അടര്‍ത്താന്‍ കഴിയാത്തവിധം ആത്മബന്ധമുള്ള ഇടം. സൗഹൃദവും സ്‌നേഹവും ചേര്‍ത്തുപിടിക്കുന്ന കോഴിക്കോടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ നഗരത്തിന്റെ ചൂടും ചൂരുമേറ്റ് വളര്‍ന്നവര്‍ ഏറെയുണ്ട്. ഇവിടെ എത്തിപ്പെട്ട് കോഴിക്കോട്ടുകാരായി രൂപാന്തരപ്പെട്ടവരും അഭിമാനത്തോടെയാണ് ഈ നഗരത്തെ അടയാളപ്പെടുത്തുന്നത്. അത്തരം ഓര്‍മ്മകളെയും അനുഭവങ്ങളെയുമാണ് ജോണ്‍ അഗസ്‌റ്റിന്‍ എഡിറ്റ് ചെയ്‌ത് പ്രസിദ്ധീകരിച്ച 'മധുരിക്കുന്ന കോഴിക്കോട്' എന്ന പുസ്‌തകത്തില്‍ കാണാന്‍ കഴിയുക. ഒപ്പം നഗരത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന ചരിത്രവും കവിതകളും.
സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന 83 പേരാണ് കോഴിക്കോടിനെ ഈ പുസ്‌തകത്തില്‍ വരച്ചിടുന്നത്. അക്കൂട്ടത്തില്‍ എഴുത്തുകാരും സിനിമാപ്രവര്‍ത്തകരും രാഷ്‌ട്രീയ, സാമൂഹ്യ മേഖലയിലുള്ളവരും പത്രപ്രവര്‍ത്തകരുമുണ്ട്. അനുഭവങ്ങളിലൂടെ കോഴിക്കോടിനെ തിരിച്ചറിയുകയാണിവിടെ. കുട്ടിക്കാലത്ത് അച്‌ഛന്റെ കൈപിടിച്ച് പള്ളിപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറുന്ന ഓര്‍മ്മയാണ് എം.ടി. വാസുദേവന്‍ നായര്‍ പങ്കുവയ്‌ക്കുന്നത്. പിന്നീട് 1956 മുതല്‍ മാതൃഭൂമിയില്‍ ജേണലിസ്‌റ്റ് ട്രെയിനിയായി ജോലിക്ക് ചേര്‍ന്നതു മുതല്‍ തനി കോഴിക്കോട്ടുകാരനായ കഥ അദ്ദേഹം വിവരിക്കുന്നു. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകപങ്കുവഹിച്ച നഗരത്തെയാണ് എം.ടി നമുക്കുമുമ്പില്‍ അവതരിപ്പിക്കുന്നത്.
കെ.പി.കേശവമേനോനും എന്‍.വി.കൃഷ്‌ണവാര്യരും ഉറൂബും വി.എം.നായരും എസ്.കെ.പൊറ്റക്കാടും തമ്മിലുള്ള ഹൃദയബന്ധം ഓര്‍ത്തെടുക്കുന്ന സുഗതകുമാരി, ആണവനിലയത്തിനെതിരേ എം.ടിക്കൊപ്പം കോഴിക്കോടിന്റെ തെരുവിലൂടെ ജാഥ നയിച്ച അനുഭവവും രേഖപ്പെടുത്തുന്നു. എം.ജി.എസ്. നാരായണനാകട്ടെ കോഴിക്കോടിന്റെ ചരിത്രത്തിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. കല്‍പ്പറ്റ നാരായണന്‍ ബഷീറിനെക്കുറിച്ചെഴുതുമ്പോള്‍ അച്ചടിച്ചുവന്ന ആദ്യകഥയും കോഴിക്കോടും തമ്മിലുള്ള ഇഴയടുപ്പമാണ് യു.എ. ഖാദര്‍ കാണിച്ചുതരുന്നത്.
എപ്പോള്‍ വന്നാലും വയറുനിറച്ച് ഭക്ഷണം കിട്ടുന്ന നഗരമെന്നാണ് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്. കലാ, സാംസ്‌കാരികബന്ധമില്ലാത്ത കോഴിക്കോടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് ആന്റണി കുറിപ്പ് അവസാനിപ്പിക്കുന്നതും. മാനാഞ്ചിറയ്‌ക്ക് ചുറ്റുമുള്ള സിമന്റ് ബഞ്ചുകളിലിരുന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം ഒരു രാത്രി മുഴുവന്‍ കവിത ചൊല്ലിയ അനുഭവം പറയുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. ഐ.വി. ശശിക്ക് പറയാനുളളത് മറ്റൊന്നാണ്.
''സിനിമാ സംവിധായകനായി തുടക്കം കുറിച്ചപ്പോള്‍ ഓരോ കഥ കേള്‍ക്കുമ്പോഴും കോഴിക്കോടായിരുന്നു മനസ്സില്‍. ഈ നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ അപരിചിതത്വമില്ലാതെ വര്‍ക്ക് ചെയ്ാന്‍ എനിക്ക്‌യ കഴിഞ്ഞു. ഇവിടെ എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയിലും എനിക്ക് ചിത്രീകരിക്കാന്‍ കഴിയും. എന്റെ കണ്‍മുമ്പില്‍ അനുസരണയോടെ അവര്‍ മാറിനില്‍ക്കും. ഇവിടെ ചിത്രീകരിച്ച ഒരു ചിത്രത്തിലും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എനിക്ക് പോലീസിനെ വിളിക്കേണ്ടിവന്നിട്ടില്ല.''
ഇതില്‍പരം മറ്റെന്ത് ആദരവാണ് കോഴിക്കോട്ടുകാര്‍ക്ക് കിട്ടാനുളളത്?
കോഴിക്കോടിനെ തൊട്ടറിയുന്ന ഒരപൂര്‍വ പുസ്‌തകം തന്നെയാണ് മധുരിക്കുന്ന കോഴിക്കോടെന്ന് നിസ്സംശയം പറയാം.
മധുരിക്കുന്ന കോഴിക്കോട്
എഡിറ്റര്‍: ജോണ്‍ അഗസ്‌റ്റിന്‍, ഗ്രാന്‍മ ബുക്‌സ്, കോഴിക്കോട്.
രമേഷ് പുതിയമഠം
No. 1 & മലയാളികൾക്ക് ഏറ്റവും വിശ്വസനീയമായ മാട്രിമോണിയൽ സേവനം - രജിസ്ട്രേഷൻ സൗജന്യം!