Thursday, August 22, 2019 Last Updated 19 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 28 Oct 2016 03.57 PM

ഹാപ്പിയാണ് അനു സിത്താര

uploads/news/2016/10/46157/CinINWAnusithara.jpg

നര്‍ത്തകിയായ ഒരു നായികനടി കൂടി സിനിമയില്‍ സജീവമായി,അനു സിത്താര മലയാള സിനിമയില്‍ സജീവമാവുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് ഈ പെണ്‍കുട്ടിയാണ്.

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ നായികയായതോടെ നല്ലൊരു അഭിനേത്രിയായി അനുസിത്താര മാറുകയായിരുന്നു.

ചെറുപ്പം മുതല്‍ക്കേ ശാസ്ത്രീയ നൃത്തപഠനത്തില്‍ ശ്രദ്ധപതിപ്പിക്കുന്ന അനു സിത്താരയ്ക്ക് അഭിനയവഴിയില്‍ പ്രോത്സാഹനവുമായി മുന്നില്‍ നില്‍ക്കുന്നത് ഭര്‍ത്താവ് വിഷ്ണുപ്രസാദാണ്.

ഫോട്ടോഗ്രാഫര്‍ കൂടിയായ വിഷ്ണുപ്രസാദ് അനു സിത്താരയോടൊപ്പം സെറ്റുകളില്‍ മുഴുവന്‍ സമയവും കൂടെയുണ്ട്. രണ്ടു തമിഴ് സിനിമകളില്‍ കൂടി നായികയായി അഭിനയിച്ച അനു സിത്താര സിദ്ധിഖിന്റെ പുതിയ ചിത്രമായ 'ഫുക്രി'യില്‍ ജയസൂര്യയുടെ രണ്ടു നായികമാരില്‍ ഒരാളാണ്.

എറണാകുളത്ത് പനമ്പിള്ളി നഗറില്‍ ചിത്രീകരണം നടന്ന വേണുഗോപന്‍ സംവിധാനം ചെയ്ത 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന ചിത്രത്തിന്റെ സെറ്റിലാണ് അനു സിത്താരയെ കണ്ടത്.

? സര്‍വ്വോപരി പാലാക്കാരനിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ ഈ ചിത്രത്തില്‍ ലിന്റയെന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. ലിന്റ ഭര്‍ത്താവിന്റെ മനസറിയുന്ന അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടിയാണ്.

? ഹാപ്പി വെഡ്ഡിംഗില്‍ നായികയായതിനെക്കുറിച്ച്....


ഠ സത്യന്‍ സാറിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലത്തെ തുളസിയെന്ന കഥാപാത്രം വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ചെറുപ്പത്തിലേ ഗര്‍ഭിണിയാകുന്നതും അതിന്റെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ നന്നായി ചെയ്തുവെന്ന് എല്ലാവരും പറഞ്ഞിരുന്നു.

സിനിമയെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാത്ത എനിക്ക് ഒരു ഇന്ത്യന്‍ പ്രണയകഥയിലെ കഥാപാത്രം നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. ഈ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഹാപ്പി വെഡ്ഡിംഗില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആദ്യമായി നായികയായി അഭിനയിച്ച ഈ ചിത്രം വന്‍ ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

? വിവിധ ഭാഷകളില്‍ ചിത്രീകരിച്ച നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ ഹാപ്പി വെഡ്ഡിംഗ് കണ്ടിട്ടാണ് നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. ഇംഗ്ലീഷ്, ഇറാനി, മലയാളം ഭാഷകളിലുള്ള ഈ ചിത്രത്തില്‍ ശ്വേതാമേനോന്റെ ചെറുപ്പകാലത്തെ അസ്മയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിച്ചത്. ഈ ചിത്രവും വേറിട്ട അനുഭവമായിരുന്നു.

? തമിഴ് സിനിമയില്‍ നായികയായതിനെക്കുറിച്ച്...


ഠ ഒരു ഇന്ത്യന്‍ പ്രണയകഥ കഴിഞ്ഞപ്പോള്‍ തമിഴില്‍ 'തിമിറി'ന്റെ രണ്ടാം ഭാഗമായ 'വെറി'യില്‍ വിശാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മീനാക്ഷിയെന്ന ഗ്രാമീണ പെണ്‍കുട്ടിയായാണ് അഭിനയിച്ചത്.

ഞാനിപ്പോള്‍ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് 'പൊതു നളന്‍ കരുതി' ഈ ചിത്രത്തിലും ഒരു വില്ലേജ് ഗേളായാണ് അഭിനയിക്കുന്നത്.

? അനുവിന്റെ കലാപരമായ പശ്ചാത്തലം...


ഠ വയനാട്ടിലെ കല്പറ്റയിലാണ് എന്റെ വീട്. അച്ഛന്‍ അബ്ദുള്‍ സലാം കോഴിക്കോട് കമ്മീഷണര്‍ ഓഫീസില്‍ ജോലി ചെയ്യുന്നു. അമ്മ രേണുക കല്പറ്റയില്‍ രവരസയെന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്നു.

കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. പിന്നീട് കേരള കലാമണ്ഡലത്തില്‍ ചേര്‍ന്നു. മോഹിനിയാട്ടമായിരുന്നു മെയിന്‍. സബ്ബായി കുച്ചിപ്പുടി പഠിച്ചു. അമ്മ നര്‍ത്തകിയായതുകൊണ്ട് ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ചിരുന്നു.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്. മുട്ടില്‍ ഡബ്ലിയു.എം.ഒ. കോളജില്‍ ബി.കോമിന് പഠിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 'എഫ്' സോണ്‍ കലോത്സവത്തില്‍ പങ്കെടുത്തത്.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഫോക്ക് ഡാന്‍സ്, ഒപ്പന, സംഘനൃത്തം എന്നീയിനങ്ങളില്‍ സമ്മാനം ലഭിച്ചതോടെ കലാതിലകമായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഞാന്‍ സിനിമയില്‍ എത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അച്ഛനായിരുന്നു. എന്റെ അച്ഛന്‍ അബ്ദുള്‍ സലാം നാടകനടന്‍ കൂടിയാണ്. നിരവധി നാടകങ്ങളില്‍ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്.

അച്ഛന്റെ പ്രോത്സാഹനത്തിലാണ് പൊട്ടാസ് ബോംബ് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും പൊട്ടാസ് ബോംബിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. കല്പറ്റ എന്‍.എസ്.എസ്. ഹൈസ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ പഠിക്കുന്ന എന്റെ സഹോദരി അനു സൊനാരയും കലാകാരിയാണ്.

? ഭര്‍ത്താവിനെക്കുറിച്ച്...


ഠ എന്റെ ഭര്‍ത്താവ് വിഷ്ണുപ്രസാദ് ബാംഗ്ലൂരില്‍ ബിറ്റ് ട്രാന്‍സ് എന്ന പേരില്‍ മീഡിയ സ്റ്റുഡിയോ നടത്തുന്നു. ഇപ്പോള്‍ സെറ്റുകളില്‍ എന്റെ കൂടെ പൂര്‍ണമായും നില്‍ക്കുന്നത് ഭര്‍ത്താവാണ്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം.

? മനസിലെ കഥാപാത്രം...


ഠ പൂര്‍ണമായും നൃത്തത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ നര്‍ത്തകിയായ കഥാപാത്രമായി അഭിനയിക്കണമെന്നത് എന്റെ മോഹമാണ്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: സുരേഷ് കുനിശ്ശേരി

Ads by Google
Friday 28 Oct 2016 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW