അകം തൊട്ട പ്രാര്‍ത്ഥനകളുടെ ഇരവു പകലുകളെയാണ് വിശ്വാസി അഭിമുഖീകരിക്കുന്നത്. പ്രതിസന്ധികളില്‍ മാത്രമല്ല, സദാ പ്രാര്‍ഥനാനിരതമായിരിക്കും മുസ്ലിം മനസ്. അല്ലാഹു നമ്മുടെ പ്രയാസങ്ങളെല്ലാം അറിയുമെന്നിരിക്കെ പ്രാര്‍ഥന നടത്തുന്നത് നമ്മുടെ അടിമത്വം മ്പോധ്യപ്പെടുത്താനാണ്. അല്ലാഹു നല്‍കുന്ന ഉടമയും നാം ചോദിക്കുന്ന അടിമകളുമാണ്.
സമയം, സ്‌ഥലം, ആത്മാര്‍ത്ഥത, മന:സാന്നിധ്യം എന്നീ ഘടകങ്ങള്‍ പ്രധാനമാണ്. പ്രാര്‍ഥനകളുടെ സാക്ഷാത്‌ക്കാരം നമ്മുടെ ഇച്‌ഛയ്‌ക്കൊത്താകണമെന്ന വാശി പാടില്ല. ആഗ്രഹലബ്‌ധി ചില ഘട്ടങ്ങളില്‍ പെട്ടന്നായിരിക്കും. ചിലപ്പോള്‍ കാലതാമസമെടുത്തേക്കാം.
ചില പ്രാര്‍ഥനകളുടെയെങ്കിലും ഫലം അപകടങ്ങളെ ചെറുക്കലാവാം. ഭൗതിക ലോകത്ത് ഒന്നും ലഭിച്ചില്ലെങ്കില്‍ തന്നെയും പരലോകത്ത്‌അത് വലിയൊരു മുതല്‍ കൂട്ടായിരിക്കും. പ്രാര്‍ഥന പാഴാവില്ലെന്ന് സാരം.അത്യാവശ്യഘട്ടങ്ങളിലല്ലാതെ മനുഷ്യരോട് ചോദിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട് ഇസ്‌ലാം.
അപക്ഷയും സഹായാര്‍ഥനയും മനുഷ്യര്‍ക്ക് വെറുപ്പാണെന്നതിനു പുറമേ അവന്‍ പരിമിതികളേറെയുള്ളവനാണ്. എന്നോട് ചോദിക്കൂ, ഞാന്‍ ഉത്തരം തരാമെന്നാണ് അല്ലാഹുവിന്റെ ഭാഷ്യം. നല്‍കിയാല്‍ തീരാത്ത ഖജനാവിന്റെ ഉടമസ്‌ഥനോട് ചോദിക്കാതിരിക്കുന്ന അടിമകളുടെ കാര്യം അത്ഭുതം തന്നെ.