ഹൃദയം പ്രധാനമാണ്. ശരീരാംഗങ്ങളിലേക്കല്ല, ഹൃദയ ചെപ്പിനകത്തേക്കാണ് അല്ലാഹുവിന്റെ ദൃഷ്‌ടിയെന്ന ഹദീസ് ഇസ്‌ലാമിന്റെ അടിസ്‌ഥാനമാണ്. മാറ്റങ്ങള്‍ നടക്കേണ്ടത് ഹൃദയത്തിലാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കുക, തദ്‌ഫലമായി ഹൃദയശുദ്ധി നമുക്കനുഭവിക്കാം (കിതാബുല്‍ അദ്‌കിയ). നദികളുടെ പ്രഭവസ്‌ഥാനമായ ശിലകളെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്. ധാരാളം ഉപദേശങ്ങള്‍ ശ്രവിച്ചാലും പരിവര്‍ത്തനമില്ലാത്ത ഹൃദയത്തെക്കുറിച്ച് പറയാനാണ് പ്രസ്‌തുത പരമാര്‍ശമെന്നത് ശ്രദ്ധേയം.
ഹൃദയത്തിന് ശത്രുക്കള്‍ രണ്ടാണ്. ശരീരേച്‌ഛയും പിശാചും. പിശാചിന് വഴികേടിലാക്കാന്‍ സാധിക്കാത്തവരെപ്പോലും ശരീരം വെട്ടില്‍ വീഴ്‌ത്തും. അധമസ്വഭാവങ്ങളിലക്ക് മനുഷ്യനെ നയിക്കാനായിരിക്കും ശരീരത്തിന് താല്‍പര്യം. താല്‍ക്കാലിക ആനന്ദം അത് മുഖ്യമായി കാണന്നു. പിശാചിനെ ചങ്ങലയ്‌ക്കിട്ട റമദാനില്‍ ശരീരത്തെ നാം സൂക്ഷിക്കുക. ലോക പ്രസിദ്ധ കാവ്യമായ ബുര്‍ദയുടെ ആമുഖം ഇച്‌ഛകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ആഖ്യാനമാണെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തിരുനബി (സ) അരുള്‍ ചെയ്‌ത മുഴുവന്‍ കാര്യങ്ങളും നിങ്ങളുടെ ഇച്‌ഛയാകുമ്പോള്‍ മാത്രമേ നിങ്ങള്‍ പരിപൂര്‍ണ്ണ വിശ്വാസിയാകൂ എന്ന ഹദീസ് വാക്യം ജീവിതത്തിലുടനീളം ഓര്‍ത്തു കൊണ്ടിരിക്കുക.
സയ്ിയദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
(കേരളാ മുസ്ലിംജമാഅത്ത് സംസ്‌ഥാന സെക്രട്ടറിയും, മലപ്പുറം മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനുമാണ് )