മാവേലിക്കര: നിസഹായ മനുഷ്യരുടെ വേദന ഹൃദയത്തിലേറ്റു വാങ്ങിയ കഥാകാരന്‍ ശിവരാമന്‍ ചെറിയനാടിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. നിസ്വരായ മനുഷ്യരുടെ കിതപ്പും കുതിപ്പും സൃഷ്ടികളിലൂടെ ആവിഷ്‌കരിച്ച പ്രിയപ്പെട്ട കഥാകാരനായിരുന്നു ശിവരാമന്‍ ചെറിയനാട്. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും കഥകളിലൂടെ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യസ്‌നേഹത്തിന്റെ മികച്ച മാതൃകകള്‍ക്കൊപ്പം താന്‍ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെ കഥകളായി. വലിയവരുടെ മരണം വലിയ മരണമാണെന്ന് ഉറക്കെ പറയാന്‍ തയാറായ എഴുത്തുകാരന്‍.
മുപ്പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു. നിരവധി ലേഖനങ്ങളും ഉപന്യാസങ്ങളും കഥകളുമായി ആനുകാലികളില്‍ പ്രസിദ്ധീകരിച്ചവയും ഏറെ. പഠനഗ്രന്ഥമായ പാറപ്പുറത്ത്-ഓണാട്ടുകരയുടെ കഥാകാരന്‍ എന്ന പുസ്തകവും രചിച്ചു. ചെറുകഥയ്ക്കും ബാലസാഹിത്യരചനകള്‍ക്കുമൊപ്പം നോവല്‍, ജീവചരിത്രം, നിരൂപണം തുടങ്ങി സാഹിത്യത്തിന്റെ മിക്ക മേഖലകളിലും അദ്ദേഹം കൈയൊപ്പു ചാര്‍ത്തി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റായിരുന്നപ്പോള്‍ നഷ്ടത്തിലായിരുന്ന പ്രസ്ഥാനത്തെ മന്ത്രി ജി.സുധാകരനൊപ്പം നിന്ന് കൈപിടിച്ചുയര്‍ത്താന്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മറക്കാന്‍ കഴിയുന്നതല്ല. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് ഊര്‍ജം പകര്‍ന്നു നല്‍കിയ സാരഥിയായിരുന്നു ശിവരാമന്‍ ചെറിയനാട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നിര്‍വാഹക സമിതിയംഗമെന്ന നിലയിലും കേരള സാഹിത്യ അക്കാഡമിയംഗം, ഏ.ആര്‍ സ്മാരക സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും തന്റെ സംഘാടന മികവ് അദ്ദേഹം തെളിയിച്ചു.
പെരുച്ചാഴികളുടെ മാളം എന്ന കൃതി അബുദാബി ശക്തി തായാട്ട് പുരസ്‌കാരത്തിന് അര്‍ഹമായി. എ.പി കളയ്ക്കാട് പുരസ്‌കാരം ഉള്‍പ്പെടെ നേടി. ദേശീയ അധ്യാപക പുരസ്‌കാരം നേടിയ മികവുറ്റ അധ്യാപകനുമായിരുന്നു അദ്ദേഹം. മലബാറിലെ അധ്യാപക ജീവിതകാലത്ത് ഉണ്ടായ തീക്ഷ്ണാനുഭവങ്ങള്‍ അദ്ദേഹം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. നാട്ടുവഴികളില്‍ പരിചിതരോടെല്ലാം കാര്യങ്ങള്‍ പറഞ്ഞ് നടന്നു നീങ്ങിയ ഇദ്ദേഹത്തെ നാടിനും മറക്കാന്‍ കഴിയില്ല. ഇന്നും ചെട്ടികുളങ്ങരയുടെ ഓര്‍മകളില്‍ ശിവരാമന്‍ ചെറിയനാടുണ്ട്. അധ്യാപകനായും എഴുത്തുകാരനായും സുഹൃത്തായുമെല്ലാം.
No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!