കാലത്തിന്റെ സംഗീത ചക്രം അതിദൃതം ചലിച്ചുകൊണ്ടിരുന്നു. വര്‍ഷം 1975 ഒക്‌ടോബര്‍. എനിക്ക് ഒരു ക്രിസ്തുമസ് മൂഡുള്ള മാസമാണിത്. ഡിസംബറിലെ ക്രിസ്മസ് പരിപാടികളുടെ തയാറെടുപ്പുകള്‍ ഒക്‌ടോബറില്‍ തന്നെ തുട ങ്ങ ണം. സിലോണ്‍ തൊട്ടുരുമ്മിക്കിടക്കുന്ന നാടാണെങ്കിലും സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഏറെയുള്ളതുകൊണ്ട് റേഡിയോ പരിപാടികളുടെ മാഗ്‌നെറ്റിക് ടേപ്പുകള്‍ ശ്രീലങ്കാപ്രക്ഷേപണ നിലയത്തിലേക്ക് രണ്ട് മാസം മുമ്പേ അയയ്ക്കണം.
ഒക്‌ടോബര്‍ മാസത്തെ കുളിരുള്ള പ്രഭാതം. ക്രിസ്മസ് പാട്ടുകളും ചിത്രീകരണങ്ങളും തയാറാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. പെട്ടെന്നാണ് വാതില്‍ തട്ടിക്കൊണ്ട് സുവിസാര്‍ അകത്തേക്ക് വന്നത്. പിന്നാലെ ചിരിച്ചുകൊണ്ട് ദാസേട്ടനും.
സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി! സന്തോഷപ്പൂത്തിരി മനസില്‍ മിന്നിയതുപോലെ...
റിക്കോര്‍ഡിംഗിന് കോമ്പാക്കത്തേക്ക് പോകുന്ന വഴി എന്നെ കാണാനെത്തിയതാണെന്നും വരാന്തയില്‍ നിന്നിരുന്ന സുവിസാറാ ഇങ്ങോട്ടുകൂട്ടിക്കൊണ്ടവന്നതെന്നും ദാസേട്ടന്‍ പറഞ്ഞു. അതിന്റെ ആഹ്‌ളാദത്തോടെ ഞാന്‍ ദാസേട്ടനെ സ്വീകരിച്ചിരുത്തി. എന്തിനാണ് വന്നതെന്നറിയാനുള്ള ഉല്‍കണ്ഠയായിരുന്നു എനിക്ക്. ഓഫീസ് സെറ്റപ്പും എന്റെ ഇരിപ്പിടവുമൊക്കെ ആസ്വദിച്ച ദാസേട്ടന്‍ ചി
രിച്ചുകൊണ്ട് പറഞ്ഞു:
''രാജു, ഞാന്‍ ഭാഗ്യവാനാണ്! ഒരു സിനിമാപിന്നണി ഗായകനേക്കാളും താനിന്ന് പോപ്പുലറായിക്കഴിഞ്ഞു. എന്റെ സിസ്റ്റര്‍ ജയമ്മ പറഞ്ഞപ്പോാെണ് ആ പ്രശസ്തിയെക്കുറിച്ച് സത്യത്തില്‍ ഞാനറിയുന്നത്. ഞാനധികം റേഡിയോ കേള്‍ക്കാറില്ല...''
ദാസേട്ടന്റെ പ്രശംസ കേട്ട് ഞാനാകെ ചുക്കിചുരുണ്ടുകൂടുകയായിരുന്നു.
''ഞാനൊരു റിക്വസ്റ്റുമായിട്ടാണ് വന്നിരിക്കുന്നത്.''
''റിക്വസ്‌റ്റോ...!''
''അതെ..''
താടിയൊന്നു തടവി ചിരിച്ചുകൊണ്ട് അദ്ദേഹം പൂര്‍ത്തിയാക്കി.
ജയമ്മ തെറ്റില്ലാതെ പാടും എന്നെനിക്കറിയാം. എന്നോര്‍ത്ത് സിനിമയില്‍ പാടണമെന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. പക്ഷെ തന്റെ പരിപാടിയില്‍ പാടണമെന്ന് മോഹം. അക്കാര്യം ഇന്ന് രാവിലെയാണ് അവളെന്നോട് പറഞ്ഞത്. ചേട്ടന്‍ വിചാരിച്ചാല്‍ നടക്കുമെന്നും പറഞ്ഞു. അക്കാര്യം പറയാനാ ഞാന്‍ വന്നത്. നന്നായി പഠിപ്പിച്ചാല്‍ അവള്‍ പാടുമെന്നെനിക്കുറപ്പാണ്.''
''ദാസേട്ടന്റെ ആ ഉറപ്പുമാത്രം മതിയെനിക്ക്. കഴിവുള്ളവരെക്കൊണ്ടു പാടിക്കുന്നത് സന്തോഷമുള്ള കാര്യ
മല്ലേ...ജയമ്മ തീര്‍ച്ചയായും ക്രിസ്റ്റിയന്‍ ആര്‍ട്ട്‌സില്‍ പാടും..''
''സന്തോഷമായടോ കൊച്ചിക്കാരാ!''
ദാസേട്ടന്‍ ആഹ്ളാദം മറച്ചുവെച്ചില്ല.
''മൂന്നുനാല് ദിവസം മുമ്പെങ്കിലും ജയമ്മയെ ഇവിടെയെത്തിക്കണം.''
''എത്തിച്ചിരിക്കും.''
അപ്പോഴേക്കും സുവിസാറുമെത്തി. പിന്നെ നടപടിക്രമങ്ങള്‍ പെട്ടെന്നായി. റിക്കോര്‍ഡിംഗ് തീയതി തീരുമാനിക്കുന്നു. ദാസേട്ടന്‍ സന്തോഷത്തോടെ മടങ്ങി.
മൂന്നുനാല് ദിവസങ്ങള്‍ കൊണ്ട് പാട്ട് നന്നായി പഠിച്ച് റിക്കോര്‍ഡിങ്ങിന് ജയമ്മ ഭയപ്പാടില്ലാതെ പാടുകയും
ചെയ്തു. കേള്‍ക്കാനിമ്പമുള്ള മെലഡിയായിരുന്നു.
''ബേദലേം പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു...''
റിക്കോര്‍ഡിങ് സമയത്ത് ദാസേട്ടന്‍ വന്നിരുന്നില്ല. ടെന്‍ഷനായിരിക്കുമെന്ന് ഞാനൂഹിച്ചു.
പാട്ട് കേള്‍ക്കാനായി പിറ്റേദിവസമാണ് ദാസേട്ടന്‍ സുവി സാറുമായിട്ട് സ്റ്റുഡിയോയിലെത്തിയത്.
കുഞ്ഞിപ്പെങ്ങളുടെ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോള്‍ ദാസേട്ടന്റെ മുഖത്തെ സന്തോഷം ഞാന്‍ ശ്രദ്ധിക്കു
കയായിരുന്നു. പാട്ടുകേട്ടശേഷം സുവിസാറിനോട് നന്ദി പറഞ്ഞു. പിന്നീട് എന്റെയടുത്തെത്തി നന്ദി പ്രക
ടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തടഞ്ഞു.
ക്രിസ്മസ് കാലത്ത് ജയമ്മയുടെ പാട്ട് പരമാവധി ഉള്‍പ്പെടുത്തി. ധാരാളം ശ്രോതാക്കള്‍ ഈ ഗാനം വീണ്ടും ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പാട്ട് ഹിറ്റായി. ഞാനോര്‍മിക്കുന്ന മധുരിക്കുന്ന സംഭവമായിരുന്നു അത്.ഇതേകാലഘട്ടത്തില്‍ മലയാളം-തമിഴ് ഭാഷകളോടൊപ്പം തെലുങ്ക്, കന്നഡ സിനിമകളിലും ദാസേട്ടന്‍ പാടിത്തുടങ്ങിയിരുന്നു. ഒരു പ്രത്യേക പാരമ്പര്യത്തിലും ശൈലിയിലുമാണ് തെലുങ്ക് സിനിമാപാട്ടുകളെങ്കിലും
കന്നഡ ഗാനങ്ങള്‍ക്ക് മലയാളപ്പാട്ടുകളുടെ ഈണത്തോട് സാമ്യമുള്ളതായി തോന്നിയിട്ടുണ്ട്. അതിന്റെ പ്രധാനകാരണം അക്കാലത്തെ കന്നഡ സംഗീത സംവിധായകരായ ജി.കെ വെങ്കടേരാജന്‍-നാഗേന്ദ്ര ടീ മുകളുമായിരുന്നു.
ദാസേട്ടന്‍ കന്നഡ സിനിമകളില്‍ പാടാന്‍ തുടങ്ങിയതോടെ ഈണത്തിന്റെ മേന്മ വര്‍ദ്ധിക്കുകയായിരുന്നു. 1977-ല്‍ എന്നെയും ലതയെയും കോരിത്തരിപ്പിച്ച ഒരു കന്നഡപ്പാട്ടുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു താരാട്ട്!
''ജോ ജോ ലാലി നാ ഹാഡുവേ
ചിന്ത തിന്ന മുഡാസുവേ...''
ഒരു 'വങ്കാളദേശക്കാരന്‍' കേരളത്തനിമയുള്ള ഈണം പകരുന്നത് ചെറുപ്പത്തിലേ എന്നില്‍ കൗതുകമുണര്‍ത്തിയ ഒരു വിഷയമാണ്. ഗായകദമ്പതികളായ ഞങ്ങള്‍ ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ 1975 കാലഘട്ടത്തില്‍ കല്‍ക്കട്ട മലയാളികളുടെ വേദികളിലും ഞങ്ങള്‍ പാടാനെത്തി. അപ്പോഴാണറിയുന്നത് മലയാളികള്‍ക്ക് ബംഗാളികളുമായി ഒട്ടേറെ പൊരുത്തങ്ങളുണ്ടെന്ന്.
പ്രധാനമായും രൂപസാദൃശ്യമായിരുന്നു. അടുത്തത് വസ്ത്രധാരണം, പിന്നെ ഭക്ഷണം.
മലയാളികളെപ്പോലെത്തന്നെ ബംഗാളികളുടെയും ഇഷ്ടഭോജ്യമാണ് മത്സ്യം. കലാസാംസ്‌കാരിക സിനിമാരംഗത്തും ഈയൊരു പൊരുത്തം നമുക്ക് കാണാന്‍ സാധിക്കും.അതുകൊണ്ട്തന്നെയാണ് 'ചെമ്മീന്‍' സിനിമയിലൂടെ ബംഗാളികളായ സലീല്‍ ചൗധരിയേയും ഋഷികേശ്
മുഖര്‍ജിയെയും നമ്മള്‍ സ്വാഗതംചെയ്തത്. സലില്‍ദാ അത് തുടരുകയായിരുന്നു. ഗ്രാമീണ സംഗീതത്തിന്റെ ഒരന്വേഷകന്‍ കൂടിയായിരുന്നു അദ്ദേഹം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംഗീതം മറ്റ് ഭാഷാഗാനങ്ങളില്‍ അദ്ദേഹം സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് 'വൃശ്ചികപ്പെണ്ണേ...',
'മനയ്ക്കലെ തത്തേ...' എന്നീ പാട്ടുകളുടെ ഈണങ്ങള്‍.
'വൃശ്ചികപ്പെണ്ണേ' യുഗ്മഗാനത്തില്‍ ദാസേട്ടന്റെ കൂടെ പാടിയിരിക്കുന്നത് സലീല്‍ദായുടെ പത്‌നി സബിതാ ചൗധരിയാണ്. ഉച്ചാരണ വൈകല്യമുണ്ടെങ്കിലും ഈണത്തിന്റെ ചാരുതയും ദാസേട്ടന്റെ പങ്കിടലും ആ കുറവ് പരിഹരിക്കുന്നു.
ദാസേട്ടന്റെ മാന്ത്രികശബ്ദത്തിലുള്ള 'മനയ്ക്കലെ തത്തേ' ഇന്നും യുവഗായകരുടെ ഹരമാണ്.!
വയലാര്‍-സലീല്‍ ചൗധരിയുടേതാകട്ടെയാദ്യം. 'കേളീനളിനം വിടരുമോ...'ഓര്‍മ്മയുടെ പൂജാമുറയില്‍ നെയ്ത്തിരിനാളം പോലെ ഞാനിന്നും സൂക്ഷിക്കുന്ന ഒരു പാട്ട്! ദാസേട്ടനിഷ്ടപ്പെട്ട് മനസറിഞ്ഞ് പാടിയ ഗാനം. ആ പാട്ട് എപ്പോള്‍ മൂളുമ്പോഴും മധുരിക്കുന്ന ഒരു നൊമ്പരമുണ്ടെനിക്ക്.
കോടമ്പാക്കത്തെ എന്റെ ചങ്ങാതിയായിരുന്ന സുധീറാണ് ഈ ഗാനം കാമുകിയുമായി പാടുന്നത്. കാമുകി ഈയടുത്ത് അകാലത്തില്‍ പൊലിഞ്ഞ ശ്രീദേവിയും. ഓര്‍മ്മയിലെ നഷ്ടവസന്തങ്ങള്‍.
രണ്ടാമത്തെ ഗാനം 'കാമം ക്രോധം മോഹം' സിനിമയിലെ ദാസേട്ടനും പി.സുശീലയും ചേര്‍ന്നുപാടിയ 'രാഗാര്‍ദ്ര ഹംസങ്ങളോ..' മാന്യശ്രീ വിശ്വാമിത്രന്‍ സിനിമയിലൂടെ അരങ്ങേറിയ ശ്യാമിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. സ്വതന്ത്ര സംഗീതസംവിധായകനാകുന്നതിനു മുമ്പുതന്നെ സാം ജോസഫെന്ന വയലിനിസ്റ്റ് ശ്യാമിനെ എനിക്ക് പരിചയമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ചില പരസ്യപ്പാട്ടുകള്‍ (ജിംഗിള്‍) പാടിയതുതന്നെ. കേള്‍ക്കാന്‍ ചന്തമുള്ള ഈണമാണ് ശ്യാമൊരുക്കിയത്. അന്നത്തെ മറ്റൊരു പ്രശസ്ത ഗാനം ദാസേട്ടന്‍ പാടിയ 'സ്വര്‍ഗം താരിറങ്ങി വന്നതോ'. യൂസഫലി കേച്ചേരിയും ദേവരാജന്‍ മാഷും 'വനദേവത'ക്കുവേണ്ടി ഈ പാട്ടും ശ്രാവ്യമധുരമാക്കി!