ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിച്ചെന്നു റിപ്പോര്‍ട്ട്. കോവിഡിന്റെ ആഘാതം പഠിക്കുന്നതിന് യു.എസ്. അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്‌ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. 45 വര്‍ഷത്തിനു മുമ്പുള്ള അവസ്‌ഥയിലാണ് ഇന്ത്യ ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. കൊവിഡിന്റെ ആദ്യവരവില്‍ തന്നെ ജനജീവിതവും സമ്പദ്‌വ്യവസ്‌ഥയും താറുമാറായെന്നും രണ്ടാം തരംഗം ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയണമെന്നുഗ റിപ്പോര്‍ട്ടില്‍ വ്യക്‌തമാണ്.
തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായതും ആളുകളുടെ ആവശ്യകതയിലുണ്ടായ വ്യതിയാനവും രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയിലേറെയാക്കിയെന്നാണ് പഠനം. ലോക്കബാങ്കിനെ ഉദ്ധരിച്ച് കോവിഡ് കാലത്ത് രാജ്യത്തെ ആളുകളുടെ വരുമാനം കുത്തനെ കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് വിഭാഗങ്ങളിലാക്കി രാജ്യത്തെ ജനങ്ങളുടെ വരുമാനത്തെ വേര്‍തിരിച്ചാണ് പഠനം നടന്നത്.
ദിവസേന 150 രൂപയില്‍ കുറഞ്ഞ വരുമാനം ലഭിക്കുന്നവര്‍, 150 രൂപയില്‍ അധികം ദിവസേന ലഭിക്കുന്നവര്‍, 750 രൂപമുതല്‍ 1500 രൂപ വരെ ലഭിക്കുന്നവര്‍, 3700 രൂപവരെ ദിവസേന ലഭിക്കുന്നവര്‍, 3700 രൂപയിലധികം ദിവസേന ലഭിക്കുന്നവര്‍ എന്നിങ്ങനെയായിരുന്നു അത്.
150 രൂപയില്‍ കുറവ് വരുമാനം ദിവസേന ലഭിക്കുന്നവരുടെ എണ്ണം 6 കോടിയില്‍ നിന്ന് 13.4 കോടിയായെന്നാണ് പഠനം വിശദമാക്കുന്നത്. ഏറ്റവും ദരിദ്രരായ ആളുകളുടെ എണ്ണത്തില്‍ 7.5 കോടിയുടെ വര്‍ധനയുണ്ടായതാണ് പഠനം പറയുന്നത്. വരുമാനം കാര്യമായി കുറഞ്ഞതോടെ മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം 3.2 കോടിയില്‍ നിന്ന് 6.6 കോടിയായെന്നും വിലയിരുത്തലുണ്ട്.
കൊവിഡിനു മുമ്പ് മധ്യവര്‍ഗ കുടുംബങ്ങളുടെ എണ്ണം 9.9 കോടിയായിരുന്നു. ശരിയായ സാഹചര്യം ഇതിലും രൂക്ഷമായിരിക്കുമെന്നും പ്യൂ റിസര്‍ച്ച് സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തൊഴില്‍ നഷ്‌ടമായതോടെ നഗരങ്ങളില്‍ നിന്നു ജനങ്ങള്‍ കൂട്ടപ്പലായനം ചെയ്‌തെന്നും രോഗവും ദാരിദ്ര്യവും ജനങ്ങളെ അവശരാക്കിയ നിലയാണെന്നും പഠനം വിശദീകരിക്കുന്നുണ്ട്.