അടിമാലി: കോവിഡ്-19 രോഗ വ്യാപനത്തില്‍ വലയുന്ന മലയോര ജനതയ്ക്ക് കരുതലിന്റെ തണലൊരുക്കുകയാണ് അടിമാലി സര്‍വീസ് സഹകരണ ബാങ്ക്. പ്രളയവും മഹാവ്യാധികളും ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുമ്പോള്‍ സമാനതകളില്ലാത്ത കൈത്താങ്ങേകിയാണ് ബാങ്ക് ഒരു ജനതയ്‌ക്കൊപ്പം നിലയുറപ്പിച്ചത്. ഏഴു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തന പാരമ്പര്യം കൊണ്ട്, ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകന്റെ ഓരോ സ്പന്ദനത്തിലും ഒപ്പം നിന്ന ബാങ്ക്, ഇന്നു നിരവധി ആശ്വാസ പദ്ധതികളാണ് അവര്‍ക്കായി സമ്മാനിക്കുന്നത്.
പ്രദേശത്തെ ഏതാനും കര്‍ഷകര്‍ ചേര്‍ന്ന് 1950 മാര്‍ച്ച് 30-ന് രജിസ്റ്റര്‍ ചെയ്ത് അതേവര്‍ഷം ഏപ്രില്‍ 20-ന് പ്രവര്‍ത്തനം ആരംഭിച്ചതാണ്
ഈ ബാങ്ക്. ഹെഡ് ഓഫീസിനു പുറമെ ഇവിടെ തന്നെയുള്ള ബ്രാഞ്ചും പ്രഭാത-സായാഹ്നഹ്‌ന ശാഖയും കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്തെ ബ്രാഞ്ചും കൂടാതെ 200 ഏക്കര്‍, ഇരുമ്പുപാലം എന്നിവിടങ്ങളില്‍ ശാഖകള്‍ ആരംഭിച്ചതും സഹകാരികളുടെ സൗകര്യം കണക്കിലെടുത്താണ്.
കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ വളം എത്തിച്ചു നല്‍കുന്ന സംഭരണ കേന്ദ്രങ്ങള്‍ മച്ചിപ്ലാവിലും ഇരുമ്പുപാലത്തുമെല്ലാം പ്രവര്‍ത്തനം ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. പത്താംമൈലില്‍ ബാങ്കിന്റെ ദേവിയാര്‍ ശാഖയുടെ പ്രവര്‍ത്തനം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്. സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ടുപോയ സഹകാരികളുടെ വായ്പാ കാലാവധി വര്‍ധിപ്പിക്കുന്നതടക്കമുള്ള ആശ്വാസ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇരുമ്പുപാലത്തും അടിമാലിയിലും അദാലത്തുകള്‍ ഒരുക്കി. ഇതു നിരവധിയാളുകള്‍ക്ക് സഹായമായിരുന്നു.
2018-ലെ മഹാപ്രളയം മുതല്‍ തുടങ്ങിയ കരുതലോടെയുള്ള പ്രവര്‍ത്തനം ഈ കോവിഡ് കാലത്തും ജനങ്ങള്‍ക്ക് ലഭിക്കുന്നു. കോവിഡ് വ്യാധിയുടെ വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിലപാടുകളുമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഘട്ടങ്ങളില്‍ ബാങ്ക് ക്രമീകരിച്ച ജനോപകാരപ്രദമായ പദ്ധതികളും നിരവധിയാണ്. ഇതിനായി പ്രസിഡന്റ് ജോണ്‍സി ഐസക്കിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും സെക്രട്ടറി മോബി പ്രസ്റ്റീജിന്റെ നേതൃത്വത്തിലുള്ള 23 സ്ഥിരം ജീവനക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതാണ് ബാങ്കിന്റെ വിജയ മന്ത്രം.
പലിശയില്ലാതെ 25,000 രൂപ വരെ സ്വര്‍ണ പണയ വായ്പയും മൂന്നു മാസത്തേയ്ക്ക് കൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഭരണസമിതി അറിയിച്ചു. പലിശരഹിത വായ്പകളും, കുറഞ്ഞ പലിശ നിരക്കിലുള്ള കാര്‍ഷിക-കാര്‍ഷികാനുബന്ധ വായ്പകള്‍ നല്‍കി തന്നാണ്ട് വിളകളായ കപ്പ, വാഴ, ഇഞ്ചി, പാഷന്‍ ഫ്രൂട്ട്, പച്ചക്കറി എന്നിവയുടെ കൃഷി വ്യാപിപ്പിക്കുന്നതിന് ആരംഭം കുറിക്കാനായി. പശു വളര്‍ത്തല്‍, മുട്ട ഗ്രാമം, പോത്തു ഗ്രാമം, ആട്ഗ്രാമം, മത്സ്യഗ്രാമം പദ്ധതികള്‍ക്ക് ആവശ്യമായ വായ്പകളും നല്‍കി. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ക്കൊപ്പം, കാര്‍ഷിക ചന്തയും ആരംഭിക്കുന്നതിന് കഴിഞ്ഞത് അംഗങ്ങളായ കര്‍ഷകരുടെ കൂട്ടായ സഹകരണം കൊണ്ടാണ്. കാര്‍ഷിക മുന്നേറ്റത്തിന് സബ്‌സിഡി നിരക്കില്‍ തെങ്ങിന്‍ തൈകള്‍ നല്‍കിയതടക്കം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ക്രമീകരിച്ചതോടെ നിരവധി കുട്ടികള്‍ക്ക് ഇതിനുള്ള സൗകര്യമില്ലാത്തതായി മേഖലയിലുണ്ട്. അവര്‍ക്കായി വിദ്യാഭ്യാസ സഹായം ലഭ്യമാക്കി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ എന്നിവ ഇല്ലാത്തവര്‍ക്ക് ഇതു വാങ്ങുന്നതിനു സഹായഹസ്തം നീട്ടിയും സര്‍വീസ് സഹകരണ ബാങ്ക് ഒപ്പം നിന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കോളനികളും ആദിവാസി ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ഭക്ഷ്യോല്‍പന്ന കിറ്റുകളുടെ വിതരണം, പഠനോപകരണ വിതരണം, ദുരിതാശ്വാസ ക്യാമ്പുകള്‍ വഴിയുള്ള സഹായവിതരണം തുടങ്ങിയവയിലെല്ലാം പ്രത്യേക ശ്രദ്ധ ചെലുത്താനും അധികൃതര്‍ ജാഗ്രത പുലര്‍ത്തി. ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലേക്കുള്ള വളര്‍ച്ചയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും ആലോചന നടക്കുന്നതായി പ്രസിഡന്റ് ജോണ്‍സി ഐസക്, സെക്രട്ടറി മോബി പ്രസ്റ്റീജ് എന്നിവര്‍ പറഞ്ഞു.