ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഈസ്‌റ്റര്‍ പെരുന്നാള്‍ ഈ വര്‍ഷം ഏപ്രില്‍ നാലിനാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12-നും അതിനു മുമ്പിലത്തെ വര്‍ഷം ഏപ്രില്‍ 21 നുമായിരുന്നു. അടുത്ത വര്‍ഷമാകട്ടെ ഏപ്രില്‍ 17-നും പിന്നത്തെ വര്‍ഷം ഏപ്രില്‍ ഒന്‍പതിനുമാണ് ഈസ്‌റ്റര്‍ വന്നു ചേരുക.
ഇതിനു മുമ്പ് ഏപ്രില്‍ നാല് എന്ന തീയതിയില്‍ ഈസ്‌റ്റര്‍ വന്നത് 2010-ല്‍ ആയിരുന്നു. ഇനിയും ഈ തീയതിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ വന്നു ചേരാന്‍ 62 വര്‍ഷം കാക്കണം. അതായത് 2083-ല്‍. പിന്നെ 2094-ല്‍.
ചുരുക്കി പറഞ്ഞാല്‍ ഈസ്‌റ്റര്‍ തീയതികള്‍ക്ക് ഒരു നിയതക്രമമില്ല. ഒരു ന്യായമായ കാലയളവില്‍ അവ ആവര്‍ത്തിക്കുന്നുമില്ല. ഒരേ തീയതി ചിലപ്പോള്‍ (ഏറ്റവും ചുരുങ്ങിയത്) അഞ്ചു വര്‍ഷം കഴിഞ്ഞു വരാം, ചിലപ്പോള്‍ 467 വര്‍ഷം കഴിഞ്ഞും വരാം.
1. വിഷുവ സമരാത്രദിനം ( സ്‌പ്രിങ് ഇക്വിനോക്‌സ് അഥവാ മാര്‍ച്ച് ഇക്വിനോക്‌സ്), 2. അതിനു ശേഷം വരുന്ന പൗര്‍ണമി , 3. അതിനു ശേഷം വരുന്ന ഞായര്‍ എന്ന ആഴ്‌ച ദിവസം, 4. ചില നൂറ്റാണ്ടുവര്‍ഷങ്ങള്‍ അതിവര്‍ഷങ്ങളല്ല എന്ന വസ്‌തുത ഇത്രയും കാര്യങ്ങളാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള ഈസ്‌റ്റര്‍ തീയതി ഗണനയെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഇവയില്‍ സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണകാലത്തെ ഒരേ പോലെ ആശ്രയിക്കേണ്ടി വരുന്ന കാലയളവുകള്‍ ഉള്‍പ്പെടുന്നുണ്ടല്ലോ. ഇപ്രകാരം ഈസ്‌റ്റര്‍ തീയതികള്‍ ഗണിക്കപ്പെടുന്നതുകൊണ്ട് അവ ഒരു പ്രാവശ്യം ഒരു ചക്രം ( ഈസ്‌റ്റര്‍ സൈക്കിള്‍) പൂര്‍ത്തിയാക്കണമെങ്കില്‍ 5700000 ( 57 ലക്ഷം) വര്‍ഷങ്ങള്‍ വേണ്ടി വരുന്നുണ്ട്
എന്നാല്‍ ലോകത്തിലെ ക്രൈസ്‌തവജനസംഖ്യയില്‍ 20 ശതമാനത്തോളം പേരും ഈസ്‌റ്റര്‍ തീയതി ഗണിക്കുവാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് റോമാചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ ബി സി 46 -ല്‍ നടപ്പിലാക്കിയ ജൂലിയന്‍ കലണ്ടര്‍ ആണ് . ഈ കലണ്ടര്‍ പ്രകാരം ഈസ്‌റ്റര്‍ തീയതികള്‍ എപ്പോഴും ഗ്രിഗോറിയന്‍ തീയതിക്ക് ശേഷം ഒരാഴ്‌ചയോ, നാലാഴ്‌ചയോ അഞ്ചാഴ്‌ചയോ മുന്നോട്ടായിരിക്കും. ചുരുക്കം വര്‍ഷങ്ങളില്‍ ഒരേ ഞായറാഴ്‌ച തന്നെ ഒരുമിച്ചു വരാറുണ്ട്. ഈ വര്‍ഷം ഏപ്രില്‍ നാലിന് ശേഷം 28 ദിവസം കഴിഞ്ഞു മേയ് 2-ാം തീയതി ഞായറാഴ്‌ചയാണ് ജൂലിയന്‍ ഈസ്‌റ്റര്‍ തീയതി. 2025 ഏപ്രില്‍ 20- ാം തീയതി ഞായറാഴ്‌ച്ച രണ്ട് ഈസ്‌റ്റര്‍ തീയതികളും ഒരുമിച്ചു വരുന്നുണ്ട്. ജൂലിയന്‍ ഈസ്‌റ്റര്‍ തീയതികള്‍ ഓരോ 532 വര്‍ഷം കൂടുമ്പോഴും ഒരു ചക്രം പൂര്‍ത്തിയാക്കി ആവര്‍ത്തിച്ചു കൊണ്ടിരിക്കും.
ലോകത്തിലെ എല്ലാ ക്രൈസ്‌തവര്‍ക്കും ഒരേ ദിവസം യേശുക്രിസ്‌തുവിന്റെ പുനരുത്ഥാന പെരുന്നാള്‍ ആചരിക്കുവാന്‍ തക്കവണ്ണം ഒരു ഏകീകൃത ഈസ്‌റ്റര്‍ തീയതി നടപ്പിലാക്കുവാന്‍ അഖില ലോക ക്രൈസ്‌തവസഭാ കൗണ്‍സില്‍ (വേള്‍ഡ് ക്രിസ്‌ത്യന്‍ കൗണ്‍സില്‍) നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.
ഡോ. എം കുര്യാക്കോസ്