'' സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും യോഗയിലൂടെ ആരോഗ്യം നേടിയെടുക്കാം. മാനസിക ഉന്മേഷം നിലനിര്‍ത്തുന്നതിനു മാത്രമല്ല, മുഖസൗന്ദര്യവും ആകാരവടിവും നേടിയെടുക്കുന്നതിനും യോഗയിലൂടെ സാധിക്കും ''
ആകാരവടിവും മുഖസൗന്ദര്യവും ആഗ്രഹിക്കാത്തവരില്ല. ചെറുപ്പം നിലനിര്‍ത്താനും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാനും യോഗ പരിശീലിക്കാം. ശരീരസൗന്ദര്യത്തെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടുന്നത് സ്ത്രീകളാണെങ്കിലും പുരുഷന്മാരും ശരീരഘടന നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും യോഗയിലൂടെ ആരോഗ്യം നേടിയെടുക്കാം. മാനസിക ഉന്മേഷം നിലനിര്‍ത്തുന്നതിനു മാത്രമല്ല, മുഖസൗന്ദര്യവും ആകാരവടിവും നേടിയെടുക്കുന്നതിനും യോഗയിലൂടെ സാധിക്കും.
വേദകാലം മുതല്‍ യോഗാഭ്യാസം ആരംഭിച്ചിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും ഗീതയിലും യോഗയുടെ മാഹാത്മ്യം പ്രതിപാദിച്ചിട്ടുണ്ട്. നിബിഡ വനങ്ങളിലും ഗുഹകളിലും ആശ്രമങ്ങളിലും ഇരുന്ന് തപസനുഷ്ഠിച്ചിരുന്ന ഭാരതത്തിലെ ഋഷിമാര്‍ പ്രകൃതിയെ സസൂക്ഷ്മം വീക്ഷിക്കുകയും ജീവജാലങ്ങളെക്കുറിച്ച് കൂടുതല്‍ കണ്ടുപഠിക്കുകയും അവയുടെ ചേഷ്ടകള്‍ കണ്ട് മനസിലാക്കുകയും ചെയ്തിരുന്നു. അവയെ അനുകരിച്ച് പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി അവയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞു ശിഷ്യരെ പഠിപ്പിച്ചിരുന്നു.
ആരോഗ്യത്തിന്റെ പ്രധാന ഉപാധികളെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും സമഗ്രമായ അറിവ് ആ കാലത്തു തന്നെ ഇവര്‍ക്കുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യോഗാസനങ്ങള്‍ ആവിര്‍ഭവിച്ചത്. ഋഷിമാര്‍ ലോകജനതയുടെ ശാരീരിക മാനസിക ആത്മീയ ഉന്നമനത്തിനായി ഉതകുമെന്ന ഉത്തമവിശ്വാസത്തോടെ മനുഷ്യകുലത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് യോഗ.
ലക്ഷ്യങ്ങള്‍
വ്യക്തികളില്‍ അന്തര്‍ലീനമായികിടക്കുന്ന ചൈതന്യത്തെ ഉത്തേജിപ്പിച്ച് ഉല്‍കൃഷ്ടവും ഉദാത്തവുമായ മാര്‍ഗത്തിലൂടെ പൂര്‍ണതയിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന ജീവിതചര്യ കൂടിയാണ് യോഗവിദ്യ. ആധുനിക ജീവിതത്തിലെ ആളുകളെ സംബന്ധിച്ച് മാനസികവും ശാരീരികവുമായ സൗഖ്യമാണ് യോഗ കൊണ്ട് ലക്ഷ്യമാക്കുന്നത്. ഭൗതിക സുഖങ്ങള്‍ക്കപ്പുറം ഭൂരിഭാഗം ആളുകളും മാനസികമായും ശാരീരികമായും രോഗങ്ങളാല്‍ അസംതൃപ്തരും അസ്വസ്ഥരുമാണ.് അവര്‍ക്ക് ശാശ്വതമായ ആശ്വാസമേകുവാന്‍ യോഗ സഹായിക്കുന്നു. മാനസികമായ ഉന്മേഷം യോഗയിലൂടെ ലഭിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. യോഗാഭ്യാസത്തിന്റെ ശരിയായ ഉദ്ദേശ്യം തന്നെ ആന്തരിക സമാധാനവും സന്തോഷവും അവയവങ്ങളുടെ ചലനാത്മകതയും ശാന്തിയും സര്‍വ്വോപരി ആരോഗ്യവും നിലനിര്‍ത്തുകയെന്നതാണ്. ചിത്തത്തിന്റെ വൃത്തികളെ നിരോധിക്കുകയെന്നതാണ് യോഗയുടെ നിര്‍വചനം. എന്നാല്‍ യോഗയ്ക്ക് പലവിധ അര്‍ഥങ്ങള്‍ പറയപ്പെടുന്നുണ്ട്.

ഈശ്വരനുമായുള്ള കൂടിച്ചേരല്‍, ജീവാത്മാ പരമാത്മാ ബന്ധമാണ് യോഗ, മനസിനെ ഒന്നില്‍ തന്നെ കേന്ദ്രീകരിക്കുന്നതാണ് യോഗ. എന്നും അസാധ്യങ്ങള്‍ സാധിക്കാനുള്ള മാര്‍ഗം എന്നും വിവിധങ്ങളായ അര്‍ഥങ്ങള്‍ യോഗയെക്കുറിച്ച് പറയപ്പെടുന്നു. ചിത്തം നാനാ തരത്തിലുള്ള വൃത്തികള്‍ കൈക്കൊള്ളുന്നുണ്ട്. ആ വൃത്തികളെ തടയുന്ന പ്രവര്‍ത്തിയാണ് യോഗ. ചിത്തത്തിലുണ്ടാകുന്ന വിചാരതരംഗങ്ങളെയാണ് വൃത്തി എന്ന പദം കൊണ്ടര്‍ത്ഥമാക്കുന്നത്.
ഉദാഹരണത്തിന് ചിത്തത്തെ ഒരു തടാകമാണെന്നു സങ്കല്‍പിക്കുക. ആ തടാകത്തിന്റെ അടിത്തട്ടില്‍ ലോകത്തിലേക്കും വച്ച് അതുല്യമായ ഒരു രത്‌നം കിടപ്പുണ്ട്. എന്നാല്‍ ചെറിയൊരു കാറ്റ് വീശുമ്പോള്‍ പോലും ഓളങ്ങളുണ്ടാകുന്ന ഉപരിതലത്തിലൂടെ അടിയിലേക്ക് നോട്ടമെത്തുകയില്ല. അമൂല്യ രത്‌നം ഒരു തരത്തിലും കാണാനും കഴിയില്ല. ഈ ഓളങ്ങളെ അടക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ തടാകത്തിലെ ജലത്തിന്റെ ഉപരിഭാഗം ഒരു ഗ്ലാസ് ഫലകം പോലെ നിശ്ചലമായിത്തീരും. അതിലൂടെ അടിത്തട്ടില്‍ കിടക്കുന്ന അമൂല്യരത്‌നം ഏറ്റവും വലിയ സമ്പത്താണെന്നു ഗ്രഹിക്കുവാനും സാധിക്കും. ജീവിതത്തിലെ ശാശ്വതശാന്തിയും സമാധാനവും നേടുകയെന്നതാണ് യോഗയിലൂടെ ഉദ്ദേശിക്കുന്നത്.
ഈ വിധത്തില്‍ യോഗാപരിശീലനത്തിലൂടെ ഓളങ്ങളാകുന്ന വിചാരവികാരങ്ങളെ നിയന്ത്രിക്കുകയും ശാന്തിയുണ്ടാകുകയുമാണ് യോഗയുടെ ലക്ഷ്യം. വ്യക്തികള്‍ക്ക് അനന്തമായ സാധ്യതകള്‍ ഉണ്ടാക്കിത്തരുന്ന ഒരു യഥാര്‍ഥ വഴികാട്ടിയാണ് യോഗ. ശരീരത്തെയും മനസിനെയും ഒരുപോലെ സംസ്‌കരിക്കുകയാണ് യോഗ ചെയ്യുന്നത്.
ആരോഗ്യ ഗുണങ്ങള്‍
അനേകം സന്ധിബന്ധങ്ങളോടു കൂടിയതാണ് മനുഷ്യശരീരം. അധ്വാനിച്ചു ജീവിക്കാന്‍ ഉതകുന്ന വിധമാണ് അതിന്റെ ഘടന. എന്നാല്‍ ആധുനിക യന്ത്രയുഗത്തില്‍ ശാരീരിക അധ്വാനം കൂടാതെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്നുണ്ട്. ശാരീരികാധ്വാനം കുറഞ്ഞതു ശരീരത്തിലെ സന്ധിബന്ധങ്ങള്‍ അയവില്ലാതായി തീരുകയും അവയുടെ പ്രവര്‍ത്തന ക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. ഇവ പരിഹരിക്കുന്നതിനു പല വ്യായാമങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ മറ്റ് വ്യായാമങ്ങള്‍ ശരീരത്തിലെ ഊര്‍ജനഷ്ടത്തിനു കാരണമാകും. യോഗാവ്യായാമമൊഴിച്ച് ഏതു വ്യായാമയത്തിനും മാംസപേശികളെ ദ്രുതഗതിയില്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ ഊര്‍ജനഷ്ടത്തോടൊപ്പം മറ്റു അപകടങ്ങള്‍ക്കും വഴിതെളിക്കും.
പേശികള്‍ ദ്രുതഗതിയില്‍ സങ്കോചിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്താല്‍ കൂടുതല്‍ രക്തം ഹൃദയത്തില്‍ നിറയുകയും ഹൃദയത്തിലെ മാംസപേശികള്‍ ശക്തിയോടെ സങ്കോചിക്കുകയും ചെയ്യും. ഇതു ഹൃദയത്തിനു ദോഷം ചെയ്യും. യോഗാ വ്യായാമമാകട്ടെ ശരീരത്തില്‍ ഊര്‍ജനഷടം വരുത്തുന്നില്ലെന്നു മാത്രമല്ല കൂടുതല്‍ ഊര്‍ജം സംഭരിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നു. ലിവര്‍, പ്ലീഹ, പാന്‍ക്രിയാസ്, കിഡ്‌നി, ഹൃദയം, ശ്വാസകോശം, നാഡി ഞരമ്പുകള്‍, ചെറുകുടല്‍, വന്‍കുടല്‍ എന്നിവയുടെയും തൈറോയിഡ്, പാരാതൈറോയിഡ്, ടോണ്‍സില്‍, പിറ്റിയൂറ്ററി തുടങ്ങിയ അന്തസ്രാവഗ്രന്ഥികളെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യമുള്ളതാക്കി തീര്‍ക്കുകയും ചെയ്യുന്നു. കൂടാതെ ടെന്‍ഷന്‍ നിറഞ്ഞ മനസുകളെ സംഘര്‍ഷരഹിതമാക്കി സദാ ഊര്‍ജസ്വലമാക്കി, ക്രിയാത്മകമായ ചിന്തകള്‍ക്കുടമയാക്കി മാറ്റുന്നതിനും യോഗ ഉപകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മാനസിക ശാന്തിയും സമാധാനവും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ യോഗയിലൂടെ സാധിക്കും.
ശരിയായ ആരോഗ്യം
ആരോഗ്യത്തെക്കുറിച്ച് പലര്‍ക്കും തെറ്റായ ധാരണയാണുള്ളത്. ശരീരത്തിന്റെ വണ്ണം, തൂക്കം, മസിലുകളുടെ വലിപ്പം കൂടുതല്‍, ഭാരം ഉയര്‍ത്താനുള്ള ശേഷി ഇവയൊക്കെയാണ് സാധാരണ ആരോഗ്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നത്. എന്നാല്‍ ആരോഗ്യത്തെക്കുറിച്ച് ആചാര്യന്മാര്‍ പറയുന്നത് ഇങ്ങനെയാണ്. ശരീരത്തിന്റെ എല്ലാ ഭാഗത്തും താപനില സമമായിരിക്കണം, ശരീരം ഒരു ഭാരമായി തോന്നരുത്, എപ്പോഴും സുഖ പ്രതീതിയുണ്ടായിരിക്കണം, ശക്തമായ വിശപ്പ് അനുഭവപ്പെടണം, ഗാഢമായ നിദ്രയുണ്ടാകണം, മനസ് പ്രസന്നമായിരിക്കണം, പ്രവര്‍ത്തി ചെയ്യുന്നതില്‍ സാമര്‍ത്ഥ്യം ഉണ്ടായിരിക്കണം, അലസത തോന്നുവാന്‍ പാടില്ല, യഥാസമയം മലമൂദ്രാദികളുടെ വിസര്‍ജ്ജനം നടക്കണം, ഇവ ശരീരത്തിന്റെ സ്വസ്ഥതയുടെയും ആരോഗ്യത്തിന്റെയും ലക്ഷണമാകുന്നു. ഇതില്‍ ഏതെങ്കിലുമൊക്കെ ഇല്ലാതായാല്‍ ശരീരം രോഗബാധിതമാണെന്നു പറയാം. രോഗത്തെ ശമിപ്പിച്ചതുകൊണ്ട് മാത്രം ആരോഗ്യം നേടാമെന്നോ നിലനിര്‍ത്താമെന്നോ കരുതാനാകില്ല. ആരോഗ്യത്തിനു ഹാനികരമല്ലാത്തതും ആരോഗ്യദായകവുമായ ജീവിതചര്യകൊണ്ടു മാത്രമേ ആരോഗ്യസംരക്ഷണം സാധ്യമാകൂ. ഇതിനായി ശരിയായ ആഹാരക്രമം, വ്യായാമം, വിശ്രമം ഇവ പാലിക്കേണ്ടതുണ്ട്്.
ശരീരസൗന്ദര്യത്തിന്
1. പത്മാസനം
ചെയ്യുന്ന വിധം: കാലുകള്‍ രണ്ടും മുന്നോട്ട് നീട്ടി ഇരിക്കുക. ഇനി വലതുകാല്‍ മുട്ടുമടക്കി ഉപ്പൂറ്റി അടിവയറിനോട് ഏറ്റവും ചേര്‍ത്ത് കൊണ്ടുവന്നു ഇടതുതുടയുടെ മേല്‍ഭാഗത്തായി കയറ്റി വയ്ക്കുക. വയറിനോടു ചേര്‍ന്നിരിക്കുവാന്‍ ശ്രമിക്കണം. ഓരോ തുടയിലും കാല്‍പാദങ്ങള്‍ കയറ്റി വയ്ക്കുവാന്‍ എതിര്‍ വശങ്ങളിലെ കൈ ഉപയോഗിക്കുക. കാല്‍മുട്ടുകള്‍ തറയില്‍ അമര്‍ന്നിരിക്കണം. ശരീരം നേരെയാക്കി കഴുത്ത്, ശിരസ്, ഇവ ഒട്ടും വളയാതെ നിവര്‍ന്നിരുന്ന് ഇടതുകൈ വെള്ളയില്‍ വലതുകൈ വെള്ള മലര്‍ത്തി വയ്ക്കുക. അല്ലെങ്കില്‍ അതാതു കാല്‍മുട്ടിന്‍മേല്‍ കൈകള്‍ ചിന്മുദ്രയില്‍ വിശ്രമിക്കട്ടെ. ഈ ആസനത്തിലിരുന്ന് ശ്വസനക്രിയ അനുഷ്ഠിക്കാം. ഇനി കാലുകള്‍ കൈകളുടെ സഹായത്താല്‍ പൊക്കി മാറ്റിയ ശേഷം കാലുകള്‍ നില മാറ്റി തുടയില്‍ എടുത്തു വച്ചും ശീലിപ്പിച്ചാല്‍ ഈ ആസനം പൂര്‍ണമാകും.
ഗുണങ്ങള്‍:
ശാന്തമായ അന്തരീക്ഷത്തില്‍ ഇതനുഷ്ഠിച്ചാല്‍ മനസ് സ്വസ്ഥമാകുന്നു. മാനസികാരോഗ്യം വര്‍ധിക്കുന്നു. മാനസിക ഉത്തേജനത്തിന് സഹായിക്കുന്നു. ശരീരക്ഷീണം പെട്ടെന്നു മാറിക്കിട്ടും.
2. ശശാങ്കാസനം
ആദ്യമായി വജ്രാസനത്തില്‍ ഇരിക്കുക. കാല്‍മുട്ടിനു മുന്‍ഭാഗത്തായി കട്ടിയായി ഒരു തുണി മടക്കി വച്ചിരിക്കണം. വലതുകാല്‍പാദത്തിലും ഇടതുകാല്‍പാദത്തിലും ഇരുകൈകള്‍ കൊണ്ടും പിടിച്ച് അല്‍പം മുന്നോട്ട് ചാഞ്ഞിരിക്കണം. പൃഷ്ഠഭാഗം ഉയര്‍ത്തുക. അതിനുശേഷം ശരീരം കൂടുതല്‍ മുന്നോട്ട് താഴ്ത്തി നെറുകഭാഗം മടക്കി വച്ചിട്ടുള്ള ഷീറ്റില്‍ (തുണിയില്‍) കൊള്ളിച്ചു വയ്ക്കുക. ഈ സമയം സാധാരണ ഗതിയിലുള്ള ശ്വാസോഛ്വാസം നടത്തിയാല്‍ മതിയാകും. അരക്കെട്ട് ഉയര്‍ന്നിരിക്കും. ശരീരം ഏതാണ്ട് 'റ' ആകൃതിയില്‍ നിലനില്‍ക്കും. ഈ രീതിയില്‍ ആരംഭത്തില്‍ 5 പ്രാവശ്യം ശ്വാസോഛ്വാസം ചെയ്യുക. അതിനുശേഷം വജ്രാസനത്തിലെത്തി അവസാനിപ്പിക്കുന്ന യോഗാസനം അനുഷ്ഠിക്കുക.
ഗുണങ്ങള്‍:
തലയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നു. ഇതുമൂലം തലച്ചോറിനും മുഖത്തിനും ഉന്മേഷം ലഭിക്കുന്നു. തലവേദന ഇല്ലാതാകുന്നു. മുഖത്തിനു കൂടുതല്‍ കാന്തി ലഭിക്കുന്നു. മുഖസൗന്ദര്യം വര്‍ധിക്കുന്നു. വയറിലെ മാംസപേശികള്‍ക്ക് നല്ല ഉറപ്പ് ലഭിക്കുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പല അസുഖങ്ങളും മാറിക്കിട്ടുന്നു. മനസിനു നവോന്മേഷം ലഭിക്കുന്നു.
