കുവൈത്ത്‌സിറ്റി: മെയ് അഞ്ചിന് ശേഷം കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലിലും കുവൈത്തിലെ ഒരു വാണീജ്യ കപ്പലിലും,വായുസേനയുടെ വിമാനത്തിലുമായി ദ്രവീകൃത ഓക്സിജന്‍, അവ എത്തിക്കുന്നതിനുള്ള ക്രയോജനിക് ടാങ്കറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ മുതലായവയാണ് ഇന്ത്യയിലേക്ക് എത്തിച്ചുവെന്ന് സ്ഥാനപതി സിബിജോര്‍ജ് പറഞ്ഞു.
കോവിഡ് മഹാമാരിക്കിടെ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യന്‍ സമൂഹത്തെ പരിഗണിക്കുകയും ഇന്ത്യയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്ന കുവൈത്ത് അമീര്‍ ഷേഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായ്ക്കും ,കിരീടാവകാശി ഷേഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബെര്‍ അല്‍ സാബായ്ക്കും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് നന്ദി പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ ശരിക്കും പിടിച്ചുകുലുക്കുകയാണ്. ഇന്ത്യയില്‍നിന്നും കുവൈത്തിലേക്കോ തിരിച്ചോ യാത്ര നിരോധിച്ചിരിക്കുകയാണ്. വന്ദേ ഭാരത് യജ്ഞം പോലും നിറുത്തിവച്ചു.
കോവിഡിന്റെ ഒന്നാം തരംഗത്തെ ഇന്ത്യ ഫലപ്രദമായി നേരിട്ടു.
എന്നാല്‍,ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞവര്‍ഷം ചില രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്ന സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യ നേരിടുകയാണ്. ആരോഗ്യരംഗത്ത് നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായം എത്തുന്നുണ്ട്. ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി ഓക്സിജന്‍ ക്ഷാമമാണ്. ഏപ്രില്‍ 26 ന് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭായോഗം ഇന്ത്യയ്ക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തിരുന്നു. കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്്മദ് നാസെര്‍ അല്‍ മൊഹമ്മദ് അല്‍ സാബാ, ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ഫോണിലൂടെ സ്ഥിതിഗതികള്‍ ചര്‍ച്ചയുംചെയ്തു. തുടര്‍ന്നാണ് ഇന്ത്യയ്ക്ക് അടിയന്തര സഹായം എത്തിക്കാന്‍ കുവൈത്ത് തീരുമാനിച്ചത്. ഈ മാസം നാലിന് കുവൈത്ത് വ്യോമസേനാ വിമാനത്തില്‍ 40 ടണ്‍ സഹായം ഇന്ത്യയിലെത്തിച്ചത്. 11 വെന്റിലേറ്ററുകള്‍, 282 ഓക്സിജന്‍ സിലിണ്ടറുകള്‍, 60 ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍, മരുന്നുകള്‍, മറ്റ് ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. അന്നേദിവസം തന്നെ ഇന്ത്യന്‍ സൈനികകപ്പലായ ഐഎന്‍എസ് കൊല്‍ക്കത്ത, കുവൈത്തിന്റെ സഹായവുമായി കുവൈത്തിലെ ഷുവൈഖ് തുറമുഖം വിട്ടു. ഇതില്‍ 40 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജനും കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വകയായുള്ള 200 ഓക്സിജന്‍ സിലിണ്ടറുകളും നാല് ഓക്സിജന്‍ കോണ്‍സന്ററേറ്ററുകളും ഉള്‍പ്പെട്ടിരുന്നു.
മേയ് അഞ്ചിന് ഒരു വാണിജ്യക്കപ്പലില്‍ 75 മെട്രിക് ടണ്‍ ദ്രവീകൃത ഓക്സിജനും ആയിരം ഓക്സിജന്‍ സിലിണ്ടറുകളും കുവൈത്ത് ഇന്ത്യയിലേക്ക് സഹായമായി അയച്ചു. മേയ് ആറിന് ഇന്ത്യന്‍ സൈനികകപ്പലായ ഐഎന്‍എസ് കൊച്ചിയില്‍ കുവൈത്ത് സര്‍ക്കാരിന്റെ സഹായമായി 60 മെട്രിക് ടണ്‍ ഓക്സിജനും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയായി 800 ഓക്സിജന്‍ സിലിണ്ടറുകളും ഇന്ത്യയിലേക്കയച്ചു. അന്നേദിവസം തന്നെ മറ്റൊരു ഇന്ത്യന്‍ കപ്പലായ ഐഎന്‍എസ് തബാറും കുവൈത്ത് സഹായമായ 40 മെട്രിക് ടണ്‍ ഓക്സിജനും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയായ 600 ഓക്സിജന്‍ സിലിണ്ടറുകളുമായി കുവൈത്ത് തീരം വിട്ടിരുന്നു.
കുവൈത്തിലെ ഇന്ത്യന്‍ സമൂഹവും മാതൃരാജ്യം നേരിടുന്ന പ്രതിസന്ധിയില്‍ വളരെ ക്രിയാത്മകമായാണ് സഹകരിക്കുന്നതെന്ന് ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപോര്‍ട്ട് ഗ്രൂപ്പും മറ്റ് വിവിധ സംഘടനകളുമായി സഹായം എത്തിക്കുന്നതു സംബന്ധിച്ച് സംസാരിച്ചപ്പോള്‍തന്നെ രാജ്യത്തിനുള്ള സഹായം മിക്കവരും വാഗ്ദാനം ചെയ്തിരുന്നു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹം ശേഖരിക്കുന്ന സഹായം ഇന്ത്യയിലെത്തിക്കുന്നതിന് കുവൈത്തിലെ എംബസിയാണ് നേതൃത്വം നല്‍കുന്നത്. ഇവയുടെ നീക്കത്തിന് യാതൊരു തടസവുമുണ്ടാകാതിരിക്കാന്‍ കുവൈത്ത് അധികൃതര്‍ നിരന്തര ജാഗ്രതയിലാണെന്നും അംബാസഡര്‍ പറഞ്ഞു.