തൃശൂര്‍: ആഘോഷമില്ലെങ്കിലും ജനമനസുകളില്‍ ആരവമായി തൃശൂര്‍ പൂരം. ഇന്നു വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറക്കാന്‍ നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാര്‍ എത്തുന്നതോടെ പൂരച്ചടങ്ങുകള്‍ക്കു തുടക്കമാകും. 23 നാണ് പൂരം. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് കുറേക്കാലമായി ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. രാമനെ ഇക്കുറി എഴുന്നള്ളിക്കേണ്ടെന്ന് ദേവസ്വം തീരുമാനിച്ചതോടെയാണ് ശിവകുമാറിന്റെ വരവ്. ഇന്നു രാവിലെ ഒന്‍പതരയോടെയാണ് തെക്കേഗോപുരനട തള്ളിത്തുറക്കുന്നത്.
കണിമംഗലം ശാസ്‌താവിന് പൂരം നാളില്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു വഴിയൊരുക്കിയാണ് ഗോപുരനട തുറക്കുന്നത്. വെയിലാകും മുമ്പ് ശാസ്‌താവ് എഴുന്നള്ളിയെത്തും. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തിയതോടെ ജനകീയമായ ചടങ്ങിന് സാക്ഷിയാകാന്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയിരുന്നത്. രാമചന്ദ്രന്റെ അത്രയും ഇല്ലെങ്കിലും വടക്കുനാഥന്റെ തെക്കേഗോപുരനട തുറക്കാനെത്തുന്ന കൊമ്പന്‍ ശിവകുമാറിനും ഒട്ടേറെ ആരാധകരുണ്ട്.
കേരളത്തിലെ തലയെടുപ്പുള്ള നാടന്‍ ആനകളിലൊന്നാണ് ശിവകുമാര്‍. ഒറ്റക്കൊമ്പനാണെങ്കിലും കൃത്രിമ കൊമ്പിന്റെ അഴകില്‍ ആരാധകമനം കവരുന്ന ശിവകുമാറിന്റെ വരവ് അതിഗംഭീരമാക്കാന്‍ പൂരപ്രേമികള്‍ ഒരുക്കം തുടങ്ങി. ആനപ്രേമികളുടെ നേതൃത്വത്തില്‍ കൊമ്പന് വന്‍ വരവേല്‍പ്പു നല്‍കും. മേളക്കാരടക്കം 50 പേരുടെ അകമ്പടിയോടെയാണ് നെയ്‌തലക്കാവ് ഭഗവതി എഴുന്നള്ളിയെത്തുക. ചടങ്ങ് അതിഗംഭീരമായി നടത്തുമെന്ന് ദേവസ്വം അറിയിച്ചു.