കുമളി: കുടുംബാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റും പ്രസിഡന്റ് ഷിബു എം. തോമസും. ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അന്നദാന ഭവന്‍ കുമളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനും ഇവിടെയെത്തുന്ന രോഗികള്‍ക്കും ആശ്വാസമാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആതുരാലയത്തോട് അനുബന്ധിച്ച് ഏകോപന സമതിയുടെ നേതൃത്വത്തില്‍ അന്നദാന ഭവന്‍ പ്രവര്‍ത്തിക്കുന്നത്. അന്നദാനഭവന്റെ അനിവാര്യത മനസിലാക്കി പഞ്ചായത്ത് അന്നദാനഭവന് പുതിയ കെട്ടിടവും നിര്‍മിച്ചു നല്‍കി. അന്നദാനഭവന്‍ കാന്റീനിന്റെ ചുമതല ഉപാധികളോടെ വനിതാ വിങിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അന്നദാന ഭവന്‍ മുഖേന ആശുപത്രിയിലെത്തുന്ന കിടപ്പു രോഗികള്‍ അല്ലാത്തവര്‍ക്കു സൗജന്യ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനും ആലോചനയുണ്ട്.
2018 ലെ പ്രളയത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം തേക്കടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ട്രാവല്‍ ഏജന്‍സികളെയും പങ്കെടുപ്പിച്ച് സഹ്യാദ്രി മേള സംഘടിപ്പിക്കാനും കൊച്ചി ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 152 ട്രാവല്‍ ഏജന്റുമാരെ തേക്കടിയിലെത്തിച്ച് ടൂറിസം ഡസ്റ്റിനേഷനുകളും കാഴ്ചകളും ബോധ്യപ്പെടുത്താനും ഷിബു മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. ഇവ സംഘടിപ്പിച്ചതിലൂടെ തേക്കടി കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് 60 ലക്ഷത്തോളം രൂപയാണ് ചെലവായത്. ഇതു ലക്ഷ്യം കണ്ട് മാന്ദ്യം നീങ്ങി ടൂറിസം മേഖല ഉണര്‍ന്നു തുടങ്ങിയപ്പോഴേക്കും കോവിഡും ലോക് ഡൗണുമെത്തി വീണ്ടും പ്രതിസന്ധിയായി.
ലോക് ഡൗണിനെ തുടര്‍ന്നു വ്യാപാര മേഖലയില്‍ ഉണ്ടായ മാന്ദ്യതയില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരി വ്യവസായികള്‍ അഭിമുഖീകരിക്കുന്നത്. കട ബാധ്യതകള്‍ക്ക് മൊറോട്ടോറിയം അനുവദിക്കണമെന്നതും പലിശ എഴുതി തള്ളണമെന്നതുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ക്ക് സംഘടന നിവേദനം നല്‍കി. പലിശ ഒഴിവാക്കി വ്യാപാരികളെ കടക്കെണിയില്‍ നിന്ന് കരകയറ്റണെമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും നിവേദനം നല്‍കിയതായും ഷിബു എം. തോമസ് പറയുന്നു.
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ട്രഷറര്‍, കെ.വി.വി.ഇ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, തേക്കടി ടൂറിസം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളില്‍ ഷിബു പ്രവര്‍ത്തിക്കുന്നു. യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. തേക്കടിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്ന് സഞ്ചാരികള്‍ക്കായി ക്യാമല്‍ ബാക്ക് പ്ലാന്റേഷന്‍ ബംഗ്ലാവ് എന്ന പേരില്‍ ഹോംസ്‌റ്റേയും സ്‌പൈസസ് ഷോപ്പും നടത്തുന്ന ഷിബു നല്ല കര്‍ഷകനുമാണ്. ഭാര്യ: നോബിള്‍ ഷിബു. മക്കള്‍: ഹാന്‍സ് എം.തോമസ്, ജാന്‍സ് എം തോമസ്. (ഇരുവരും വിദ്യാര്‍ഥികള്‍ )
-ജോയി ഇരുമേട