Friday, June 25, 2021 Last Updated 0 Min 44 Sec ago English Edition
Todays E paper
സ്വന്തം ലേഖകന്‍
Monday 21 Sep 2020 11.12 AM

കാക്കിക്കുള്ളിലെ കഥാകൃത്തുക്കള്‍; എ.ഡി.ജി.പി മുതല്‍ സി.പി.ഒ വരെയുള്ളവര്‍ ലാത്തിമാറ്റിവച്ച് പേനയെടുത്തു, മലയാള ചെറുകഥാ ലോകത്തിന് പോലീസുകാരുടെ ഒരു ബിഗ്'സല്യൂട്ട്'

കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും. സല്യൂട്ട് എന്നു പേരിട്ട കഥാസമാഹാരത്തില്‍ എ.ഡി.ജി.പി മുതല്‍ സി.പി.ഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി ബി. സന്ധ്യയാണ് എഡിറ്റര്‍.
Salute

പത്തനംതിട്ട: കാക്കിക്കുള്ളിലെ കഥാകൃത്തുക്കള്‍ മലയാള ചെറുകഥാ ലോകത്തിന് ഒരു ബിഗ് സല്യൂട്ട് നല്‍കുകയാണ് 'സല്യൂട്ട്' എന്ന ചെറുകഥാ സമാഹാരത്തിലൂടെ. കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി പോലീസ് ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ഉടന്‍ പുറത്തിറങ്ങും. സല്യൂട്ട് എന്നു പേരിട്ട കഥാസമാഹാരത്തില്‍ എ.ഡി.ജി.പി മുതല്‍ സി.പി.ഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി ബി. സന്ധ്യയാണ് എഡിറ്റര്‍.

പോലീസുകാരില്‍ നിരീക്ഷണ പാടവം വളരെ കൂടുതലായിരിക്കുമെന്നും അവര്‍ സര്‍ഗപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്നും ബി. സന്ധ്യ പറയുന്നു. 24 മണിക്കൂറും വിവിധ ജോലികളില്‍ വ്യാപൃതരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുമ്പോഴും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുതിനു തെളിവാണ് ഈ പുസ്തകം. ഒരു വര്‍ഷം മുന്‍പ് എ.ഡി.ജി.പി സന്ധ്യ എഡിറ്ററായി രൂപപ്പെട്ട ആശയം കോവിഡ് സംബന്ധമായ കാരണങ്ങളാല്‍ പൂര്‍ണതയിലെത്താന്‍ ഇത്രനാളും വേണ്ടി വന്നു. പ്രിന്റിങ് ജോലി പുരോഗമിക്കുന്ന പുസ്തകം അടുത്തമാസം പുറത്തിറങ്ങും. ആകര്‍ഷകമായി രൂപകല്പന ചെയ്ത പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. കണ്ണൂര്‍ ജി.വി ബുക്‌സ് ആണ് പ്രസാധകര്‍. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുകയും 56 കഥകള്‍ ലഭിക്കുകയും ചെയ്തു. ഇവയില്‍നിന്നും 28 എണ്ണം ജി.വി. ബുക്‌സ് എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുത്ത് എ.ഡി.ജി.പിക്ക് അയച്ചു. 19 കഥകള്‍ അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 20 കഥകളാണുള്ളത്. ആദ്യത്തേത് എ.ഡി.ജി.പി സന്ധ്യയുടേതാണ്. അവതാരികയും എ.ഡി.ജി.പി തന്നെ എഴുതുന്നു. പോലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞു രൂപപ്പെട്ടവയാണ് കഥകളൊക്കെയും.

ജില്ലയില്‍ നിന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ സൃഷ്ടികള്‍ 199 രൂപ വില നിശ്ചയിച്ച കഥാ സമാഹാരത്തില്‍ ഉള്‍പ്പെടുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴ, അടൂര്‍ കെ.എ.പി മൂന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ മിഥുന്‍ എസ്. ശശി എന്നിവരുടെ രചനകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്ത് പത്രത്തില്‍ പരിശീലനം നേടിയ സജീവിനെ, ജില്ലാ പോലീസ് നടത്തിയ കലാമേളയില്‍ സമ്മാനാര്‍ഹനാക്കിയ പെയ്‌തൊഴിയാത്ത കാലം എന്ന കഥയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. സജീവ് ജില്ലാ പോലീസ് മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. ഇന്ത്യന്‍ പോലീസ് ജേര്‍ണലിന്റെ പുറത്തിറങ്ങാനുള്ള ലക്കത്തില്‍ മനുഷ്യക്കടത്തിനെ പറ്റിയുള്ള ലേഖനം എഴുതിയിട്ടുണ്ട്. അടൂര്‍ കെ.എ.പിയിലെ മിഥുന്‍ ഡെപ്യൂട്ടെഷനില്‍ നിയമസഭയിലെ ഡ്യൂട്ടിയിലാണ്. കഥാകൃത്തുക്കളെ അനുമോദിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.

No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!
Ads by Google
സ്വന്തം ലേഖകന്‍
Monday 21 Sep 2020 11.12 AM
YOU MAY BE INTERESTED
Kerala Matrimoney
Ads by Google
Loading...
LATEST NEWS
TRENDING NOW