കൊച്ചി: ഒരുനൂറ്റാണ്ടോളം മുമ്പ് ആയിരം കോപ്പിമാത്രം അച്ചടിച്ച The Moplah Rebellion, 1921 (മാപ്പിള കലാപം 1921)ന് ഇതാദ്യമായി മലയാള പരിഭാഷ വരുന്നു. മലബാറില്‍ ഡെപ്യൂട്ടി കലക്ടറായിരുന്ന സി. ഗോപാലന്‍ നായരാണ് അക്കാലം രേഖപ്പെടുത്തിയ പുസ്തകം ഇംഗ്ലീഷില്‍ രചിച്ചത്.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമായ 2021ല്‍ സംഭവത്തെ അധികരിച്ച് നാലുസിനിമകള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴാണ് ഇക്കാലമത്രയും തസ്മകരിക്കപ്പെട്ട് കിടന്നിരുന്ന പുസ്തകത്തിന്റെയും പുനര്‍ ജന്മം. ആലിമുസലിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സി.ഗോപാലന്‍നായര്‍, ചരിത്രത്തിലെ വിവാദ പുരുഷനായ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ ക്രൂരനായ പോരാളിയായാണ് ചിത്രീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി പ്രചാരണം ലഭിക്കാതിരുന്ന ഗ്രന്ഥത്തിന് മലയാള പരിഭാഷ ഒരുക്കുന്നത് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ രാമചന്ദ്രനാണ്. കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്റെ അവതാരികയോടെ പുസ്തകം ഉടന്‍ പുറത്തിറങ്ങും.
1921ലെ ഔദ്യോഗിക രേഖകളും പത്രറിപ്പോര്‍ട്ടുകളും ആശ്രയിച്ചാണ് പുസ്തകം രചിച്ചിട്ടുള്ളത്. അവയില്‍ 'ഹിന്ദു ഒഴികെ ഒരുപത്രവും ഇന്ന് നിലവിലില്ലാത്തതിനാല്‍ ഈ ഗ്രന്ഥം ചരിത്രരേഖതന്നെയാണെന്ന് പരിഭാഷകന്‍. ഇതിലെ വിവരണങ്ങള്‍ പിന്നിട് പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അവ പരിഭാഷപ്പെടുത്താന്‍ അവരാരും തയാറായിരുന്നില്ല. 1923ല്‍ കോഴിക്കോട്ടെ നോര്‍മന്‍ പ്രസില്‍ അച്ചടിച്ച 240 പേജുള്ള പുസ്തകത്തിന് രണ്ടുരൂപയായിരുന്നു വില.
കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റായിരുന്ന സര്‍ സി. ശങ്കരന്‍നായരുടെ ഇളയ സഹോദരനാണ് സി. ഗോപാലന്‍നായര്‍.
രാജുപോള്‍