കോവിഡിന്റെ മറവില്‍ ടയര്‍ കമ്പനികള്‍ റബര്‍വില കുറച്ചു. കിലോയ്‌ക്ക് അഞ്ചുരൂപ കുറച്ചത് ഖേദകരമെന്നാണ് കര്‍ഷകരുടെ പ്രതികരണം. മനപൂര്‍വം വില കുറക്കുന്നുവെന്നാണ് വ്യാപാരികള്‍. രാജ്യാന്തര വില ഉയര്‍ന്നിട്ടും കൊച്ചിയില്‍ ടയര്‍ കമ്പനികള്‍ ഒന്നായി വില കുറക്കുകയാണ്. ടയര്‍ ഫാക്‌ടറികളില്‍ തൊഴിലാളികള്‍ വളരെയധികം കുറഞ്ഞുകൊണ്ടിരിക്കയാണ്. കോവിഡ് വ്യാപനം തുടരുന്നതുകൊണ്ട് പല മേഖലകളിലും തൊഴിലാളികളെ കിട്ടാനില്ലെന്ന് ടയര്‍ കമ്പനികള്‍.
ചൈനയില്‍ ആര്‍.എസ്.എസ്. നാല് കിലോയ്‌ക്ക് മേയ് അവധി ഷാംഹായ് എക്‌സ്ചേഞ്ച് 153ല്‍ നിന്ന് 157, ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനിസ് എക്‌സ്ചേഞ്ച് 153ല്‍ നിന്ന് 158, തയാര്‍ നിരക്കില്‍ 159ല്‍ നിന്ന് ബാങ്കോക്ക് 162 രൂപയായും വില ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവിടെ ടയര്‍ കമ്പനികള്‍ വില കുറച്ചത്. റബര്‍വില തറവിലയും കടന്ന് (170) ഉയരാന്‍ തുടങ്ങിയതോടെയാണ് ടയര്‍ കമ്പനികള്‍ വില കുറക്കാന്‍ ശ്രമം തുടങ്ങിയതെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു. കഴിഞ്ഞവാരം ടയര്‍ കമ്പനികള്‍ക്ക് വിതരണം ചെയ്ുയന്നവര്‍ 1200 ടണ്‍ റബര്‍വാങ്ങി. ചെറുകിട ടയര്‍ കമ്പനികള്‍ക്കായി കൊച്ചിയില്‍ 400 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. വാരാന്ത്യവില റബര്‍ ആര്‍.എസ്.എസ്. നാല് ക്വിന്റലിന് 16300, റബര്‍ ഐ.എസ്.എസ്. 15900 രൂപ.
കുരുമുളക് വില കുത്തനെ കുറഞ്ഞു
കുരുമുളക് വില കുത്തനെ കുറഞ്ഞു. കറുത്തപൊന്നിന്റെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് കനത്ത നഷ്‌ടം. ക്വിന്റലിന് 1600 രൂപ(കിലോ 16 രൂപ)യാണ് കഴിഞ്ഞവാരം കുറഞ്ഞത്. മാര്‍ച്ച് ആദ്യവാരം മുതലാണ് വിലയില്‍ കയറ്റം തുടങ്ങിയത്. കിലോയ്‌ക്ക് 391 രൂപ വരെ വില ഉയര്‍ന്നിരിക്കെയാണ് ഉത്തരേന്ത്യയിലെ കോവിഡ് വ്യാപനം കൊച്ചിയില്‍ കുരുമുളക് വില കുത്തനെ ഇടിയാന്‍ കാരണം.
വിലകുറയുന്നതുകണ്ട് വന്‍കിട കര്‍ഷകരും ഇടനിലക്കാരും കുരുമുളക് വില്‍ക്കാതെ പിടിച്ച് വെച്ചിരിക്കയാണ്. ഇതുമൂലം വില്‍പനയ്‌ക്ക് കുരുമുളക് വരവ് കുറഞ്ഞു. 102 ടണ്‍ കുരുമുളകാണ് കഴിഞ്ഞവാരം വില്‍പനയ്‌ക്കെത്തിയത്.
കര്‍ണാടകയിലെ ഉഗാദി ഉത്സവത്തെതുടര്‍ന്ന് ക്യാമ്പ്‌കോ കുരുമുളക് വില ഉയര്‍ത്തിയെന്ന് കൊച്ചിയിലെ കയറ്റുമതിക്കാരെ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ് മേഖലകളില്‍ മാര്‍ക്കറ്റുകള്‍ അടഞ്ഞ് കിടക്കുന്നത് കുരുമുളക് വ്യാപാരത്തെ ബാധിച്ചു. രാജ്യാന്തരവിപണിയില്‍ ഇന്ത്യയുടെ വിലമാറ്റമില്ല. ശ്രീലങ്ക 3800, വിയറ്റ്‌നാം 3700, ഇന്തോനേഷ്യ 4000, ബ്രസീല്‍ 3800 ഡോളര്‍. വാരാന്ത്യവില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് 37500, ഗാര്‍ബിള്‍ഡ് മുളക് 39500 രൂപ.
സ്വര്‍ണവില കയറിയിറങ്ങി
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. വിലകൂടിയിട്ട് കുറഞ്ഞു. കഴിഞ്ഞവാരം സ്വര്‍ണം പവന് 360 രൂപ കൂടി.പവന് 35680 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്(31.100 മില്ലിഗ്രാം) ഒരു ഡോളര്‍ വില കൂടി. ലണ്ടനില്‍ നിന്ന് സ്വര്‍ണം ഔണ്‍സിന് വാരാന്ത്യവില 1775 ഡോളര്‍. രൂപയ്‌ക്ക് 57 പൈസ നഷ്‌ടം. 74.35ല്‍ നിന്ന് 74 രൂപ 92 പൈസയായി രൂപയുടെ മൂല്യം ഇടിഞ്ഞു.
വെളിച്ചെണ്ണയ്‌ക്കും രക്ഷയില്ല
വെളിച്ചെണ്ണ, കൊപ്ര ക്വിന്റലിന് 50 രൂപ വീതം വില ഇടിഞ്ഞു. പാംഓയില്‍ വിലയില്‍ മാറ്റമില്ല. സീസണ്‍ തുടങ്ങിയതോടെ വെളിച്ചെണ്ണ വില വീണ്ടും കുറയുമെന്ന് സൂചന. വെളിച്ചെണ്ണ മില്ലിംഗ് ക്വിന്റലിന് 19750, തയാര്‍ 19250, കൊപ്ര നന്നായി ഉണങ്ങിയത് 13050, ഓടെ 12750 രൂപ. കൊച്ചിയില്‍ 150 ക്വിന്റല്‍ വെളിച്ചെണ്ണയുടെ വ്യാപാരം നടന്നു. പാംഓയില്‍ 12850 രൂപ.
ഗുണനിലവാരമില്ല-തേയിലവിലയില്‍ ഇടിവ് തുടര്‍ന്നു. ഇലത്തേയില കിലോയ്‌ക്ക് രണ്ടുമുതല്‍ അഞ്ചുരൂപ, പൊടിത്തേയില കിലോയ്‌ക്ക് നാലുമുതല്‍ ഏഴുരൂപ വില കുറഞ്ഞു. ഇലത്തേയില 261000 കിലോയും പൊടിത്തേയില 1282000 കിലോയും ലേലത്തില്‍ വില്‍പനക്കെത്തി.
ജോസഫ് വെണ്ണിക്കുളം