3. ശലഭാസനം
കമിഴ്ന്നു കിടക്കുക. താടി തറയില്‍ തൊട്ടിരിക്കണം. കൈകള്‍ രണ്ടും കമിഴ്ത്തി പിന്നോട്ട് നീട്ടി വേണമെങ്കില്‍ ഇരു തുടകള്‍ക്കും അടിഭാഗത്തായി ഒരു താങ്ങുപോലെ വയ്ക്കാം. ഇതിനുശേഷം ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിച്ചുകൊണ്ട് വലതുകാല്‍ ഉയര്‍ത്തുക. അതിനുശേഷം ശ്വാസം മെല്ലെ പുറത്തേക്ക് വിട്ടുകൊണ്ട് കാല്‍ സാവധാനം താഴ്ത്തികൊണ്ടുവന്ന് ഷീറ്റില്‍ പതിപ്പിക്കുന്നതോടൊപ്പം ശ്വാസം പൂര്‍ണമായി പുറത്തേക്ക് വിട്ടിരിക്കണം. അതിനുശേഷം ഇടതുകാല്‍കൊണ്ടും ഇങ്ങനെ ചെയ്യുക. കാല്‍ ഉയര്‍ത്തുന്നത് ഒരു സെക്കന്റ്് എന്ന ആനുപാതത്തിലായിരിക്കണം ശ്വാസോഛ്വാസം നടത്തേണ്ടത്. ശ്വാസം എടുക്കുന്നതിന്റെ ഇരട്ടി സമയം വേണം ശ്വാസം പുറത്തേക്ക് വിടുവാന്‍. ഈ രീതി ആദ്യം മുതല്‍ ശീലിച്ചു തുടങ്ങണം. എങ്കില്‍ മാത്രമേ മുന്നോട്ടുള്ള അഭ്യാസങ്ങളില്‍ ഇതു പ്രായോഗികമാകൂ. ഇതില്‍ ശലഭാസനത്തിന്റെ രണ്ടാം ഘട്ടമായി രണ്ടുകാലുകളും ചേര്‍ത്ത് വച്ച ശേഷം ശ്വാസം എടുത്തുകൊണ്ട് പരമാവധി ഉയര്‍ത്തുകയും അതിനുശേഷം ശ്വാസം വിട്ടുകൊണ്ട് സാവധാനം താഴ്ത്തി വിരിപ്പില്‍ അമര്‍ത്തി വയ്ക്കുന്നതോടെ ശലഭാസനം പൂര്‍ണമാകുന്നു. ഇങ്ങനെ അഞ്ചു പ്രാവശ്യം ആവര്‍ത്തിക്കണം.
ഗുണങ്ങള്‍:
ഇടുപ്പു വേദനയ്ക്ക് ശമനമുണ്ടാകുന്നു. ദേഹത്തിനു നല്ല ലാഘവം സിദ്ധിക്കുന്നു. കാലുകളുടെയും അരക്കെട്ടിന്റേയും മസിലുകള്‍ ഒതുങ്ങി, നല്ല ആകൃതിയും സൗന്ദര്യവും ലഭിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അംഗലാവണ്യത്തിനായി ചെയ്യാവുന്ന ഫലപ്രദമായ ആസനമാണിത്. വിശപ്പു വര്‍ധിപ്പിക്കുന്നു. അതോടൊപ്പം വയറിന്റെ പേശികളുടെ ബലം കൂടുന്നു.
4. ദോലാസനം
കൈകള്‍ രണ്ടും മുന്നോട്ട് നീട്ടി വച്ച് ഉള്ളം കൈ തറയില്‍ ചേര്‍ത്ത് കമഴ്ത്തി വച്ച് കമഴ്ന്നു കിടക്കുക. താടി തറയില്‍ തൊട്ടിരിക്കട്ടെ. ഇങ്ങനെ കിടന്ന് ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിക്കുക. കൈകള്‍, ശിരസ്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ തറയില്‍ നിന്നും ഒന്നിച്ച് ഉയര്‍ത്തികൊണ്ടുവരിക. കാലുകള്‍ എത്രമാത്രം മുകളിലേക്ക് ഉയര്‍ത്താമോ അത്രമാത്രം ഉദരഭാഗത്ത് വ്യായാമം ലഭിക്കുന്നു. ശരീരം ഉയര്‍ത്തിയ ശേഷം സാവകാശമായി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകാലുകള്‍, ശിരസ് എന്നിവ താഴ്ത്തി തറയില്‍ ചേര്‍ത്തു വയ്ക്കുക. ഈ വിധം 5 പ്രാവശ്യം ആവര്‍ത്തിക്കുക.
ഗുണങ്ങള്‍:
കൈകാലുകള്‍, നട്ടെല്ല്, അരക്കെട്ട് എന്നീ ശരീരഭാഗങ്ങള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നു. അതിനാല്‍ ഈ ഭാഗത്തെ മാംസപേശികള്‍ ശക്തമാകുന്നു. ശരീരസൗന്ദര്യം വര്‍ധിക്കുന്നു. അംഗലാവണ്യം ലഭിക്കുന്നു.
യോഗയുടെ ഗുണങ്ങള്‍
1. യോഗ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.
2. ക്രിയാത്മകമായി ചിന്തിക്കാനുള്ള കഴിവ് വര്‍ധിക്കുന്നു.
3. കര്‍മ്മശക്തിയും ഓര്‍മശക്തിയും വര്‍ധിക്കുന്നു.
4. ശരീരം,ബുദ്ധി, മനസ് ഇവ ശുദ്ധമാകുന്നു.
5. രോഗങ്ങള്‍ അകന്നുപോകുന്നു.
6. ശരീരസൗന്ദര്യം വര്‍ധിപ്പിച്ച് യുവത്വം നിലനിര്‍ത്തുന്നു.
7. ഏകാഗ്രത വര്‍ധിക്കുന്നു.
8. ശരീരത്തിനും മനസിനും രോഗപ്രതിരോധശക്തി വര്‍ധിക്കുന്നു.
9. രക്തചംക്രമണം വര്‍ധിക്കുന്നു.
10. ആത്മവിശ്വാസം വര്‍ധിക്കുന്നു.
11. ആന്തരിക ഗ്രന്ഥികള്‍ ശക്തി പ്രാപിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മുഖസൗന്ദര്യവും ആകാരവടിവും നിലനിര്‍ത്തുന്നതിനുതകുന്ന യോഗാസനങ്ങള്‍ക്കൊപ്പം മറ്റു യോഗാ വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഭുജംഗാസനം, ശലഭാസനം, ധനുരാസനം:
ഉദരാവയവങ്ങള്‍ക്ക് അത്യധികം ക്ഷീണമോ കടുത്ത രോഗബാധയോ ഉള്ളപ്പോള്‍ ഈ ആസനങ്ങള്‍ ചെയ്യരുത്.
പശ്ചിമോത്താനം, പാദഹസ്താസനം, യോഗമുദ്ര:
ഈ ആസനങ്ങള്‍ കഠിനമായ മലബന്ധമുള്ളപ്പോള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ലഘുവായി മാത്രമേ ചെയ്യാവൂ. വയറ്റില്‍ വേദന അനുഭവപ്പെട്ടാല്‍ ചെയ്യരുത്.
ശീര്‍ഷാസനം:
ചെവിപ്പഴുപ്പ്, ചെവിവേദന, കണ്ണിലെ ഞരമ്പുകള്‍ക്ക് രോഗം, ഹൃദ്രോഗം ഇവ ബാധിച്ചവര്‍ ശീര്‍ഷാസനം ചെയ്യരുത്.
ഉഡ്ഢിയാനബന്ധം, നൗളിക്രിയ:
ക്ഷീണഹൃദയരും കുടലില്‍ വൃണം വന്നവരും ഇവ ചെയ്യരുത്.
സര്‍വാംഗാസനം, വിപരീതകരണി:
ജലദോഷം, മൂക്കടപ്പ്, മൂക്ക് പഴുക്കുക, തൊണ്ടയില്‍ അസുഖം ഇവ ബാധിച്ചവര്‍ ഈ രണ്ട് ആസനങ്ങള്‍ ചെയ്യാന്‍ പാടില്ല.
ഉജ്ജായിയും കുംഭകങ്ങളും:
പ്രാണായാമത്തിലെ പ്രധാനപ്പെട്ട ഈ രണ്ടു വിഭാഗങ്ങളും ശ്വാസകോശങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചവര്‍ ചെയ്യരുത്. അവര്‍ ലഘുപ്രാണായാമങ്ങള്‍ ചെയ്തു ശ്വാസകോശബലവും നാഡീഞരമ്പുകള്‍ക്ക് ശക്തിയും ആര്‍ജിക്കുക.
