കുവൈത്ത്‌സിറ്റി: കുവൈത്തില്‍ തൊഴില്‍വിസ മാറുന്നതിനുള്ള കാലാവധി മൂന്നുവര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കുവൈത്ത് മാനവവിഭവശേഷി പൊതു അതോറിട്ടി ഡയറക്ടര്‍ ജനറല്‍ അഹ്്മദ് അല്‍ മൗസ പുറപ്പെടുവിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തൊഴിലുടമകള്‍ നല്‍കിയിരിക്കുന്ന തൊഴില്‍വിസയില്‍ തൊഴിലുടമയെ മാറുന്നതിനുള്ള കാലാവധിയാണ് ഒരു വര്‍ഷമാക്കി ചുരുക്കിയത്.
നേരത്തെ പുതിയ വിസയില്‍ വരുന്നവര്‍ക്ക് ആദ്യ സ്‌പോണ്‍സറുടെ കീഴില്‍ മൂന്ന് വര്‍ഷം ജോലി ചെയ്യണമെന്ന നിബന്ധനയായിരുന്നു.ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ച് തൊഴില്‍വിസ ലഭിച്ച തിയതിക്കുശേഷം ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് തൊഴിലുടമയെ മാറാവുന്നതാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തൊഴിലിടങ്ങളില്‍ തൊഴിലാളിക്ഷാമം രൂക്ഷമായതിനാലാണ് ഇളവ് നല്‍കുന്നത്.
തൊഴില്‍ മാറുമ്പോള്‍ അതോറിട്ടിയുടെ നിയമങ്ങളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്നും അല്‍ മൗസ വ്യക്തമാക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇപ്പോഴത്തെ നിര്‍ദേശം ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.