ന്യൂഡല്‍ഹി: നഗര- ഗ്രാമ പ്രദേശങ്ങള്‍ തമ്മിലുള്ള പണപ്പെരുപ്പം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമായത്. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കാണു പണപ്പെരുപ്പം കൂടുതല്‍ അസഹ്യമായിരിക്കുന്നത്.
ഭക്ഷ്യ എണ്ണ, മാംസം, മത്സ്യം, മുട്ട എന്നിവയുടെ വിലയില്‍ വന്‍ വര്‍ധനയാണുണ്ടായത്. നഗര- ഗ്രാമ പ്രദേശങ്ങളിലെ ജീവിതശൈലികളെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരു പ്രദേശങ്ങളിലേയും ആളുകളുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത മാറിയിട്ടുണ്ട്. മാര്‍ച്ചില്‍ നഗര പ്രദേശങ്ങളിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.5 ശതമാനമാണ്. അതേസമയം ഗ്രാമങ്ങളില്‍ ഇത് 4.6 ശതമാനം മാത്രമാണ്.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ നഗര- ഗ്രാമ പ്രദേശങ്ങളിലെ പണപ്പെരുപ്പം ഏകദേശം തുല്യമായിരുന്നു. ഇക്കാലയളവില്‍ ചില മാസങ്ങളില്‍ പണപ്പെരുപ്പം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളില്‍ കൂടുതലുമായിരുന്നു.
കോവിഡിനെ തുടര്‍ന്നു ജീവിതരീതിയിലുണ്ടായ മാറ്റങ്ങളാണ് കണക്കുകളില്‍ പ്രതിഫലിച്ചത്. ലോക്ക്‌ഡൗണിനു ശേഷം നഗരങ്ങളിലുള്ളവര്‍ക പഴയ രീതിയിലേക്കു തിരിച്ചെത്തി തുടങ്ങിയെങ്കിലും ഗ്രാമീണര്‍ ചെലവ് ചുരുക്കി തന്നെ തുടരുകയാണെന്നാണു നിഗമനം.