ഉള്ളുര്‍.കെ.സതീശന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണ് പ്രളയം. 28 കഥകള്‍ അടങ്ങിയ ഈ കൃതി വായിച്ചു തീരുമ്പോള്‍ ഒരു വായനക്കാരന്റെ മനസില്‍ ആ കഥകളുടെ സവിശേഷഭാവങ്ങളില്‍ ചിലത് പ്രതിഫലിക്കും.അതില്‍ പ്രധാനം ഈ കഥകളെല്ലാം ഭാവപ്രധാനങ്ങള്‍ എന്നതിലുപരി സംഭവപ്രധാനങ്ങളാണെന്നതാണ്. വര്‍ത്തമാനകാലജീവിതത്തിന്റെ സങ്കീര്‍ണ്ണതകളില്‍ നിന്ന് കണ്ടെത്തുന്ന ഇത്തിരി മുഹുര്‍ത്തങ്ങളും കഥാപാത്രങ്ങളുമാണ് സകല കഥകള്‍ക്കും ആധാരം. അതില്‍ ദാമ്പത്യജീവിതത്തിന്റെയും കാമുകീകാമുക ബന്ധങ്ങളുടെയും പൊരുത്തക്കേടുകളാണ് മുഖ്യം. ഏറ്റവും ഊന്നല്‍ ലൈംഗികതയ്‌ക്കാണ്. ഇത്തരം പ്രമേയങ്ങള്‍ ഒരു മനശാസ്‌ത്രജ്‌ഞന്റെ പാടവത്തോടെയാണ് കഥാകൃത്ത് ചിത്രീകരിച്ചിട്ടുളളത്.
സംഭവങ്ങള്‍ ഒതുക്കി ചടുലമായി പറയാനുളള കൈയടക്കമാണ് ശ്രദ്ധേയമായ പ്രത്യേകത. കഥയുടെ ക്രാഫ്‌റ്റ് ഗ്രഹിച്ച ഈ എഴുത്തുകാരന്റെ രചനകളെല്ലാം പാരായണക്ഷമമാണ്.ഹൃദയത്തെ തൊട്ടുപോകുന്ന നാതിദീര്‍ഘങ്ങളായ കഥകളില്‍ സമകാലിക കേരളീയ ജീവിതത്തിന്റെ സ്‌പന്ദനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ആഖ്യാനപരമായ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ ജീവിതത്തിന്റെ വിഭിന്ന മാര്‍ഗങ്ങളിലുഴലുന്ന ഒരുപിടി ദുരന്തമുഖങ്ങളെ അനാവൃതമാക്കുന്ന ഈ സമാഹാരം ഒരു എഴുത്തുകാരന്റെ കാഴ്‌ചപ്പാടുകള്‍ പ്രകടമാക്കുന്ന ആസക്‌തിയും വൈകാരികതയും തുളുമ്പി നില്‍ക്കുന്നകൃതിയാണെന്ന് നിസ്സംശയം പറയാം.
ഡോ. ചേരാവളളി ശശി
No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!