Friday, June 04, 2021 Last Updated 1 Min 12 Sec ago English Edition
Todays E paper
Saturday 17 Apr 2021 01.11 AM

ബെഹ്‌റ വിലക്കിയിട്ടും കേസെടുത്തത്‌ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍

uploads/news/2021/04/478478/k4.jpg

കൊച്ചി : എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ (ഇ.ഡി) എതിരേ ക്രൈംബ്രാഞ്ച്‌ കേസെടുത്തത്‌ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയുടെ അഭിപ്രായം മറികടന്ന്‌. കേസെടുക്കണമെന്നു സി.പി.എമ്മില്‍നിന്നു മുഖ്യമന്ത്രിക്കു മുന്നിലെത്തിയ നിര്‍ദേശത്തില്‍ ഡി.ജി.പിയുടെ നിലപാട്‌ ചോദിച്ചിരുന്നു. കേന്ദ്ര ഏജന്‍സികള്‍ക്ക്‌ എതിരേ ഈ ഘട്ടത്തില്‍ കേസെടുക്കരുതെന്നും താന്‍ "മാനേജ്‌" ചെയ്‌തോളാം എന്നുമായിരുന്നു മറുപടി. അതിനോടു മുഖ്യമന്ത്രി യോജിച്ചെങ്കിലും പാര്‍ട്ടി വിട്ടുകൊടുത്തില്ല.
കേന്ദ്ര ഏജന്‍സികളുടെ ആക്രമണം ചെറുക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന്‌ അണികള്‍ക്ക്‌ അമര്‍ഷമുണ്ടെന്നും പ്രതികരിക്കാതിരുന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിനു ശക്‌തി കൂടുമെന്നും സി.പി.എമ്മില്‍ അഭിപ്രായമുയര്‍ന്നു.
തിരിച്ചടിച്ച്‌ കേന്ദ്ര ഏജന്‍സികളെ സമ്മര്‍ദത്തിലാക്കണമെന്നും നിഷ്‌പക്ഷ വോട്ടര്‍മാര്‍ അകലാതിരിക്കാന്‍ അതാവശ്യമാണെന്നും ഒരു വിഭാഗം വാദിച്ചു. ബെഹ്‌റയുടെ ഉറപ്പോടെ ഈ വാദം അന്നു മാറ്റിവച്ചെങ്കിലും കസ്‌റ്റംസും ഇ.ഡിയും സ്‌പീക്കര്‍ക്കു പിന്നാലെ കൂടിയതോടെ ഇനി നോക്കിനില്‍ക്കരുതെന്നും തിരിച്ചടിക്കണമെന്നുമുള്ള ആവശ്യം ശക്‌തമായി. ബെഹ്‌റ വീണ്ടും തടഞ്ഞതു വെറുതേയായി.ഇ.ഡിക്കെതിരേ കേസെടുക്കാമെന്നു പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിന്റെ (ഡി.ജി.പി.) നിയമോപദേശവും വന്നതോടെ മുഖ്യമന്ത്രിയും സമ്മതിച്ചു. തുടര്‍ന്നാണു രണ്ടു പോലീസുകാരികളുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ക്രൈംബ്രാഞ്ച്‌ ആദ്യത്തെ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ സന്ദീപ്‌ നായരുടെ കത്തിന്റെ അടിസ്‌ഥാനത്തില്‍ മറ്റൊന്ന്‌.
ആദ്യ എഫ്‌.ഐ.ആര്‍. റദ്ദാക്കാന്‍ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണു രണ്ടാമത്തെ കേസെടുത്തത്‌. അതിനുള്ള ഉത്തരവില്‍ ബെഹ്‌റ ഒപ്പിട്ടില്ലെന്നാണു റിപ്പോര്‍ട്ട്‌. രണ്ടാമത്തെ കേസെടുത്തതോടെ കേന്ദ്രസര്‍ക്കാരും കരുതലോടെ നീങ്ങി. അന്വേഷണം മന്ദഗതിയിലായാല്‍ കോടതി കേസ്‌ റദ്ദാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു സ്വപ്‌നയെ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയത്‌. അങ്ങനെ കേസുമായി ക്രൈംബ്രാഞ്ച്‌ മുന്നോട്ടു നീങ്ങുകയാണെന്ന പ്രതീതിയുണ്ടാക്കി.

മൂന്നു മന്ത്രിമാര്‍ ആരൊക്കെ ? സന്ദീപിനോട്‌ ചോദിക്കും

കൊച്ചി: കോടതിക്കയച്ച കത്തിലും ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലും പരാമര്‍ശിക്കുന്ന മൂന്നു മന്ത്രിമാര്‍ ആരെന്നറിയാന്‍ സ്വര്‍ണക്കടത്തു കേസ്‌ പ്രതിയായ സന്ദീപ്‌ നായരെ ഇ.ഡി. ചോദ്യംചെയ്യും.
മുഖ്യമന്ത്രിയുടെയും മൂന്നു മന്ത്രിമാരുടെയും പേരു പറയാന്‍ ഇ.ഡി. ഉദ്യോഗസ്‌ഥന്‍ നിര്‍ബന്ധിച്ചെന്നാണു സന്ദീപിന്റെ പരാതി. തങ്ങള്‍ക്കു നല്‍കിയ മൊഴിയില്‍ സന്ദീപ്‌ ഇക്കാര്യം പറയുന്നില്ലെന്നും പുതിയ വെളിപ്പെടുത്തലായതിനാല്‍ വാസ്‌തവമറിയാന്‍ സന്ദീപിനെ ചോദ്യംചെയ്യണമെന്നുമാണ്‌ ഇ.ഡിയുടെ നിലപാട്‌.

ജെബി പോള്‍

Ads by Google
Saturday 17 Apr 2021 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW