നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടു എന്നാണ് ഖുറാനിന്റെ പ്രയോഗം. ഈ ആയത്തിന്റെ വിശദീകരണം റൂഹുല്‍ ബയാന്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറഞ്ഞതായി കാണാം: മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ സകല അവയവങ്ങള്‍ക്കും നോമ്പുണ്ട്. കളവ്, അശ്ലീലത, പരദൂഷണം എന്നിവയെത്തൊട്ട് നാവിനെ സൂക്ഷിക്കണം.
നാവ്, കണ്ണ്, കേള്‍വി, കാഴ്‌ച, ഹൃദയം, ആത്മാവ് എന്നിവയിലെല്ലാം നോമ്പുണ്ട്. വിശപ്പനുഭവിക്കുന്നത് മാത്രമല്ല നോമ്പെന്നു ചുരുക്കം.
നോമ്പുകാരെ മൂന്നു വിഭാഗമായി ഇമാം ഗസാലി വേര്‍തിരിക്കുന്നുണ്ട്. വയര്‍, ലൈംഗിക വികാരങ്ങള്‍ എന്നിവയെ മാത്രം നിയന്ത്രിക്കുന്ന വിഭാഗമാണ് പൊതുവായത്. പ്രത്യേകക്കാര്‍ ഇതിനു പുറമേ കാഴ്‌ച, കേള്‍വി തുടങ്ങി നേരത്തെ പറഞ്ഞ എല്ലാ വികാരങ്ങളെയും നിയന്ത്രിക്കുന്നവരാണ്. ഇവരെക്കാള്‍ മികച്ചവരുമുണ്ട്.
അല്ലാഹു ഒഴികെയുള്ളതിനുള്ളക്കുറിച്ചുളള ചിന്ത തന്നെ നോമ്പ് മുറിയാന്‍ കാരണമാകുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. ഇവരാണ് ഉന്നത വിഭാഗം. ചിന്തകള്‍ക്കു പോലും കടിഞ്ഞാണിട്ട വിഭാഗമാണിവര്‍.
റമദാനിലെ ഒഴിവുസമയങ്ങളില്‍ നല്ല പുസ്‌തകങ്ങള്‍ വായിക്കാം, മതപ്രഭാഷണങ്ങള്‍ കേള്‍ക്കാം, ഖുറാന്‍ പാരായണ നിയമങ്ങള്‍ പഠിക്കാം, എല്ലാം കൈവെള്ളയിലുള്ള ഈ കാലത്ത് ഒന്നും നമുക്ക് അസാധ്യമല്ല. മനസുണ്ടാകണമെന്നു മാത്രം.
(കേരള മുസ്ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മലപ്പുറം മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനുമാണ്)