താരജാഡയില്ലാത്ത നടനാണ് ഇന്ദ്രൻസ് .വസ്ത്രാലങ്കാരത്തിലൂടെ അഭിനയമോഹവുമായി മലയാള സിനിമയിൽ ഇടം പിടിച്ച താരമാണ് അദ്ദേഹം . ജയറാം നായകനായ ''സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബിഎഡ്'' എന്ന സിനിമയിലെ വേഷം അഭിനയജീവിതത്തിലെ വഴിത്തിരിവായി . വി സി അഭിലാഷ് സംവിധാനം ചെയ് ത "ആളൊരുക്കം '' എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് 2018 -ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡും 2019 -ൽ ഡോ. ബിജു സംവിധാനം ചെയ്ത "വെയില്‍മരങ്ങള്‍ '' എന്ന ചിത്രത്തിലെ അഭിനയ മികവിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു . ഇതിനോടകം 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളും മറ്റ് ആനുകാലിക സംഭവങ്ങളെയും കുറിച്ച് "മംഗളം '' വായനക്കാരുമായി പങ്കുവെക്കുന്നു ...
ലോക്ക് ഡൗൺ കാലത്തെ അങ്ങയുടെ വിശേഷങ്ങൾ എന്തൊക്കെയാണ് ?
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള കുമാരപുരത്തെ വീടിന് പുറത്ത് ഇറങ്ങാൻ പറ്റത്തില്ല എന്നുള്ളതാണ് വിശഷമായി എടുത്ത് പറയാനുള്ളത് . മുൻമ്പ് എങ്ങും ആരും പറഞ്ഞുകേട്ടിട്ടില്ലാത്ത ഒരു അനുഭവമായിരുന്നു ഇത് .നമ്മുടെ ലോകവും രാജ്യവും എല്ലാം ഒരേപോലെ പേടിക്കുന്ന തരത്തിൽ എന്നെയും ആ പേടി ബാധിച്ചിട്ടുണ്ട് .അതിനാൽ എന്തെങ്കിലും ആഷോഷത്തിനുവേണ്ടിയോ, നേരംപോക്കിനോ ,മനസ് ഉറപ്പിക്കാനോ പറ്റിയിട്ടില്ല . രാവിലെ എഴുന്നേറ്റാല്‍ പത്രം വായിക്കും. കുറച്ച് സമയം ടിവി കാണും , പുസ്തകം കുറെ കരുതി വെച്ചിട്ടുണ്ടായിരുന്നു അത് വായിക്കും . അതിലും സ്വസ്ഥത വരാതെയാകുമ്പോൾ അങ്ങ് നിർത്തും പിന്നെ സ്വല്പ നേരം തയ്ക്കും വേറെ ഒന്നും ഇപ്പോൾ ചെയ്യാൻ മനസ്സ് വരുന്നില്ല എന്നുള്ളതാണ് സത്യം അങ്ങനെയൊക്കെയാണ് സമയം കളയുന്നത്..
ഈ കോവിഡ് കാലത്ത് കുറേ പുസ്തകങ്ങൾ ഒക്കെ വായിക്കാൻ കിട്ടുന്നു എന്നുള്ളത് സന്തോഷം നൽകുന്നതല്ലേ ?
അതിലേക്ക് അങ്ങനെ ഒരുപാട് മുഴുകാൻ പറ്റിയിട്ടൊന്നുമില്ല, എങ്കിലും കുറച്ചു സമയം കിട്ടുമ്പോൾ ചിലപ്പോൾ പെട്ടെന്ന് മനസിലാകാത്ത കുറച്ചു കട്ടിയുള്ള വാക്കുകൾ അല്ലെങ്കിൽ മനസിലാക്കാൻ പറ്റാത്തത് ഒന്നുകൂടി വായിക്കാൻ സാധിച്ചു .എം.എൻ വിജയൻ മാഷിന്റെ ലേഖന സമാഹാരങ്ങൾ, അഴീക്കോട് മാഷിന്റെ തത്വമസി എന്നിവയുടെയും പുനർവായന കഴിഞ്ഞു. അജയ് പി. മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര" യാണ് ഒടുവിൽ വായിച്ചത്.
ഇതിൽ കൂടുതലായും ലേഖനങ്ങൾ ,യാത്രാവിവരങ്ങൾ ഒക്കെ വായിക്കുന്നു, ഇതും പുനർ വായനയാണ് നടത്തുന്നത് .
ലോക്ക് ഡൗൺ കാലത്ത് താങ്കൾ സൂചിപ്പിച്ചതുപോലെ "പേടി ''എന്ന് പറയുന്നതിൽ കൂടുതൽ ജാഗ്രത അല്ലേ വേണ്ടത് ? ജാഗ്രത പാലിക്കുക എന്ന സന്ദേശം കൂടി അതിൽ ഇല്ലേ ?
അത് തന്നെയാണ് വേണ്ടത് നമുക്ക് വേറൊന്നും ചെയ്യാൻ ഇല്ല ..നമുക്ക് രോഗം ഉണ്ടെങ്കിൽ അത് വേറെരാൾക്ക് കൊടുക്കാതിരിക്കാം മറ്റുള്ളവരിൽ രോഗം ഉണ്ടെങ്കിൽ അത് അവരിൽ നിന്നും തിരിച്ചു വാങ്ങിക്കാതിരിക്കാം ... അതിൽ നിന്നൊക്കെ ഒഴിഞ്ഞു നിന്നെങ്കിലെ പറ്റത്തൊള്ളൂ .അല്ലാതെ പോലീസിനെ പേടിച്ച് പോലീസാണ് കുഴപ്പം എന്ന് പറയുകയും ഇപ്പോഴും ഈ രോഗത്തിൻറെ ഗൗരവം മനസിലാകാത്തവർ ഉണ്ട് .പോലീസുകിടന്നു പാടുപെടുകയാണ് എത്ര പറഞ്ഞാലും എനിക്ക് വരില്ല എന്ന മനോഭാവത്തോടെയുള്ള ഒരുപാടുപേർ നമ്മുടെ സമൂഹത്തിൽ ഉണ്ട് ..ഒരേ മനസോടെ ഉള്ളവർ ഉണ്ടായിരുന്നെങ്കിൽ പേടിയില്ലായിരുന്നു .ഒന്ന് ആലോചിച്ചാൽ എത്ര സമ്പന്നനായാലും ദരിദ്രനായാലും അവൻ്റെ ജീവൻറെ വില ഒരുപോലെയാണ് അവൻ്റെ ലെവലിൽ പോകാമെന്നുള്ള കരുതൽ, എല്ലാവർക്കും ആവശ്യം ഒരുപോലെയായി ..ആധിപിടിച്ച് കാശുകൊണ്ട് നേടാൻ പറ്റാത്ത ഒരു അവസ്ഥ .ലോകം അങ്ങ് ചെറുതായി ...നമുക്ക് തൊട്ടടുത്ത് ,എത്രയോ കണ്ണെത്താത്ത ദൂരത്ത് ഇരിക്കുന്നവരുടെ ആധി ഇവിടെ കേൾക്കാം ..അത്രയും ചെറിയ ഒരു പന്ത് പോലെയായി ലോകം .പക്ഷികളും ,മൃഗങ്ങളും ഒക്കെ സ്വതന്ത്രമായി ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു .

ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയ്‌നിന്റെ ഭാഗമായി മാസ്‌ക് നിര്‍മാണം പരിശീലനം സംബന്ധിച്ച വീഡിയോ ഇതിനകം വൈറൽ ആയിരുന്നു.. എന്തായിരുന്നു ഇതിന് പിന്നിലെ പ്രോത്സാഹനം ?
കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതിനോടകം ഫെയ്‌സ് മാസ്‌കിന്റെ ദൗര്‍ലഭ്യം പലയിടങ്ങളിലായി കണ്ടു വരുന്നുമുണ്ട്. കടയില്‍ നിന്നും വാങ്ങുന്ന സർജിക്കൽ മാസ്‌ക് നിശ്ചിത സമയം വരെ മാത്രമേ ഉപയോഗിക്കാവൂ എന്നു നിബന്ധനയുമുള്ളതിനാല്‍ ആളുകള്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന മാസ്‌ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തയ്യലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഫെയ്‌സ് മാസ്‌ക് എങ്ങനെ നിര്‍മ്മിക്കാമെന്നു പഠിപ്പിച്ചുകൊടുത്തുവെന്നേ ഉള്ളൂ .തനിക്ക് അറിയാവുന്ന തൊഴിൽ ,പരിശീലിപ്പിക്കുന്ന എളിയ ഒരു ശ്രമം മാത്രമായിരുന്നു അത് .
ലോക്ക് ഡൗണിൽ പെട്ട് എല്ലാ സിനിമ തീയേറ്ററുകളും അടഞ്ഞു കിടക്കുന്നു പുതിയ റിപ്പോർട്ട് പ്രകാരം മലയാള സിനിമകൾ ഓൺലൈൻ ആയി റിലീസ് ചെയ്യാനാണ് തീരുമാനം എങ്ങനെ കാണുന്നു പുതിയ ഈ രീതിയെ ?
ഇത് കോവിഡ് കാലമാണ് മാറ്റം ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ് നമ്മൾ അറിയാതെ തന്നെ കോവിഡിന് ശേഷമുള്ള ജനറേഷനും അതിന് മുൻപും ഉള്ള പുതിയ ജനറേഷനാണ് ഇപ്പോൾ ഉള്ളത് .നമ്മൾ വീട്ടിൽ ഒക്കെ അടങ്ങിയിരുന്ന് ഇപ്പോൾ ഭക്ഷണരീതിയിലും ,പെരുമാറ്റത്തിലും ,സ്നേഹത്തിലും ഒക്കെ മനുഷ്യനിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അപ്പോൾ എല്ലാ സാഹചര്യവും മാറണം അത് അനിവാര്യമാണെല്ലോ? പ്രൊഡ്യുസേഴ്‌സ് ഒക്കെ ഒരുപാട് കടം എടുത്ത് സിനിമ ചെയ്തവർ ഉണ്ട് അവർക്ക് കൈയിൽ നിന്നും മുടക്കിയ കാശു വേണ്ട രീതിയിൽ കിട്ടുന്നുണ്ടോ എന്നുകൂടി ചിന്തിക്കണം .എന്നു തൊട്ട് പഴയ പോലെ ആളുകൾ തിയേറ്ററിലെത്തി തുടങ്ങും എന്നൊന്നും ഇപ്പോൾ പറയാനാവില്ലല്ലോ. സിനിമാ മേഖല പഴയ പടിയാകാൻ ശരിക്കും സമയമെടുക്കും.
അപ്പോൾ ഈ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറണം .അതിനെ നല്ല അർഥത്തിൽ എടുത്ത് പോസിറ്റിവായി ചിന്തിക്കണം പുതിയ തരുമാനത്തെ സ്വാഗതം ചെയ്യുന്നു .
താങ്കൾ വസ്ത്രലങ്കാരത്തിൽ തുടങ്ങി അന്തർദേശീയ അവാർഡ് നേടിയ ആൾ ആണ്, ആ കാലഘട്ടത്തെ എങ്ങനെ വിലയിരുത്തുന്നു ?
നിരന്തരമായി ഇഷ്ടപ്പെടുന്നത് സിനിമയാണ് നാടകവും മറ്റ് കലകളും ഒക്കെ ഇഷ്ടമാണ് പക്ഷേ അതിൻ്റെ പുറകെ നടന്നാൽ ജീവിതം വേണമെല്ലോ ?അപ്പോൾ പൊതുജനം എന്നെ ഒരുപാട് സഹായിച്ചു അവരെ ദുഃഖിപ്പിക്കാൻ പറ്റുമോ ? പിന്നെ എൻ്റെ ആഗ്രഹങ്ങൾക്കൊത്ത് എനിക്ക് അന്നം തരാൻ എൻ്റെ പെണ്ണ് സഹായിച്ചതുകൊണ്ടാണ് എനിക്ക് ഇതിൻറെ പുറകെ പോകാൻ പറ്റിയത് . ഞാൻ എൻ്റെ തൊഴിലിനെ സ്നേഹിച്ചു അതിന് എനിക്ക് ഒരു ഇടം കിട്ടി എല്ലാവരും അംഗീകരിച്ചു അതിനോട് എനിക്ക് മറ്റ് ആഗ്രഹങ്ങൾ ഒക്കെ സാധിച്ചെടുക്കാൻ പറ്റി .നമ്മൾ എത്രമാത്രം ആത്മാർഥമായി പരിശ്രമിക്കുന്നുവോ അവിടെ നമുക്ക് എത്താൻ സാധിക്കുന്നു എന്നുള്ളതിൽ വളരെ സന്തോഷം ഉണ്ട്. എൻ്റെ ഈ പരിമിതികൾ ഒക്കെ തരണം ചെയ്തുകൊണ്ട് എല്ലാ നടീനടന്മാരുടെ കൂട്ടത്തിൽ ഒക്കെ അഭിനയിക്കാൻ സാധിക്കുന്നു എന്ന കാര്യത്തിൽ വലിയ സന്തോഷം ഉള്ള കാര്യമാണ്.
ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമാകാതെ താങ്കൾ പിന്മാറി എന്തായിരുന്നു കാരണം ?
വളരെ സ്നേഹം കൊണ്ട് അക്കാദമി എനിക്ക് നൽകിയ ഒരു സമ്മാനമാണത് . ഞാൻ സിനിമയുമായി ഒക്കെ ഓടിനടക്കുമ്പോൾ അതിനു വേണ്ടി പ്രവർത്തിക്കാൻ ഒന്നും തന്നെ സമയം ലഭിക്കില്ല. ഇതിൽ പ്രവർത്തിക്കാൻ സമയം ഉള്ളവർക്കായി അവസരം ലഭിക്കട്ടെ എന്ന് കരുതിയാണ് മാറിയത് .എനിക്ക് ഒരു പിണക്കവും ഇല്ല.നല്ല ബഹുമാനവും സ്നേഹവുമുമാണ് അവരോട് ഉള്ളത് അക്കാദമിയിൽ ഉള്ളത് എല്ലാം വലിയ ആളുകൾ ആണ് നല്ല അറിവും ഒക്കെ ഉള്ള കുട്ടുകാർ കൂടിയാണ് അതിൽ ഇപ്പോൾ ഉള്ളത് .പിന്നെ തല്ക്കാലം ഒഴിഞ്ഞു നിൽക്കുന്നു എന്നെ ഉള്ളു, കുറെ കൂടി സ്വാതന്ത്ര്യം അനുവദിക്കുകയാണെങ്കിൽ എന്നുള്ളതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തത് അത് സ്ഥിരമായിട്ടല്ല, അത് കുറച്ചുകഴിഞ്ഞാൽ എന്നെങ്കിലും ചെയ്‌താൽ കൊള്ളാമെന്നുണ്ട് .
പ്രളയം ആയാലും മറ്റ് ദുരന്തമായാലും കലാകാരന്മാർ ആണ് സഹായവുമായി മുൻപന്തിയിൽ എത്തുന്നത് സാലറി ചലഞ്ചിൽ ഒരു വിഭാഗം അധ്യാപകർ പ്രതിക്ഷേധിക്കുന്നു ഈ പ്രവണത ശരിയാണോ ?
ഇനി സമയം അധികം ഇല്ല , എല്ലാം മറന്ന് സമ്പത്തിൽ മാത്രം ശ്രദ്ധിക്കുന്നവർ .ലോകത്ത് നടക്കുന്നത് എന്തെന്ന് ഇപ്പോഴും പിടികിട്ടാത്ത കുറേപ്പേരുണ്ട് .അവർ എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും ,വേറൊന്നുമായി ഇതിനെ കാണേണ്ടതില്ല ..റോഡിൽ ഇറങ്ങിയാൽ പൊലീസിൻറെ ശല്യം ആണെന്ന് പറയുന്നവരും ഉണ്ട് .പോലീസ് ശ്രമിക്കുന്നത് രോഗം പകരാതിരിക്കാനാണ് . ഇങ്ങനെ തിരിച്ചറിവില്ലാത്ത കുറെ പേരുണ്ടാകും ,അവർ ഇങ്ങനെ തള്ളികൊണ്ടിരിക്കും .
താങ്കളുടെ ലോക്ക് ഡൗണിൽ പെട്ട് സിനിമകൾ ഏതൊക്കെയാണ് ?
ഫഹദ് ഫാസിൽ നായകനാകുന്ന "മാലിക് '' ആണ് റിലീസ് ആകാനുള്ള ചിത്രം .ഇത് കഴിഞ്ഞ മാസം റിലീസ് ചെയ്യാൻ ഇരുന്നതാണ് .ഈ ചിത്രത്തിൽ താൻ സർക്കിൾ ഇൻസ്‌പെക്ടർ ആയിട്ടാണ് അഭിനയിക്കുന്നത് . പ്രശാന്ത് സംവിധാനം ചെയ്യുന്ന സിനിമ ''സ്റ്റേഷൻ അഞ്ച് '' ,മാധ്യമ പ്രവർത്തകനായ അജയൻ സംവിധാനം ചെയ്യുന്ന ''ഗോസ്റ്റ് റൈറ്റർ'' ,ഹേമന്ത് സംവിധാനം ചെയ്യുന്ന ''സുജിത് '',ഹരികുമാറിൻറെ "ജ്വാല മുഖി'',"ജാക്ക് ആൻറ് ജിൽ '' തുടങ്ങിയ സിനിമകളാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത് .
കലാകാരൻ എന്ന നിലയിൽ ജനങ്ങളോട് പറയാൻ ഉള്ളത് എന്താണ് ?
നമ്മള്‍ മലയാളികളല്ലേ , എല്ലാത്തിലും മുന്‍പന്തിയിലുള്ളവര്‍. എല്ലാകാര്യങ്ങളും മാതൃകയാകുന്നവര്‍. ഈ മഹാമാരിക്ക് മുന്നില്‍ ആ മാതൃക നാം കാട്ടണം. അകലം പാലിക്കണം. നമ്മള്‍കാരണം ഒരാള്‍ക്കും രോഗം പകരില്ലെന്ന് തീരുമാനിക്കണം. ആറ് സിനിമകളുടെ ജോലിയിലായിരുന്നു ഞാന്‍. അതിനിടയിലാണ് കൊറോണ വ്യാപിക്കുന്നത്. ചിത്രീകരണം നിര്‍ത്തിയതോടെ വീട്ടിൽ എത്തി . ഇപ്പോൾ പുറത്തിറങ്ങാറില്ല.ലോക്ക് ഡൗൺ കാലത്ത് തമ്മിൽ കാണാനാവാതെ, ഒന്നുമിണ്ടാനാവാതെ അകലം പാലിച്ചു കഴിയുകയാണ് നാമോരോരുത്തരും. ശരീരം കൊണ്ടകന്നു കഴിയുമ്പോഴും മനസ്സുകൾ കൊണ്ടടുക്കുവാൻ സാധിക്കണം. ഈ കാലഘട്ടത്തിന്റെ കണ്ടുപിടുത്തങ്ങൾക്കൊണ്ടതിനു സാധിക്കുന്നുണ്ട് ഒരു പരിധിവരെ. എല്ലാവർക്കും സ്വസ്ഥതയും ആരോഗ്യവും ശാന്തിയും സമാധാനവുമുണ്ടാവട്ടെ.. ജാഗ്രതയോടെ ...സർക്കാരും ആരോഗ്യപ്രവർത്തകരും ഒക്കെ നൽകുന്ന നിർദേശം പാലിച്ച് നമുക്ക് മുന്നേറാം ...
ചെറിയാൻ കിടങ്ങന്നൂർ -