Saturday, May 01, 2021 Last Updated 6 Min 42 Sec ago English Edition
Todays E paper
സ്മൃതി / മുഹമ്മദ്‌ഷെരീഫ് കാപ്പ്
Friday 29 May 2020 06.59 PM

താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് ഏറ്റവും വലിയ കടപ്പാട് അച്ഛനോട് തന്നെയാണെന്ന് - ആര്‍.കനകാംബരന്‍

''കോഴിക്കോട് ആകാശവാണിയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന ആര്‍.കെ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന ആര്‍.കനകാംബരന്‍ ഈണങ്ങളുടെ സുല്‍ത്താന്‍ കെ.രാഘവന്‍മാസ്റ്ററുടെ മകനാണ്.''
R Kanakambaran

ഈണങ്ങളുടെ സുല്‍ത്താന്‍ കെ.രാഘവന്‍മാസ്റ്റര്‍ക്ക് നന്നായി പാടാനും സംഗീതസംവിധാനം നിര്‍വഹിക്കാനും അറിയുന്ന ഒരു മകനുണ്ട്. അദ്ദേഹവും ജനപ്രിയനാണ്!

ആ പ്രശസ്തി ലഭിച്ചത് സിനിമയില്‍ ആയിരുന്നില്ല എന്ന് മാത്രം. കോഴിക്കോട് ആകാശവാണിയിലൂടെ സൂപ്പര്‍സ്റ്റാര്‍ പരിവേഷം നേടിയിരുന്നു ആര്‍.കെ എന്ന ആര്‍.കനകാംബരന്‍. 1982-ല്‍ അച്ചന്‍ സംഗീതം പകര്‍ന്ന രണ്ട് സിനിമകളില്‍ പാടിയിട്ടുണ്ട്. ഡോക്ടര്‍ ജോഷ്വാ സംവിധാനം ചെയ്ത 'തീരാത്ത ബന്ധങ്ങളി'ല്‍ എസ്. ജാനകിയോടൊപ്പം ആലപിച്ച 'എടി എന്തെടി രാജമ്മേ ഞാന്‍ പറഞ്ഞതെന്തായി...' മലയാളസിനിമയില്‍ വന്ന പ്രണയഹാസ്യ ഗാനങ്ങളില്‍ ഏറെ രസകരമാണ്. പൂവച്ചല്‍ ഖാദറിന്റേതാണ് വരികള്‍.

കെ.പി കുമാരന്റെ 'കാട്ടിലെ പാട്ടി'ലെ മുല്ലനേഴി എഴുതിയ നാടന്‍പാട്ടാണ് മറ്റൊന്ന്. സഹഗായകരായി ബി.വസന്തയും സി.ഒ ആന്റോയുമായിരുന്നു.
''സ്വരം നന്നായപ്പോഴാണ് സിനിമയിലെ ആലാപനം അവസാനിപ്പിച്ചത്.''
ആര്‍.കെ തമാശയ്ക്ക് പറയും.

തലശ്ശേരിയിലാണ് ജനിച്ചത്. വിദ്യാഭ്യാസം ജോലി, വിവാഹം ഇവയൊക്കെ കോഴിക്കോടായിരുന്നു.
സ്‌കൂള്‍ പഠനകാലത്ത് നാടകങ്ങളില്‍ ഒരു കൈ നോക്കിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആ രംഗം ഉപേക്ഷിച്ചു. ഇക്കാലത്തു തന്നെ സ്‌കൂളിലെ ഒരു പൊതുപരിപാടിക്ക് 'കദളിവാഴക്കയ്യിലിരുന്ന്...' എന്ന പാട്ട് പാടിയെങ്കിലും ഇടയ്ക്ക് വെച്ച് വരികള്‍ മറന്നുപോയതിനാല്‍ പാതിവഴിയില്‍ നിന്ന ഗാനാലാപനം മനസ്സിനെ ഏറെ വിഷമിപ്പിച്ചു. എന്നാല്‍ നല്ലൊരു പാട്ടുകാരനാകണം എന്ന മോഹം കഠിനമായ പ്രയത്‌നത്തിലൂടെ സാധിച്ചെടുത്തു.

കോളേജ് പഠനകാലമാണ് അത് കൂടുതല്‍ ഉപയോഗപ്പെടുത്താനായത്. ഡിഗ്രികാലത്തെ ഓരോ കോളേജ്‌ഡേയ്ക്കും പാട്ട് മത്സരങ്ങള്‍ക്ക് സജീവമായി പങ്കെടുത്തു. ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോള്‍ നടന്ന ഇലക്ഷന് ഓരോ ക്ലാസിലെയും വിദ്യാര്‍ത്ഥികളെ അഭിമുഖീകരിച്ചത് പാട്ട് പാടിയാണ്. അന്ന് പാടിയ പാട്ടികളിലൊന്ന് ഇപ്പോഴും ഓര്‍മയുണ്ട്.

'സംഗമം.. സംഗമം..
ത്രിവേണി സംഗമം..'
എം.എസ് ബാബുരാജ് തുടങ്ങിവെച്ച കോഴിക്കോട്ടെ ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിലും പാടിയിരുന്നു. ഗുരുവായൂരപ്പന്‍ കോളേജില്‍ പി.ജിക്ക് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാതെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം തലശ്ശേരിക്ക് തിരിച്ചുപോയി.
നാട്ടില്‍ എരഞ്ഞോളിമൂസ, പീര്‍മുഹമ്മദ്, ചാന്ദ്പാഷ തുടങ്ങിയ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തുടങ്ങിയ സംഗീതട്രൂപ്പിലാണ് സിബല്ലസദാനന്ദന്‍ എന്ന മലബാറിന്റെ പ്രിയ ഗായികയൊക്കെ ആദ്യം പാടുന്നത്.

R Kanakambaran

1975-ല്‍ തൃശൂര്‍ ആകാശവാണിയിലേക്ക് അനൗണ്‍സര്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. തൊട്ടടുത്ത വര്‍ഷം കോഴിക്കോട് നിലയത്തില്‍ നിയമനം കിട്ടി. ജോലികിട്ടിയപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. ഡിഗ്രിക്ക് ഒപ്പം പഠിച്ച ലിന്‍ഡ എന്ന കുട്ടിയെ അച്ഛനൊപ്പം തിക്കോടിയന്‍ മാഷും ചേര്‍ന്നാണ് പെണ്ണ് ചോദിക്കാന്‍ പോയത്. മരുമകള്‍ ക്രിസ്ത്യാനിയാണെങ്കിലും രാഘവന്‍ മാഷിനും എതിര്‍പ്പില്ലാത്തതുകൊണ്ട് വിവാഹം കഴിഞ്ഞു. ഏക മകന്‍ കപില്‍.

''ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്നതുമുതല്‍ ശ്രോതാക്കള്‍ക്കായി കൂടുതല്‍ എന്തെങ്കിലും ചെയ്യണമെന്ന് മോഹം ഉണ്ടായിരുന്നു. കെ രാജന്‍ എന്ന സ്‌റ്റേഷന്‍ ഡയറക്ടറുമായി തന്റെ ആശയം പങ്കുവച്ചപ്പോള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് 1999 നവംബര്‍ 7 ന് കേരളത്തില്‍ തന്നെ ആദ്യത്തെ റേഡിയോ ഫോണ്‍ ഇന്‍ പ്രോഗ്രാം കോഴിക്കോട് ആകാശവാണിയില്‍ നിന്ന് തുടങ്ങുന്നത്. ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന 'ഹലോ ഇഷ്ടഗാനം' എന്ന് പേരിട്ട പരിപാടി ശ്രോതാക്കള്‍ക്ക് ഇഷ്ടഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്യുക മാത്രമായിരുന്നില്ല. അവരും ഏറെ പ്രതീക്ഷയോടെ ഈ പരിപാടി കേള്‍ക്കാനും ഇതിലേക്ക് വിളിക്കാനും നട്ടുച്ചയ്ക്ക് പബ്ലിക് ടെലിഫോണ്‍ ബൂത്തികളില്‍ പോലും പോയി നിന്നു!

കാഴ്ചയില്ലാത്തവര്‍, വികലാംഗര്‍, തളര്‍ന്നു കിടക്കുന്നവര്‍ എന്നിവരൊക്കെയാണ് എന്റെ ഓരോ വാക്കും പ്രതീക്ഷയോടെ കാത്തിരുന്നത്. പലരുടെയും വീട്ടില്‍ ഞാന്‍ നേരിട്ട് പോയിട്ടുണ്ട്. ചിലരുടെയൊക്കെ അവസ്ഥ കണ്ടിട്ട് മനസ്സിനെ പിടിച്ച് നിര്‍ത്താന്‍ പ്രയാസപ്പെട്ടിട്ടുണ്ട്.
ഒട്ടേറെപ്പേര്‍ക്ക് സാമ്പത്തിക സഹായത്തിനുള്ള വഴി തുറന്നു കൊടുത്തു. ശാരീരിക വൈകല്യമുള്ളവരെ ദാമ്പത്യജീവിതത്തിലേക്ക് കൂട്ടിയിണക്കാന്‍ ഈ പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്. ഓരോ ആഴ്ചയും ഈ പരിപാടിയില്‍നിന്ന് കേട്ട സാന്ത്വനവാക്കുകള്‍ പലരുടെയും പ്രയാസങ്ങള്‍ കേട്ട് വഴിതെറ്റി ജീവിച്ചവര്‍ നേര്‍വഴിയിലേക്കു അനുഭവങ്ങള്‍ അടങ്ങിയ നൂറുകണക്കിന് കത്തുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പന്ത്രണ്ട് വര്‍ഷം ഒരു മാറ്റവുമില്ലാതെ പോയ 'ഹലോ ഇഷ്ടഗാനം' പരിപാടിയുടെ 10 വാര്‍ഷികാഘോഷം നടന്നപ്പോള്‍ വിവിധ ജില്ലകളില്‍ നിന്ന് വീല്‍ ചെയറിലും മറ്റും വന്നവരോടൊക്കെ പറഞ്ഞ മറുപടി പ്രസംഗം പൂര്‍ത്തീകരിക്കാനാവാതെ കരഞ്ഞുപോയിട്ടുണ്ട്.''

താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് ഏറ്റവും വലിയ കടപ്പാട് അച്ഛനോട് തന്നെയാണെന്ന് ആര്‍.കെ. പറയുന്നു. കോഴിക്കോട് കേന്ദ്രമായി കെ.രാഘവന്‍ മാസ്റ്റര്‍ ഫൗണ്ടേഷന്‍ ഉടന്‍ നിലവില്‍ വരും. എരഞ്ഞിപ്പാലത്താണ് കനകാംബരന്‍ വര്‍ഷങ്ങളായി താമസിക്കുന്നത്.

സ്മൃതി / മുഹമ്മദ്‌ഷെരീഫ് കാപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW