തൃശൂര്‍ക്കാരന്‍ റോമിയോ കാട്ടുക്കാരന്റെ ആദ്യഹോളിവുഡ് ഫീച്ചര്‍ സിനിമ മേരി കോവിഡ് കാലത്തെ കാലികവിഷയം ചര്‍ച്ചചെയ്യുന്നു.
ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്‌സിന്റെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് ജനം പകച്ചു നില്‍ക്കുന്ന സമയമായിരുന്നു. മാസ്‌കിന്റെ കുറവ്, ഒരു മാസ്‌ക് വച്ച് നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന. മാസ്‌കിന്റെ കുറവ് രൂക്ഷമായി നിലനിന്നിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ക്ഷാമം നിലനില്‍ക്കുന്നു. അതിനുള്ള പരിഹാരവും സിനിമ പറയുന്നു. നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള അഭിനന്ദനമായിട്ടാണ് മേരി സമര്‍പ്പിക്കുന്നതെന്ന് സംവിധായകന്‍ റോമിയോ കാട്ടുക്കാരന്‍ പറയുന്നു.
എ വണ്ടര്‍ഫുള്‍ ഡേ, ചെറുസിനിമ
പത്തുവര്‍ഷമായി മിഷിഗണിലും ചിക്കാഗോയിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനംചെയ്‌ത എ വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമയ്‌ക്ക് പതിനൊന്ന് രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടി. ഹോളിവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളെവച്ച് ചിത്രീകരിച്ച എ വണ്ടര്‍ഫുള്‍ ഡേ ഹോളിവുഡിലേക്കുള്ള റോമിയോയുടെ ചവിട്ടുപടി ആയിരുന്നു.
തൃശൂര്‍ ജില്ലയില്‍ ആളൂരില്‍ ജനിച്ച റോമിയോ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലും ആളൂര്‍ എസ്‌എന്‍വിഎച്ച് സ്‌കൂളിലുമാണ് സ്‌കൂള്‍ പഠനം. തൃശൂര്‍ ശ്രീ കേരളവര്‍മകോളജില്‍ ആയിരുന്നു ബിരുദപഠനം. ബിരുദത്തിനുശേഷം ചെറുസിനിമകളും പരസ്യചിത്രങ്ങളും ചെയ്‌തു. പിന്നീട് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്‌റ്റിറ്യൂട്ടിലേക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പോയി. പിന്നീട് ഉപജീവനമാര്‍ഗത്തിനായി മുഴുവന്‍സമയം ജോലിയില്‍ വ്യാപൃതനായതിനിടയിലാണ് എ വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമ ചെയ്‌തത്. അപ്പോകൊലിപ്‌തോ, ടെര്‍മിനേറ്റര്‍, ടൈറ്റാനിക് എന്നിവ പ്രചോദനം നല്‍കിയ ഹോളിവുഡ് സിനിമകള്‍. മലയാളത്തില്‍ തൂവാനത്തുമ്പികളും കിരീടവും കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ത്താടികളും ഇഷ്ട സിനിമകളാണ്. ഭരതന്‍, പത്മാജന്‍, കമല്‍, സിബിമലയില്‍ എന്നിവരുടെ സിനിമകളും ലോഹിതദാസിന്റെ തിരക്കഥകളും പ്രചോദനമേകിയെന്ന് റോമിയോ പറയുന്നു.