സൈബര്‍ ബുള്ളിയിങ്ങിനെ കുറിച്ചും ബോഡി ഷെയ്മിങ്ങിനെ കുറിച്ചുമൊക്കെ പല ബോളിവുഡ് താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ അടുത്തിടെ ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ പരാതി കൊടുത്തിരുന്നു. ഇപ്പോഴിതാ ഹിന്ദി സീരിയല്‍ താരം രശ്മി ദേശായിയും അത്തരത്തിലൊരു അനുഭവം പങ്കുവെക്കുകയാണ്. താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിന് താരത്തിന്റെ പ്രായത്തെച്ചൊല്ലി നിരവധി കമന്റുകള്‍ വന്നിരുന്നു.
ഇതേ കുറിച്ചാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മി പ്രതികരണവുമായി രംഗത്തെത്തിയത്. ആന്റിയെന്നും മറ്റും വിളിച്ചുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്ത്് തനിക്ക് മതിയായെന്നും ഒരു വ്യക്തിയെ ട്രോള്‍ ചെയ്യുന്നതിന് പരിധിയുണ്ടെന്നും രശ്മി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മുംബൈ പോലീസിന്റെയും സൈബര്‍ക്രൈം ഹെല്‍പ് ലൈനിന്റെയും അക്കൗണ്ടുകളും ടാഗ് ചെയ്തു കൊണ്ടാണ് രശ്മിയുടെ പോസ്റ്റ്. ഈ കാലത്ത് നെഗറ്റിവിറ്റിയും വിദ്വേഷവും എളുപ്പം തിരഞ്ഞെടുക്കാനാവുമെന്നും സ്‌നേഹം പടര്‍ത്താനാണ് ആളുകള്‍ ബുദ്ധിമുട്ടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ലവ്, സ്റ്റാര്‍ എന്നെല്ലാം പേരുകളിട്ടവരാണ് ഇത്തരത്തില്‍ വെറുപ്പു പടര്‍ത്തുന്നതെന്നതാണ് മറ്റൊരു കാര്യമെന്നും രശ്മി പറയുന്നു.
'' അമ്മയോടും പെങ്ങളോടും കാമുകിയോടും ഏതൊരു സ്ത്രീയോടുമുള്ള ചിന്താഗതി ഇതാണോ? ഇതാണോ നിങ്ങളെ പങ്കാളിയോ അല്ലെങ്കില്‍ ചുറ്റുമുള്ളവരോ പഠിപ്പിക്കുന്നത്? അതോ ഇതാണോ നിങ്ങളുടെ വൃത്തികെട്ട മനസ്സ്? നിങ്ങളെപ്പോലെ എഴുതുന്ന, എന്നാല്‍ എന്താണ് എഴുതേണ്ടത് എന്നറിയാത്തവരെ കാണുമ്പോള്‍ വിഷമം തോന്നുന്നു.'' - രശ്മി കുറിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെ, 'ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങളുടെ അഭിപ്രായം എന്നെ നിര്‍വചിക്കുന്നില്ല'- എന്ന ക്യാപ്ഷനോടെ രശ്മി ഒരു ചിത്രം കൂടി പങ്കുവെച്ചു.