Sunday, May 23, 2021 Last Updated 2 Min 19 Sec ago English Edition
Todays E paper
Saturday 17 Apr 2021 01.23 AM

ശബരിമല ദര്‍ശനം: 10 വയസില്‍ താഴെയുള്ളവര്‍ക്ക്‌ വെര്‍ച്വല്‍ ക്യുവില്‍ രജിസ്‌റ്റര്‍ ചെയ്യാമെന്ന്‌ ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യു സംവിധാനം വഴി പത്തു വയസില്‍ താഴെയുള്ളവര്‍ക്ക്‌ രജിസ്‌റ്റര്‍ ചെയ്യാമെന്നു ഹൈക്കോടതി. പത്തുവയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ ശബരിമലയില്‍ ദര്‍ശനം നടത്താമെങ്കിലും വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഒമ്പത്‌ വയസുകാരിയായ നന്ദിത രാജ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവിട്ടത്‌.
അയ്യപ്പഭക്‌തരായ മാതാപിതാക്കളുടെ നേര്‍ച്ചയനുസരിച്ച്‌ ശബരിമല ദര്‍ശനത്തിന്‌ വെര്‍ച്വല്‍ ക്യൂവില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. പത്തിനും 50 നുമിടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നാണ്‌ ആചാരം. എന്നാല്‍, വെര്‍ച്വല്‍ ക്യൂവില്‍ അമ്പതു പിന്നിട്ടവരുടെ പേരും രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ല. കോവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നിയന്ത്രണങ്ങളുണ്ടെന്ന്‌ ഹര്‍ജി പരിഗണിക്കവേ ദേവസ്വം ബോര്‍ഡ്‌ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 17ന്‌ ദര്‍ശനം നടത്താന്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വെര്‍ച്വല്‍ ക്യൂവില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും തെന്റ പേര്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ ശബരിമല ദര്‍ശനം നടന്നില്ല. പത്തു വയസ്‌ തികഞ്ഞാല്‍ പിന്നീട്‌ നാലു പതിറ്റാണ്ടു കഴിഞ്ഞേ ദര്‍ശനം നടത്താനാവൂ. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂവില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം.

Ads by Google
Saturday 17 Apr 2021 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW