യഅ്‌ഖൂബ് നബിക്ക് 11 മക്കളായിരുന്നല്ലോ. യൂസുഫ് നബി(അ) അവരില്‍ ഉന്നത സ്‌ഥാനീയനും. ആ ചരിത്രം പറയാന്‍ ഒരധ്യായം തന്നെയുണ്ട് വിശുദ്ധ ഖുര്‍ആനില്‍. 11 മാസങ്ങള്‍ക്കിടയിലെ റമദാനിന്റെ പുണ്യത്തെ ഇതിനോട് സാദൃശ്യപ്പെടുത്തി വിശദീകരിക്കുന്നുണ്ട് ഇമാം ഇബ്‌നുല്‍ ജൗസി. യൂസുഫ് നബി (അ) പിതാവിന് ഏറ്റവും പ്രിയപ്പെട്ടവനായതു പോലെ അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ട മാസമാണു റമദാന്‍.
വിശിഷ്‌ട ഗുണങ്ങളുടെ പ്രതീകമാണ് യൂസഫ് നബി. ക്ഷമ, സഹനം, വിട്ടുവീഴ്‌ച തുടങ്ങി ധാരാളം ഗുണങ്ങള്‍ ആ ജീവിതത്തില്‍ കാണാം. തന്നെ ദ്രോഹിച്ച സഹോദരങ്ങള്‍ക്കെതിരേ മാപ്പിന്റെ വാതിലുകളാണ് അദ്ദേഹം തുറന്നത്. കൂടാതെ വിശന്നവശരായ അവര്‍ക്ക് ധാരാളം വിഭവങ്ങള്‍ നല്‍കാനും അദ്ദേഹം കല്‍പ്പിക്കുന്നുണ്ട്.
പാപമോചനത്തിന്റെ വാതിലുകള്‍ തുറന്നിട്ട് റമദാന്‍ നമ്മെ വിളിക്കുന്നുണ്ട്. പാപമോചനത്തിനു നിരവധി വഴികളുണ്ട്. നന്മകള്‍ അധികരിപ്പിക്കുക എന്നത് തന്നെയാണ് മുഖ്യമാര്‍ഗം. തിന്മകള്‍ ഭവിച്ചെന്ന് കരുതി നന്മകളില്‍ പങ്കാളിയാകാതിരിക്കരുത്. നന്മകള്‍ തിന്മകളെ മായ്‌ച്ചു കളയുമെന്നാണ് ഖുര്‍ആനിക പാഠം.