Saturday, August 14, 2021 Last Updated 7 Min 42 Sec ago English Edition
Todays E paper
Thursday 06 May 2021 01.06 PM

ഒ. ഐ.സി.സി നാഷണൽ കമ്മറ്റി പ്രസിഡൻറ് പി. എം നജീബിൻറെ നിര്യാണത്തിൽ ദമാം ഒ ഐ സി സി അനുശോചിച്ചു.

uploads/news/2021/05/483552/Usa060521b.jpg

ദമ്മാം : രണ്ട്‌ പതിറ്റാണ്ടുകൾക്ക് മുമ്പ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലുള്ള കോൺഗ്രസ്സ് പ്രവർത്തകരെ കണ്ടെത്തി കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രവർത്തനത്തിന് കിഴക്കൻ പ്രവിശ്യയിൽ തുടക്കമിട്ടവരിൽ പ്രധാനിയായ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബിൻറെ ആകസ്മിക നിര്യാണത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ദമ്മാം കേന്ദ്രീകരിച്ച് കിഴക്കൻ പ്രവിശ്യയിലും, അതോടൊപ്പം സൗദി അറേബ്യയിലുടെനീളവും സംഘടനയുടെ ചുക്കാൻ പിടിച്ചിരുന്ന പി എം നജീബ് ഒ ഐ സി സി യുടെ സൗദി അറേബ്യയിലെ ജനകീയ മുഖമായിരുന്നുവെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒരു കാലഘട്ടത്തിൽ മലബാർ മേഖലയിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരൻറെ പ്രതിപുരുഷനായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സാദിരിക്കോയയുടെ മകനെന്ന പശ്ചാത്തലവും സംഘടനാ പ്രവർത്തന പാരമ്പര്യവും കൈമുതലായുള്ള പി എം നജീബിൻറെ സംഘടനാ പാഠവം ഒ ഐ സി സി യെന്ന പ്രസ്ഥാനത്തിനെ കിഴക്കൻ പ്രവിശ്യയിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

സംഘടനയിലെ സാധാരണക്കാരായ പ്രവർത്തകരോട് ഇഴയടുപ്പമുള്ള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന പി എം നജീബ്, കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹത്തിനും ഏറെ സ്വീകാര്യനായിരുന്നു. വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹത്തിൻറെ ശൈലി അനുകരണീയമായിരുന്നുവെന്നും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഒ ഐ സി സി യുടെ പ്രവർത്തങ്ങൾക്കൊപ്പം തന്നെ, കിഴക്കൻ പ്രവിശ്യയിലെ മറ്റ് കലാ - സാംസ്ക്കാരിക - കായിക - ജീവകാരുണ്യ - വിദ്യാഭ്യാസ സംബന്ധമായ പൊതു കൂട്ടായ്മകളിലും അദ്ദേഹത്തിൻറെ സാന്നിദ്ധ്യം സജീവമായിരുന്നു. ഒ ഐ സി സി നേതാവെന്ന നിലയിൽ കിഴക്കൻ പ്രവിശ്യയിലെ പൊതുസമൂഹത്തിൽ സർവ്വസമ്മതനായ പി എം നജീബ് ഒട്ടനവധി പ്രവാസികളുടെ വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനധീതമായ് ഇടപെട്ട് പരിഹാരം കണ്ടെത്തിയിട്ടുണ്ട്.

പ്രവാസ മേഖലയിൽ പി എം നജീബ് നടത്തിയിട്ടുള്ള ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും, അദ്ദേഹത്തിൻറെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയും വിവിധ ജില്ലാ ഏരിയ വനിതാ യൂത്ത് വിംഗ് കമ്മിറ്റികളും പ്രണാമം അർപ്പിക്കുന്നതായി ദമ്മാം ഒ ഐ സി സി അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു.

ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുൽ ഹമീദ്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട്, റീജ്യണൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തർ മറ്റ് നേതാക്കളായ ഇ കെ സലിം, റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, ശിഹാബ് കായംകുളം, പി കെ അബ്ദുൽ കരീം, ഷംസു കൊല്ലം, സക്കീർ ഹുസൈൻ എന്നിവർ പി എം നജീബിൻറെ നിര്യാണത്തിൽ അനുശോചിച്ചു.

Ads by Google
Thursday 06 May 2021 01.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW