ഏഴ് വയസുകാരി റോറി വാനിനെ കാണുമ്പോള്‍ ഒരു പ്രത്യേകതയും ആര്‍ക്കും തോന്നില്ല. എന്നാല്‍ ഈ കൊച്ചു മിടുക്കിയുടെ കഴിവ് അറിഞ്ഞാല്‍ ആര്‍ക്കും ഞെട്ടലുണ്ടാകുമെന്നത് ഉറപ്പാണ്. വെയ്റ്റ് ലിഫ്റ്റിംഗില്‍ താരമാണ് ഈ ഏഴ് വയസുകാരി. കാനഡയിലെ ഒട്ടാവയിലുള്ള കവാന്‍-ലിന്‍ഡ്സെ ദമ്പതികളുടെ മകളാണ് ഏഴ് വയസുകാരി റോറി.
വെറും നാലടി മാത്രം ഉയരമുള്ള റോറിയുടെ വെയ്റ്റ് ലിഫ്റ്റിംഗിലെ റെക്കോഡ് 80 കിലോഗ്രാമാണ്. വെയ്റ്റ് ലിഫ്റ്റിംഗ്, ജിംനാസ്റ്റിക്‌സ് എന്നിവയില്‍ നിരവധി റെക്കോഡുകള്‍ റോറി നേടിയിട്ടുണ്ട്. മുന്‍പ് അമേരിക്കയില്‍ നടന്ന അണ്ടര്‍ 11, 13 കാറ്റഗറി മത്സരത്തില്‍ വെയ്റ്റ് ലിഫ്റ്റിംഗില്‍ ജയിച്ച് യൂത്ത് നാഷണല്‍ ചാമ്പ്യനുമായിരുന്നു ഈ കൊച്ചു താരം.
തന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ പരിശീലനം തന്നെയാണ് റോറി പിന്‍തുടരുന്നത്. ആഴ്ചയില്‍ ഒന്‍പത് മണിക്കൂര്‍ ജിംനാസ്റ്റിക്‌സ് പരിശീലനത്തിനും നാല് മണിക്കൂര്‍ വെയ്റ്റ് ലിഫ്റ്റിംഗിനുമായാണ് ചെലവഴിക്കുന്നത്. ഇനിയും കൂടുതല്‍ ശക്തയാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് കുഞ്ഞു റോറി പറയുന്നത്. വെയ്റ്റ് ലിഫ്റ്റിംഗിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് റോറിയെ അഭിനന്ദിയ്ക്കുന്നത്.