യോഗ അഭ്യസിക്കുമ്പോള്‍
1. രാവിലെ 5 മണിക്കും 8 മണിക്കും ഇടയിലും വൈകുന്നേരം 4നും 7 നും ഇടയിലും യോഗ അഭ്യസിക്കാന്‍ അനുയോജ്യമായ സമയമാണ്.
2. മലമൂത്രവിസര്‍ജനം നടത്തി ദന്തശുദ്ധി വരുത്തിയ ശേഷം യോഗ അഭ്യസിക്കുന്നത് ഉത്തമമായിരിക്കും. നിലത്ത് പായയോ, കോട്ടണ്‍ഷീറ്റോ വിരിച്ച് അതില്‍ കിടന്നുവേണം യോഗ അഭ്യസിക്കുവാന്‍. വെറും തറയില്‍ യോഗ ചെയ്യുവാന്‍ പാടില്ല.
3. ശരീരത്തില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുവാന്‍ പാടില്ല. ശരിയായ രീതിയില്‍ ശുദ്ധവായു ലഭിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ഹാളിലോ മുറിയിലോ തുറസ്സായ സ്ഥലത്തോ യോഗ അഭ്യസിക്കാം.
4. കിഴക്കിനോ വടക്കിനോ അഭിമുഖമായി കിടന്നും ഇരുന്നും നിന്നും വേണം യോഗ അഭ്യസിക്കുവാന്‍. വളരെ ശ്രദ്ധാപൂര്‍വം സാവധാനം വേണം യോഗ അഭ്യസിക്കുവാന്‍. ശ്വസനക്രിയ നിര്‍ബന്ധമായും ചെയ്തിരിക്കണം. യോഗാ അഭ്യാസം അവസാനിപ്പിക്കേണ്ടത് യോഗനിദ്ര (ശവാസനം) യോടെ ആയിരിക്കുവാന്‍ ഓര്‍മിക്കണം.
5. യോഗയുടെ കൂടെ മറ്റു കഠിന വ്യായാമങ്ങള്‍ ചെയ്യുവാന്‍ പാടില്ല.
ലഘുഭക്ഷണത്തിനു ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞും പ്രധാന ഭക്ഷണത്തിനു ശേഷം നാലുമണിക്കൂര്‍ കഴിഞ്ഞും വേണം യോഗ അഭ്യസിക്കുവാന്‍.
6. യോഗാഭ്യാസവും ധ്യാനവും മുടക്കം കൂടാതെ ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും ചെയ്യുവാന്‍ ശ്രമിക്കേണ്ടതാണ്.
7. എട്ടു വയസു മുതല്‍ യോഗ അഭ്യസിച്ചു തുടങ്ങാം.
8. സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് യോഗ ചെയ്യുവാന്‍ പാടില്ല. വിശ്രമത്തിനു മുന്‍തൂക്കം നല്‍കണം.
9. രോഗികള്‍ അവര്‍ക്ക്് അനുയോജ്യമായ ആസനങ്ങള്‍ അനുഷ്ഠിച്ചാല്‍ മതിയാകും.
10. പ്രാണായാമങ്ങളും കഠിനാസനങ്ങളും ഒരു ഗുരുവില്‍ നിന്നും പഠിക്കുകയാണുത്തമം.
11. ആദ്യം ശരീരം വഴങ്ങുന്ന രീതിയില്‍ മാത്രം ആസനങ്ങള്‍ അഭ്യസിച്ചുതുടങ്ങുക. കാലക്രമത്തില്‍ ശരീരം അയവുള്ളതായി വരും.
യോഗ നിത്യജീവിതത്തിന്റെ ഒരു ചര്യയാക്കി മാറ്റുകയും യോഗയുടെ മാര്‍ഗത്തിലൂടെ ജീവിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
കടപ്പാട്:
മേഴ്‌സി ജേക്കബ്
യോഗ ട്രെയ്‌നര്‍, കോട്ടയം