Friday, June 04, 2021 Last Updated 1 Min 1 Sec ago English Edition
Todays E paper
Sunday 18 Apr 2021 12.41 AM

മുരളീധരന്റെ കോവിഡിയറ്റ്‌ പരാമര്‍ശം വിവാദമാകുന്നു; പ്രതിഷേധിച്ച്‌ പി. ചിദംബരം, കടന്നാക്രമിച്ച്‌ സി.പി.എം

uploads/news/2021/04/478694/v muraledharan.jpg

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡിയറ്റ്‌ എന്ന്‌ അഭിസംബോധന ചെയ്‌ത കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. സി.പി.എം. ഇതിനെതിരേ സ്വാഭാവികമായും രംഗെത്തത്തിയിട്ടുണ്ട്‌. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരവും മുരളീധരന്റെ വിശേഷണത്തിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ചലച്ചിത്ര താരം കമലഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്‌തമായ വിമര്‍ശനവുമായി എത്തുകയും ചെയ്‌തു.

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുരളീധരന്‍ നടത്തിയ കോവിഡിയറ്റ്‌ എന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണെന്നാണ്‌ പി. ചിദംബരം ട്വീറ്റ്‌ചെയ്‌തത്‌. അസ്വീകാര്യമായ ഈ പരാമര്‍ശം നടത്തിയ മന്ത്രിയെ ശാസിക്കാന്‍ ആരുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. നികൃഷ്‌ടനായ പ്രധാനമന്ത്രിയെ പിന്തുടരുന്ന നികൃഷ്‌ടരായ മന്ത്രിമാരോ അതോ നികൃഷ്‌ടരായ മന്ത്രിയെ പിന്തുടരുന്ന പ്രധാനമന്ത്രിയോ? എന്ന ചോദ്യമാണ്‌ ചലച്ചിത്രതാരം കമലഹാസന്‍ ചോദിച്ചത്‌. അവര്‍ അനുഭവിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌. കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ മൗനം പാലിക്കുമ്പോഴും ചിദംബരത്തിന്റെ ട്വീറ്റില്‍ നിരവധിപേരാണ്‌ പ്രതികരിച്ചിട്ടുള്ളത്‌.

കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത ആളാണ്‌ വി.മുരളീധരനെന്നു സി.പി.എം. ആക്‌ടിങ്‌ സെക്രട്ടറി എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത എന്തെന്നറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്കാകെ അപമാനമാണ്‌. കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന്‌ കരുത്തുറ്റ നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്‌തിപരമായി തേജോവധം ചെയ്യുകയാണ്‌.
കോവിഡിനെ പ്രതിരോധിക്കുന്നതിന്‌ മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്‌. എന്നാല്‍, കേന്ദ്രമന്ത്രി എന്ന നിലയ്‌ക്ക്‌ കേരളത്തിന്‌ വേണ്ടി എന്തുചെയ്‌തൂവെന്ന്‌ പറയാന്‍ വി. മുരളീധരന്‍ തയ്യാറുണ്ടോ. ലക്ഷക്കണക്കിന്‌ വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയ്‌ക്ക്‌ ചെറുവിരല്‍ പോലും അനക്കിയില്ല. സംസ്‌ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇവിടെ ചുറ്റിക്കറങ്ങി കേരള ജനതയ്‌ക്കെതിരേ അധിക്ഷേപം ചൊരിയുകയാണ്‌ പരിപാടി.

അര്‍ഹമായ സഹായം കേന്ദ്രം നിഷേധിച്ചപ്പോള്‍ ഇടപെടാത്ത ആളാണ്‌ ഇപ്പോള്‍ ഗീര്‍വാണ പ്രസംഗം നടത്തുന്നത്‌. കേരളത്തെ തകര്‍ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും കുടപിടിച്ച മുരളീധരന്‌, പ്രതിസന്ധിയില്‍ തളരാതെ നാടിനെ നയിച്ച മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ എന്ത്‌ യോഗ്യതയാണുള്ളത്‌. ഒരു കേന്ദ്രമന്ത്രിയുടെ മാന്യതയ്‌ക്ക്‌ നിരക്കാത്ത മുരളീധരന്റെ നടപടികള്‍ തിരുത്തുന്നതിന്‌ പ്രധാനമന്ത്രിയും ബി.ജെ.പി. കേന്ദ്രനേതൃത്വവും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കഴിവുകേട്‌ മറയ്‌ക്കാന്‍ വി. മുരളീധരനെ ആക്രമിക്കുന്നു: കെ. സുരേന്ദ്രന്‍

കോഴിക്കോട്‌: കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഘിക്കുകയും രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെടുകയും ചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയന്റെ വീഴ്‌ച മറയ്‌ക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ സി.പി.എം. ആക്രമിക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രന്‍.
മാതൃകയാകേണ്ട മുഖ്യമന്ത്രി എല്ലാ മാനദണ്ഡങ്ങളും തെറ്റിച്ചതിനെ ചോദ്യംചെയ്‌തതിനാണ്‌ സി.പി.എം. മുരളീധരനെ വളഞ്ഞിട്ടാക്രമിക്കുന്നത്‌.
ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്കില്‍ കേരളം ലോക റെക്കോഡിലെത്തി നില്‍ക്കുമ്പോള്‍ വിഷയം വഴിമാറ്റാനാണ്‌ സര്‍ക്കാരിന്റെ ശ്രമം. കോവിഡ്‌ വ്യാപനത്തില്‍ രാജ്യത്തു രണ്ടാംസ്‌ഥാനത്താണ്‌ കേരളം. മുരളീധരനെ വേട്ടയാടാന്‍ ബി.ജെ.പി. അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Ads by Google
Sunday 18 Apr 2021 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW