കുവൈത്ത് സിറ്റി: കോവിഡിനെതിരേയുള്ള പോരാട്ടത്തില് മുന്നിരയില് പ്രവര്ത്തിച്ച എല്ലാ ജീവനക്കാരെയും കുവൈത്ത് അമീര് ഷേഖ് നവാഫ് അല് അഹ്്മദ് അല് ജാബെര് അല് സാബാ അഭിനന്ദിച്ചു. റമദാന് മാസത്തിലെ അവസാന പത്തുദിനത്തോട് അനുബന്ധിച്ച് രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ആരോഗ്യപ്രവര്ത്തകരെ അനുമോദിച്ചത്. ഒരുവര്ഷത്തിലധികമായി അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ലോകത്തെ മുഴുവന് ബാധിച്ചിരിക്കുന്ന കൊറോണാ വൈറസിനെതിരേ മുന്കരുതലും ജാഗ്രതയും അനിവാര്യമാണെന്നും അദ്ദേഹം ഓര്മിപ്പിച്ചു. ഈ മഹാമാരി നിയന്ത്രണവിധേയമാകുന്നതുവരെ ക്ഷമയും കരുതലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില് ആപത്ത് മുന്നില്ക്കണ്ടാണ് മുന്നിര ആരോഗ്യപ്രവര്ത്തകര് സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് അമീര് പറഞ്ഞു. ഈ വൈറസിനെ പൂര്ണമായും തുരത്തുന്നതിന് ലോകാരോഗ്യ സംഘടനയുടെ മാര്ഗനിര്ദേശമനുസരിച്ച് ഏറ്റവും മികച്ച പ്രതിരോധ പ്രവര്ത്തനങ്ങളാണ് മുന്നിര ആരോഗ്യപ്രവര്ത്തകര് നടത്തിയത്. ദേശീയബോധത്തോടെയുള്ള ഈ പ്രവര്ത്തനം ഫലംകണ്ടു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും തകര്ക്കുന്ന തരത്തിലുള്ള വെല്ലുവിളികളില് ജാഗ്രതയുള്ളവരായിരിക്കണമെന്ന് അമീര് നിര്ദേശിച്ചു. ജന്മനാടിന്റെ ഐക്യം നിലനിറുത്തുന്നതിനാണ് പൂര്വികര് ശ്രമിച്ചത്. ദേശീയ ഐക്യമാണ് നമ്മുടെ എകമാര്ഗം.
രാജ്യത്തെയും രാജ്യസമ്പത്തിനെയും സംരക്ഷിക്കാന് ജനങ്ങള് ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ജനങ്ങള് ആഗ്രഹിക്കുന്നതുപോലെ രാജ്യത്ത് വികസനം സാധ്യമാകുന്നതിന് വിവിധ സര്ക്കാര് വകുപ്പുകള് തമ്മിലുള്ള സഹകരണവും ഏകോപനവും അനിവാര്യമാണെന്ന് അമീര് ഉദ്ബോധിപ്പിച്ചു. സംഘര്ഷങ്ങളും വിഭാഗീയതയും ഒഴിവാക്കണമെന്നും ഇത് രാജ്യത്തെ പുരോഗതിയലേക്കു നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യത്തോടും ശാന്തവും പരസ്പരം കുറ്റപ്പെടുത്താത്തതുമായ സംവാദങ്ങളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കണമെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകര്ക്കുന്ന ശ്രമങ്ങളെ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്ഥിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളുടെയും യാഥാര്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം നിര്ദേശിച്ചു.
റമദാന്റെ ഈ രാവുകളില് മുന് അമീര് ഷേഖ് സാബാ അല് അഹ്്മദ് അല് ജാബെര് അല് സാബായുടെ ആത്മാവിനോട് കരുണയുണ്ടാകണമെന്ന് അള്ളാഹുവിനോട് പ്രാര്ഥിക്കണമെന്ന് അമീര് അഭ്യര്ഥിച്ചു. ഈ നോമ്പുകാലത്തെ പ്രാര്ഥനകളും ഉപവാസവും നന്മപ്രവര്ത്തികളും രാജ്യത്തെ സംരക്ഷിക്കുന്നതിനും നാടിന്റെ നന്മയ്ക്കും ഉയര്ച്ചയ്ക്കും ഉപകരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.