Saturday, August 14, 2021 Last Updated 9 Min 14 Sec ago English Edition
Todays E paper
Tuesday 04 May 2021 08.57 PM

ഇന്ത്യയ്ക്കുള്ള അടിയന്തര മെഡിക്കല്‍ സഹായവുമായി കുവൈത്ത് സൈനിക വിമാനം ഡല്‍ഹിയിലെത്തി

uploads/news/2021/05/483042/Gulf040521e.jpg

കുവൈത്ത്‌സിറ്റി: കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റിയില്‍നിന്നുള്ള അടിയന്തര മെഡിക്കല്‍ സഹായവുമായുള്ള കുവൈത്ത് സൈനിക വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിശക്തമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസമായാണ് കുവൈത്തിന്റെ സഹായം. കുവൈത്ത് അമീര്‍ ഷേഖ് നാവാഫ് അല്‍ അഹ്്മദ് അല്‍ ജാബെര്‍ അല്‍ സാബായുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് ഇന്ത്യയ്ക്ക് അടിയന്തര മെഡിക്കല്‍ സഹായം എത്തിച്ചത്. ന്യൂ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി കുവൈത്ത് സൈനിക വിമാനം എത്തിയപ്പോള്‍ ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്ററേറ്റുകള്‍, വിവിധ വലിപ്പത്തിലുള്ള മുന്നോറോളം ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍, അണുനശീകരണത്തിനുള്ള ഉപകരണങ്ങള്‍, സ്വകാര്യ സുരക്ഷാ ഉപകരണങ്ങള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ആദ്യവിമാനത്തില്‍ എത്തിയിരിക്കുന്നത്. കുവൈത്ത് നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഐക്യത്തിന്റെ പ്രതിഫലനമാണ് ഈ സഹായമെന്ന് കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നജിം പറഞ്ഞു. അടിയന്തര സഹായമെത്തിക്കണമെന്ന കുവൈത്ത് അമീറിന്റെ നിര്‍ദേശത്തെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിയതില്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി എന്നിവരെ കുവൈത്ത് അംബാസഡര്‍ പ്രശംസിച്ചു.

കുവൈത്തിന്റെ മാനുഷിക പരിഗണനയ്ക്കും ഇന്ത്യയ്ക്ക് സഹായം എത്തിച്ച ആദ്യരാജ്യങ്ങളിലൊന്നായ കുവൈത്തിനെ ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ അംബാസഡര്‍ വിപുല്‍ പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. വെല്ലുവിളി നേരിടുന്ന ഈയവസരത്തില്‍ സഹായവും പിന്തുണയും നല്‍കുന്ന കുവൈത്ത് അമീറിനും സര്‍ക്കാരിനും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈ ഘട്ടത്തില്‍ വളരെ വേഗത്തില്‍ സഹായം എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം നിര്‍വഹിക്കുകയും ചെയ്ത ന്യൂഡല്‍ഹിയിലെ കുവൈത്ത് എംബസിയെയും റെഡ് ക്രെസന്റ് സൊസൈറ്റിയെയും അദ്ദേഹം പ്രശംസിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ സഹായം എത്തിക്കുന്നതില്‍ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നും മുന്നിലാണ്. അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം മനസിലാക്കിത്തരുന്നതിന് ഈ മഹാമാരി സഹായിച്ചുവെന്നും മാരകമായ ഏതു വെല്ലുവിളികളെയും നേരിടാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കൂട്ടായ ശ്രമത്തിലൂടെ സാധിക്കുമെന്നും വിപുല്‍ അഭിപ്രായപ്പെട്ടു.

കൊറോണാ വൈറസിന്റെ അതിശക്തമായ വകഭേദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് കുവൈത്ത് മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
കുവൈത്ത് റെഡ്ക്രെസന്റ് സൊസൈറ്റിയുടെ മാനുഷിക ദൗത്യത്തിന്റെ ഭാഗമാണ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യന്‍ ആശുപത്രികളുടെ ഭാരം കുറയ്ക്കാന്‍ അടിയന്തര സഹായം എത്തിക്കുന്നതെന്ന് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുള്‍ റഹ്്മാന്‍ അല്‍ അൗണ്‍ പറഞ്ഞു. ഇന്ത്യയുമായി കുവൈത്ത് പൂര്‍ണ ഐക്യത്തിലാണെന്നും ഇന്ത്യയ്ക്കാവശ്യമായ മെഡിക്കല്‍ വിഭവങ്ങള്‍ സാധ്യമാകുംവിധം എത്തിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കുവൈത്ത് എംബസിയുടെയും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെയും ഏകോപനത്തില്‍ എത്തിച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ വിവിധ ആശുപത്രികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Tuesday 04 May 2021 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW