തൃശൂര്‍: പ്രതിസന്ധികളെ അതിജീവിച്ച് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ കൊടിയേറ്റം ഇന്ന്. ഇനി ഏഴാംനാള്‍ തൃശൂര്‍ പൂരം. കൊടിയേറ്റത്തോടെ ശക്‌തന്റെ നഗരി പൂരത്തിരക്കിലമരും. കോവിഡ് ഭീതിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം പൂരം നടത്തിയില്ല. ഇക്കൊല്ലം കര്‍ശന മാനദണ്ഡങ്ങളോടെയാണ് പൂരം ചടങ്ങുകള്‍. പൂരം പ്രദര്‍ശനത്തിനുള്‍പ്പെടെ അവസാനനിമിഷം വരെ ആശയക്കുഴപ്പമായിരുന്നു. നിബന്ധനകളോടെയാണ് ജനങ്ങളെ പൂരത്തില്‍ പങ്കെടുപ്പിക്കുക.
പാറമേക്കാവ് ക്ഷേത്രത്തില്‍ ഇന്നുച്ചയ്‌ക്ക് 12 നാണ് കൊടിയേറ്റം. തന്ത്രി പുലിയന്നൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിയുടേയും മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരിയുടേയും നേതൃത്വത്തില്‍ പൂജകള്‍ നടത്തിയശേഷം ചെമ്പില്‍ കുട്ടന്‍ ആശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരമാണ് ഉയര്‍ത്തുക. ആല്, മാവ് എന്നിവയുടെ ഇലകള്‍ കൊണ്ട് അലങ്കരിച്ചാണ് കൊടിയേറ്റം. കൊടിമരത്തില്‍ ദേശക്കാര്‍ ചേര്‍ന്ന് ആര്‍പ്പുവിളികളോടെ പൂജിച്ച സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തും.
രാവിലെ 11.15ന് വലിയ പാണികൊട്ടി അവസാനിച്ചാല്‍ പെരുവനം കുട്ടന്‍മാരാര്‍ ചെമ്പട മേളത്തിന് തുടക്കമിടും. ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്. കൊമ്പന്‍ പാറമേക്കാവ് ശ്രീ പത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റി വടക്കുന്നാഥക്ഷേത്രം ചന്ദ്ര പുഷ്‌കര്‍ണിയില്‍ ആറാട്ടു നടത്തി വൈകിട്ട് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളും. തേക്കിന്‍കാട് മൈതാനിയിലെത്തുമ്പോള്‍ മണികണ്‌ഠനാലിലും പതാകയുയരും.
തിരുവമ്പാടി ക്ഷേത്രത്തില്‍ ശുദ്ധിപൂജകള്‍ക്കുശേഷം പാരമ്പര്യ അവകാശികളായ താഴത്തു പുരയ്‌ക്കല്‍ സുന്ദരന്‍ ആശാരി, സുഷിത് എന്നിവര്‍ നിര്‍മിച്ച കൊടിമരത്തില്‍ കൊടിയേറ്റും. കൊടിമരത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണു പൂരക്കൊടി ഉയര്‍ത്തുക. ഉച്ചയ്‌ക്ക് മൂന്നിന് ക്ഷേത്രത്തില്‍നിന്നുള്ള പൂരം പുറപ്പാട്. കൊമ്പന്‍ തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. വൈകിട്ട് മൂന്നരയ്‌ക്ക് ഭഗവതി നായ്‌ക്കനാലില്‍ എത്തുന്നതോടെ നായ്‌ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും. അപ്പോള്‍ ആചാരവെടി മുഴങ്ങും. ശ്രീമൂലസ്‌ഥാനത്ത് മേളം കൊട്ടികലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാടും. അഞ്ചോടെ തിരിച്ചെഴുന്നള്ളും. വീടുകളിലെത്തിയുള്ള പൂരപ്പറ ഈവര്‍ഷം വേണ്ടെന്നുവച്ചു. പകരം ക്ഷേത്രത്തിലെത്തി പറ സമര്‍പ്പിക്കാം. തിരുവമ്പാടി ക്ഷേത്രത്തില്‍ ഉയര്‍ത്താനുള്ള കൊടിമരം ഇന്നലെ വൈകിട്ട് ഘോഷയാത്രയായി എത്തിച്ചു.
പൂരത്തില്‍ പങ്കെടുക്കുന്ന എട്ടു ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. വെടിക്കെട്ട്, ആനച്ചമയങ്ങള്‍, വര്‍ണക്കുടകള്‍ എന്നിവയുടെ പണികള്‍ നടന്നുവരികയാണ്. ഇക്കുറി ചമയപ്രദര്‍ശനം രണ്ടു ദിവസങ്ങളിലുണ്ടാകും. തിരക്കു കുറയ്‌ക്കുന്നതിനു വേണ്ടിയാണിത്. സ്വരാജ് റൗണ്ടിലെ അലങ്കാര പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
സാമ്പിള്‍ വെടിക്കെട്ട് 21ന് വൈകിട്ട് ഏഴിനാണ്. 24ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ട്. അതിനുശേഷം രാവിലെ പകല്‍പ്പൂരത്തില്‍ മേളം കലാശിക്കുന്നതോടെ ഉപചാരം ചൊല്ലിപ്പിരിയും.
പൂരം വിളംബരം അറിയിച്ചു 22ന് തെക്കേ ഗോപുരനട നെയ്‌തലക്കാവ് ഭഗവതി തള്ളിത്തുറക്കുന്നതോടെയാണു പൂരച്ചടങ്ങുകള്‍ക്കു തുടക്കമാകുക. പൂരം പ്രദര്‍ശനത്തില്‍ ഇന്നു മുതല്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കും.