുടെ പ്രവര്‍ത്തനം നേരത്തെ നിലച്ചുപോകും. ഇവയൊക്കെ ഈസ്ട്രജന്റെ കുറവിനു കാരണമാകും.

എല്ലുകളുടെ ബലത്തിനും ശാരീരിക ആരോഗ്യം നിലനിര്‍ത്തുന്നതിനും ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഹൃദയത്തിന്റെ സംരക്ഷണത്തിനും ഈസ്ട്രജന്‍ ഹോര്‍മോണ്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഈസ്ട്രജന്റെ കുറവ് വളരെ നേരത്തെ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

uploads/news/2021/09/512058/hormon020921c.jpg

ചികിത്സയുണ്ട്


ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവ് തക്കസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഈസ്ട്രജന്റെ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം വിദഗ്ധ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനയിലൂടെ ഈസ്ട്രജന്റെ അളവ് കുറയുന്നത് കണ്ടെത്താം. ഈസ്ട്രജന്റെ കുറവ് നേരത്തെ കണ്ടെത്തുന്നതു മറ്റ് അപകടസാധ്യതകള്‍ ഒഴിവാക്കും. രക്തപരിശോധനയിലൂടെ ഹോര്‍മോണിന്റെ അളവ് കണ്ടെത്തുന്നതാണ് ചികിത്സയുടെ പ്രാരംഭഘട്ടം.

സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഹോര്‍മോണല്‍ ട്രീറ്റ്‌മെന്റിലൂടെ പരിഹരിക്കാനാകും.
25 വയസു മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്ക്് ഈസ്ട്രജന്‍ തെറാപ്പി നല്‍കാനാകും. ഈസ്ട്രജന്റെ കുറവ് പരിഹരിക്കുന്നതിനുള്ള ചികിത്സ രീതിയാണ് ഈസ്ട്രജന്‍ തെറാപ്പി. ഈസ്ട്രജന്‍ തെറാപ്പിയിലൂടെ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്, കാര്‍ഡിയോ വാസ്‌കുലര്‍ ഡിസീസസ്, ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനാകും. മറ്റൊന്ന് ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ് (ണ്ണണ്ണസ്സ).

ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകള്‍ക്ക് എച്ച് ആര്‍ ടി ചികിത്സ നല്‍കാറുണ്ട്. ആര്‍ത്തവവിരാമത്തോടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെയും പ്രൊജസ്‌ട്രോണിന്റെയും അളവില്‍ കുറവ് സംഭവിക്കും. എച്ച് ആര്‍ ടി യിലൂടെ ഹോര്‍മോണിന്റെ അളവ് പരിഹരിക്കാനാകും. ഈ ചികിത്സാ രീതികളിലൂടെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ കുറവുകള്‍ പരിഹരിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും.

കടപ്പാട്:
ഡോ. സൂസന്‍ ജോസഫ്

Ads by Google
Thursday 02 Sep 2021 05.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW