Sunday, June 13, 2021 Last Updated 32 Min 26 Sec ago English Edition
Todays E paper
അനിത മേരി ഐപ്പ്‌
Saturday 23 May 2020 09.24 AM

ആടുജീവിതത്തിലെ നജീബിനെപ്പോലെയായിരുന്നു ഞങ്ങള്‍ 58 പേര്‍, അന്യസ്‌ഥലത്തെ അനാഥാവസ്‌ഥ അനുഭവിച്ച ആ മൂന്നുമാസത്തെപ്പറ്റി ബ്ലെസി പറയുന്നു

നാട്ടില്‍ തിരിച്ചെത്തുക ആദ്യഘട്ടത്തില്‍ പ്രതീക്ഷയായിരുന്നെങ്കില്‍ പിന്നീടത്‌ ആശങ്കയായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ എന്തും സംഭവിക്കാമെന്ന ഭയമായി... മണലാരണ്യത്തിന്റെ വന്യതയും അന്യസ്‌ഥലത്തുണ്ടാകുന്ന നിസഹായതയുമെല്ലാം തിരിച്ചറിഞ്ഞ നാളുകളാണ്‌ കടന്നുപോയത്‌"- ജോര്‍ദാനില്‍നിന്നു മടങ്ങിയെത്തി തിരുവല്ലയിലെ വീട്ടില്‍ ക്വാറൈന്റനില്‍ കഴിയുന്ന "ആടുജീവിതം" സിനിമയുടെ സംവിധായകന്‍ ബ്ലെസി സംസാരിക്കുന്നു
Film director Blessy

"ഒരുപാടു സ്വപ്‌നങ്ങളോടെ അന്യദേശത്തെത്തി അനാഥാവസ്‌ഥയിലാക്കപ്പെട്ട, ആടുജീവിതത്തിലെ, നജീബിനെപ്പോലെയായിരുന്നു ഞങ്ങള്‍ 58 പേര്‍. മണലാരണ്യത്തിന്റെ വന്യതയും അന്യസ്‌ഥലത്തുണ്ടാകുന്ന നിസഹായതയുമെല്ലാം തിരിച്ചറിഞ്ഞ നാളുകളാണ്‌ കടന്നുപോയത്‌"- മൂന്നു മാസത്തോളം നീണ്ട അനിശ്‌ചിതാവസ്‌ഥയ്‌ക്കുശേഷം ജോര്‍ദാനില്‍നിന്നു മടങ്ങിയെത്തി തിരുവല്ലയിലെ വീട്ടില്‍ ക്വാറൈന്റനില്‍ കഴിയുന്ന "ആടുജീവിതം" സിനിമയുടെ സംവിധായകന്‍ ബ്ലെസി വീടണഞ്ഞതിന്റെ ആശ്വാസത്തില്‍ പറഞ്ഞു.

"തിരുവല്ലയിലെ വീട്ടിലെത്തിയിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. എങ്കിലും, ആശങ്കയുടെ നാളുകള്‍ കടന്നു വീട്ടിലെത്തിയതിന്റെ ആശ്വാസം വലുതാണ്‌"-ഫോണില്‍ അദ്ദേഹം "മംഗള"ത്തോടു പറഞ്ഞു.

"കഴിഞ്ഞ മാര്‍ച്ച്‌ ഒന്‍പതിനാണ്‌ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി ജോര്‍ദാനിലെത്തിയത്‌. ഞാനും നായകന്‍ പൃഥ്വിരാജും ഉള്‍പ്പെടെ 58 പേരുണ്ടായിരുന്നു. 16 നു ഷൂട്ടിങ്‌ തുടങ്ങി. എട്ടു ദിവസത്തോളം വാദിറാം മരുഭൂമിയില്‍ ഷൂട്ട്‌ ചെയ്‌തപ്പോഴാണ്‌ ജോര്‍ദാനില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്‌. പിന്നീട്‌ 32 ദിവസം ഷൂട്ടിങ്‌ നടന്നില്ല. വാദിറാം മരുഭൂമിയിലെ ഡെസേര്‍ട്ട്‌ ക്യാമ്പിലായിരുന്നു താമസം.

Film director Blessy

നാട്ടില്‍ തിരിച്ചെത്തുക ആദ്യഘട്ടത്തില്‍ പ്രതീക്ഷയായിരുന്നെങ്കില്‍ പിന്നീടത്‌ ആശങ്കയായി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ എന്തും സംഭവിക്കാമെന്ന ഭയമായി... രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതുകൊണ്ടു തിരിച്ചുവരാനുള്ള ശ്രമം ആദ്യമൊന്നും നടന്നില്ല. അന്തര്‍ സംസ്‌ഥാന യാത്രപോലും അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം തീര്‍ന്നുകൊണ്ടിരുന്നു. കനത്ത പൊടിക്കാറ്റ്‌ ശല്യമായി... അവിടത്തെ രോഗതീവ്രതയോ രാഷ്‌ട്രീയ സാഹചര്യമോ ഒന്നും അറിയില്ല. അന്യസ്‌ഥലത്തുണ്ടാകുന്ന അനാഥാവസ്‌ഥ അനുഭവിച്ച നാളുകള്‍...

ജോര്‍ദാനിലുള്ള തിരുവനന്തപുരം സ്വദേശിയായ സനല്‍കുമാര്‍ എന്ന ഗാര്‍മെന്റ്‌ വ്യവസായിയാണ്‌ എല്ലാ സഹായവും നല്‍കിയത്‌. അദ്ദേഹത്തിന്‌ അവിടത്തെ ഭരണകൂടവുമായി അടുപ്പമുണ്ടായിരുന്നു. സനല്‍കുമാറിന്റെ ശ്രമഫലമായി ഷൂട്ടിങ്‌ പുനഃരാരംഭിക്കാന്‍ സാധിച്ചു. കുബ്ബൂസും ബിരിയാണിയുമൊക്കെയായിരുന്നു ആദ്യം ഭക്ഷണമായി കിട്ടിയത്‌. നമ്മുടെ രുചികളും ബന്ധങ്ങളുമൊക്കെ അന്യമായിട്ടു നില്‍ക്കുമ്പോള്‍ നാടിന്റെ ചെറിയൊരു മണംപോലും ആവേശം കൊള്ളിക്കും. സനല്‍കുമാര്‍ വൈകിട്ട്‌ പൊറോട്ടയും ചിക്കനുമൊക്കെ കൊണ്ടുവരുമായിരുന്നു. നാട്ടിലേക്കു പോരുന്നതിനു മുമ്പ്‌ അദ്ദേഹത്തിനൊപ്പം താമസിച്ചു. ആ സമയം മാമ്പഴ പുളിശേരി കൂട്ടി ചോറും വൈകുന്നേരങ്ങളില്‍ കൊഴുക്കട്ടയും ഇലയടയുമൊക്കെ കഴിച്ചു. അതൊക്കെ ഒരു മഹാഭാഗ്യം.

ഞങ്ങളില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌താലേ അടുത്തുള്ള മിലിട്ടറി ആശുപത്രിയില്‍ എത്താനാകൂ. ഇടയ്‌ക്ക്‌ എന്റെ കൈയ്‌ക്കു പൊട്ടലുണ്ടായപ്പോള്‍ പ്ലാസ്‌റ്ററിടാന്‍ അവിടെ പോകേണ്ടിവന്നു. ഞങ്ങള്‍ക്കൊപ്പം ഒരു ഡോക്‌ടറും ഫിസിഷ്യനും നാട്ടില്‍നിന്നുണ്ടായിരുന്നു. ഭാഗ്യത്തിനു രോഗമൊന്നും ആര്‍ക്കും വന്നില്ല.

ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള രാജ്യമാണ്‌ ജോര്‍ദാന്‍. വളരെക്കുറച്ച്‌ ആളുകളാണ്‌ ഞങ്ങള്‍ താമസിച്ച വാദിറാമിലുള്ളത്‌. ടൂറിസ്‌റ്റുകളാണ്‌ അവിടെ കൂടുതലും വരുന്നത്‌. ലോക്ക്‌ഡൗണിനു മുമ്പുതന്നെ അവരെയൊക്കെ മാറ്റിയിരുന്നു. പിന്നീട്‌ ഞങ്ങളുടെ ഷൂട്ടിങ്‌ സംഘവും മുപ്പതോളം ജോര്‍ദാനികളുംമാത്രം ശേഷിച്ചു. വാദിറാമിലും തൊട്ടടുത്ത അക്വാബയിലും ഞങ്ങള്‍ പോരുന്നതുവരെ കോവിഡ്‌ ബാധയുണ്ടായില്ലെന്നതാണ്‌ ഏക ആശ്വാസം. സര്‍ക്കാര്‍തലത്തില്‍നിന്നും ജോര്‍ദാനിലെ മലയാളി സമൂഹത്തില്‍നിന്നും സിനിമാ മേഖലയില്‍നിന്നുമൊക്കെ വലിയ പിന്തുണ കിട്ടി. സിനിമയുടെ 60% ചിത്രീകരണം പൂര്‍ത്തിയായി. ഇനിയുള്ള ഷെഡ്യൂളുകള്‍ സഹാറ മരുഭൂമിയിലും ജോര്‍ദാനിലും പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. സ്‌ഥിതി മെച്ചപ്പെട്ടാല്‍ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയാറെടുക്കും"-െബ്ലസി പറഞ്ഞു.

അനിത മേരി ഐപ്പ്‌

Ads by Google
Ads by Google
Loading...
TRENDING NOW