Saturday, August 24, 2019 Last Updated 42 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Jun 2016 04.29 PM

കമ്മട്ടിപ്പാടത്തെ കാഴ്ചകള്‍

uploads/news/2016/06/3541/23.jpg

എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് ഇപ്പോളിരിക്കുന്ന സ്ഥലമാണ് കമ്മട്ടിപ്പാടം എന്നപേരില്‍ അറിയപ്പെട്ടിരുന്നത്. ആ ചതുപ്പുനിലം മെട്രോ നഗരത്തിലേക്കു വളര്‍ന്നപ്പോള്‍ ചതുപ്പിനുള്ളില്‍ ജീവിതവും ലോകവും കുടുങ്ങിപ്പോയ മനുഷ്യരെപ്പറ്റി പറയുകയാണ് രാജീവ് രവിയുടെ മൂന്നാമത് സിനിമ കമ്മട്ടിപ്പാടം. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ സിനിമകളുടെ അതേഘടനയില്‍ റിയലിസ്റ്റിക് സ്വഭാവത്തിലൂന്നിയുള്ള ആഖ്യാനത്തില്‍, എന്നാല്‍ കൂടുതല്‍ വാണിജ്യഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ആക്ഷന്‍ സിനിമയാണ് കമ്മട്ടിപ്പാടം. രാജീവ് രവിയുടെ ക്രാഫ്റ്റിന്റെ മികവും അതിഗംഭീരമായ കാസ്റ്റിങ്ങും കൊണ്ടു സിനിമ ഉന്നതനിലവാരം പുലര്‍ത്തുമ്പോഴും പറഞ്ഞുമടുപ്പിച്ച കൊച്ചി ക്വട്ടേഷന്‍ കഥകളുടെ ആവര്‍ത്തനവും ഗ്യാങ് വാറുമൊക്കെയാണ് മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുള്ള കമ്മട്ടിപ്പാടവും പറയുന്നത്.

രാജീവ് രവി ഛായാഗ്രഹകനായിരുന്ന, ആധുനിക ഇന്ത്യന്‍ ഗ്യാങ്‌സ്റ്റര്‍ സിനിമകളിലെ കള്‍ട്ട് സിനിമ എന്നുവിശേഷിപ്പിക്കപ്പെടുന്ന അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍ പോലൊരു സിനിമ മലയാളത്തിലേക്ക് അവതരിപ്പിക്കുകയാണ് കമ്മട്ടിപ്പാടത്തിലൂടെ എന്നുവേണമെങ്കില്‍ കരുതാം. രാജീവ് രവിയുടെ ആദ്യസിനിമ അന്നയും റസൂലും വളരെ വയലന്റായ ഒരു പ്രണയകഥയായിരുന്നു. ജാതിയും മതവും ഗുണ്ടാപ്പകയും ഭരണകൂടത്തിന്റെ അന്ധമായ ഇടപെടലുകളുമായിരുന്നു വിഷയം. രണ്ടാമത്തെ സിനിമ ഭരണകൂടത്തിന്റെ സംവിധാനങ്ങളുടെ നിഷ്‌ക്രിയതയും അതിനോടുള്ള നിഷ്‌കളങ്കമായ യുവത്വത്തിന്റെ പ്രതികരണവുമായിരുന്നു സബ്ജക്ട്. അതിലും നിറഞ്ഞുനിന്നത് ഗുണ്ടകളുടെ ജീവിതവും അത് അവരുമായി ബന്ധപ്പെട്ടുള്ളവരുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ആഘാതവുമാണ്. മൂന്നാമത്തെ സിനിമയിലേക്കു വരുമ്പോഴും ആഖ്യാനപരിസരം അവിടെ നിന്നു മാറുന്നില്ല. അധോലോകം എന്നുവിശേഷിപ്പിക്കുന്ന, അല്ലെങ്കില്‍ സമ്പത്തിന്റെ സൃഷ്ടിക്കായി സമാന്തരമായ ലോകം സൃഷ്ടിക്കുന്നവരുടേയും അവര്‍ക്കുവേണ്ടി മറ്റുള്ളവരെ ഇല്ലാതാക്കാനും അതിനിടയില്‍ സ്വന്തം ജീവിതം തെരുവുപട്ടികളുടേതുപോലെ ഒന്നുമല്ലാതാകാന്‍ വിധിക്കപ്പെട്ടവരുടേയും ജീവിതമാണ് കമ്മട്ടിപ്പാടം പറയാന്‍ ശ്രമിക്കുന്നത്. വ്യവസ്ഥിതി എന്നു നമ്മള്‍ കരുതുന്ന സംവിധാനത്തിനുള്ളിലുള്ള, എന്നാല്‍ നമ്മള്‍ അറിയാത്ത, അല്ലെങ്കില്‍ ഭയപ്പാടോടെ കാണുന്ന ഇരുണ്ടലോകത്തെക്കുറിച്ചുള്ള ആശങ്കകളും വിശദാംശങ്ങളും തന്നെയാണ് രാജീവ് രവി മൂന്നാംതവണയും പറയുന്നത്. ഇക്കുറി നടനും നാടകകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രനാണ് തിരക്കഥാകൃത്ത്. കൊച്ചിയിലെ ഗ്യാങ്‌വാറുകളെക്കുറിച്ച്, ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഇവര്‍ എന്നൊരുസിനിമയ്ക്ക് പി. ബാലചന്ദ്രന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ രൂപീകരണത്തില്‍ കണിശമായ മൗലികതയും യാഥാര്‍ഥ്യബോധവും പുലര്‍ത്തുമ്പോഴും സിനിമയുടെ പ്രമേയം നാളിതുവരെയുള്ള കൊച്ചിക്വട്ടേഷന്‍ കഥകളെ ഓര്‍മിപ്പിക്കുന്നതാണ്. അതുപലപ്പോഴും ക്ലീഷേകളില്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്.

കൃഷ്ണന്‍(ദുല്‍ക്കര്‍ സല്‍മാന്‍)എന്ന യുവാവ് മാരകമായ രീതിയില്‍ മുറിവേറ്റ് ഒരു ബസില്‍ കയറുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. അയാളുടെ അസ്പഷ്ടമായ വാക്കുകളിലൂടെ ഓര്‍മകളിലേക്കും ഓര്‍മകള്‍ക്കുള്ളിലെ ഓര്‍മകളിലേക്കുമാണ് സിനിമ സഞ്ചരിക്കുന്നത്. കുമ്മട്ടിപ്പാടത്തേക്കു താമസിക്കാന്‍ വരുന്ന കൃഷ്ണന്‍ എന്ന കുട്ടി നഗരത്തിന്റെ ഇരുണ്ടമുഖത്തിലേയ്ക്ക് എങ്ങനെയാണ് ആകര്‍ഷിക്കപ്പെടുന്നത് എന്നും കുമ്മട്ടിപ്പാടത്തെ ചെറുപ്പക്കാര്‍ എങ്ങനെയാണു നഗരത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഒരു തെമ്മാടിക്കൂട്ടമാകുന്നതെന്നും ചോര കണ്ട് അറപ്പുതീര്‍ന്ന ഇവരെ വൈകാരികമായും പണംകൊടുത്തുംഉപയോഗിച്ച് കച്ചവടക്കാര്‍ വലുതാകുന്നതുമെന്നാണ് ആദ്യപകുതി പറയുന്നത്. ഗംഗന്‍(വിനായകന്‍) എന്ന സുഹൃത്തിന്റെ തിരോധാനം അന്വേഷിക്കാനാണ് മുംബൈയില്‍ സ്വകാര്യസെക്യൂരിറ്റിയായി ജോലി നോക്കുന്ന കൃഷ്ണന്‍ ദീര്‍ഘനാളുകള്‍ക്കുശേഷം മടങ്ങിയെത്തുന്നത്. മടങ്ങിയെത്തുന്ന അയാളിലൂടെ വര്‍ത്തമാനകാലവും അയാളുടെ ഓര്‍മകളിലൂടെ ഭൂതകാലവും അവതരിപ്പിച്ച് ഇന്റര്‍കട്ടുകളിലൂടെ സിനിമ മുന്നേറുന്ന ആദ്യപകുതി വല്ലാത്തൊരു പ്രോമിസിങ് നല്‍കുന്നുണ്ട്. ആദ്യപകുതിയിലെ ആക്ഷന്‍ രംഗങ്ങളും ചെറുകിട ഗ്യാങ്‌വാറുകളും കമ്മട്ടിപ്പാടത്തിനു ദൈര്‍ഘ്യത്തിന്റെ മടുപ്പ് ഒഴിവാക്കി സജീവത നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ വളരെ പ്രവചനസ്വഭാവമുള്ള രണ്ടാംപകുതി ആവശ്യത്തിലധികം ഇഴയുകയും അപക്വമായി, അതിനാടകീയമായി അവസാനിക്കുകയും ചെയ്യുമ്പോള്‍ അതുവരെയുള്ള റിയലിസ്റ്റിക് സ്വഭാവം കൈമോശം വരുന്നുണ്ട്. ഒരു ഫോര്‍മുല പടം പൊലൊരു ക്‌ളൈമാക്‌സ് ആണു കമ്മട്ടിപ്പാടം കാത്തുവയ്ക്കുന്നത്.

അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലെ നടപ്പുവഴികളെയും മലയാള സിനിമ ഇന്നോളം ശീലിച്ച എല്ലാ വര്‍ണബോധത്തെയും അട്ടിമറിക്കുന്നതാണ് കുമ്മട്ടിപ്പാടത്തിന്റെ കാസ്റ്റിങ് എന്ന് എടുത്തുപറയേണ്ടതാണ്. അരികുജീവിതങ്ങളെ അതുപടി അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തവര്‍ എല്ലാം ഒന്നിനൊന്നുമെച്ചം. ദുല്‍ക്കര്‍ സല്‍മാന്‍ മാത്രമാണ് സിനിമയിലെ താര എലമെന്റ്. ബാക്കിയുള്ളവരെല്ലാം അമ്പരപ്പിക്കുന്ന ശരീരഭാഷയുള്ള അഭിനേതാക്കളാണ്. പ്രത്യേകിച്ച് ബാലന്‍ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികണ്ഠന്‍ ആര്‍. ആചാരി. കള്ളവാറ്റും ക്വട്ടേഷനുമായി നടക്കുന്ന ഒരു ചെറുകിട ഗുണ്ടാസംഘത്തിന്റെ നേതാവായി മണികണ്ഠന്‍ എന്ന നടന്‍ തകര്‍പ്പന്‍ പ്രകടമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ ആദ്യസിനിമയാണിത് എന്നുതോന്നുന്നു. ശരീരഭാഷയില്‍, രൂപത്തില്‍ ഭാവപ്രകടനങ്ങളില്‍, സംസാരരീതിയില്‍ ഒക്കെ അമ്പരപ്പിക്കുന്നുണ്ട് ഈ പുതുമുഖം. ഗംഗനെ അവതരിപ്പിക്കുന്ന വിനായകനും ഒന്നു ഞെട്ടിച്ചിട്ടുണ്ട്. വിനായകന്റെ നാളിതുവരെയുള്ള ഏറ്റവും ഗംഭീരമായ പ്രകടനം. ദുല്‍ക്കറിന്റെ കാമുകിയുടെ വേഷത്തിലെത്തുന്ന ഷോണ്‍ റോമി, റോസമ്മ എന്ന കഥാപാത്രമായെത്തുന്ന അമാല്‍ഡാ ലിസ്, എന്നീ പുതുമുഖനടിമാരും ശ്രദ്ധനേടി. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനില്‍ നെടുമങ്ങാടും അലന്‍സിയറും ഇക്കുറിയുമുണ്ട്. സൂത്രശാലിയായ കച്ചവടക്കാരനായുള്ള അനിലിന്റെ പ്രകടനം ശ്രദ്ധേയം.

വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, മുത്തുമണി, പി. ബാലചന്ദ്രന്‍, അഞ്ജലി അനീഷ്, സുരാജ് വെഞ്ഞാമ്മൂട് എന്നിവരാണു മറ്റുറോളുകളില്‍. ഡയലോഗ് ഇല്ലെങ്കിലും രണ്ട് രംഗങ്ങളില്‍ എത്തുന്ന സൗബിന്‍ ഷാഹിര്‍ തിയറ്ററുകളെ ത്രസിപ്പിക്കാന്‍ പോന്ന തരത്തില്‍ ഗംഭീരമാണ്. പ്രമേയപരിസരവുമായി കഴിയുന്നത്ര ഇഴുകിച്ചേരാന്‍ സാധിക്കുന്ന തരത്തിലുള്ള അഭിനേതാക്കളെയാണ് രാജീവ് രവി ഉപയോഗിച്ചിരിക്കുന്നത്. അതില്‍ ഒറ്റയാന്‍ ആയി അനുഭവപ്പെടുന്നത് ദുല്‍ക്കര്‍ സല്‍മാന്റെ സാന്നിധ്യമാണ്. എങ്കിലും തന്റെ ഇതുവരെയുളള കരിയറിലെ വലിയ വെല്ലുവിളികളിലൊന്നു സൃഷ്ടിച്ച കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ദുല്‍ക്കറിന്റെ ഭാഗത്തുനിന്ന് നല്ല പ്രയത്‌നം ഉണ്ടായിട്ടുണ്ട്. ദുല്‍ക്കറിന്റെ കൃഷ്ണന്‍ കമ്മട്ടിപ്പാടത്തിലെ പിള്ളേര്‍ക്കിടയില്‍, അവിടുത്തെ അരികുജീവിതങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നുണ്ട്. ശരീരം കൊണ്ടും രൂപം കൊണ്ടും വേഷം കൊണ്ടും സംസാരം കൊണ്ടും അയാള്‍ പരിഷ്‌കൃതനാണ്. ചിന്തകളിലും പ്രവൃത്തികളിലും മറ്റു ഗുണ്ടകളെപ്പോലല്ല, അയാള്‍ 'സംസ്‌കൃതനായ' ഗുണ്ടയാണ്. രാജീവിന്റെ മുന്‍സിനിമകളില്‍നിന്ന് ഭിന്നമായി അയാള്‍ നായകഗുണങ്ങള്‍ പേറുന്നവനും അവസാനം തിരിച്ചടിച്ച് തനി നായകനായി വാഴുന്നവനുമാകുന്നുണ്ട്. സിനിമയുടെ മൊത്തം ശീലവുമായി ഒത്തുപോകാത്തവനാകുന്നത് കഥയുടെ ആങ്കര്‍ കൂടിയായ കൃഷ്ണനാണ്.

മധു നീലകണ്ഠനാണ് ഛായാഗ്രഹണം. അന്നയും റസൂലിനും ശേഷം വീണ്ടും കൊച്ചിയെ മധു നീലകണ്ഠന്‍ പുതിയ പുതിയ കാഴ്ചകളില്‍ അവതരിപ്പിക്കുന്നുണ്ട്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലടക്കം അതിഗംഭീരമാണ് കാമറയുടെ കരവിരുത്. നഗരരാത്രികളുടെ സ്വഭാവികദൃശ്യങ്ങളും സിനിമയുടെ ദൈര്‍ഘ്യത്തിനിടയിലും കാഴ്ചയുടെ കൗതുകം പകരുന്നുണ്ട്. സിനിമയ്ക്ക് പലപ്പോഴും പിരിമുറുക്കം നല്‍കാന്‍ സംഗീതത്തിനും പശ്ചാത്തലസംഗീതത്തിനും കഴിയുന്നുണ്ട്. കെ., ജോണ്‍ പി. വര്‍ക്കി, വിനായകന്‍ എന്നിവരുടേതാണു സംഗീതം.

പറയുന്ന കാര്യങ്ങളില്‍ പുതുമയിലെങ്കിലും അതിന് അസാധാരണമായ ആഴമുണ്ട് എന്നതാണു കമ്മട്ടിപ്പാടത്തെ സവിശേഷമാക്കുന്നത്. ആക്ഷനും വയലന്‍സും നിറഞ്ഞ ഒരു മാസ്പടത്തിന്റെ ഘടകങ്ങള്‍ ആവശ്യത്തിലേറെ ഉണ്ടെങ്കിലും കമ്മട്ടിപ്പാടം മുഖ്യധാരാ സിനിമ ഇന്നുവരെ പറയാത്ത രീതിയില്‍ അരികുജീവിതങ്ങളെ, സമൂഹത്തിന്റെ പുറമ്പോക്കില്‍ കഴിയേണ്ടിവരുന്നവരെ, വികസനത്തിന്റെ കുതിപ്പില്‍ മറ്റെന്തെക്കെയോ ആകാന്‍ വിധിക്കപ്പെട്ടവരെ ആഴത്തില്‍ പഠിക്കാനും പറയാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നഷ്ടമാകില്ല കാഴ്ച, ഒരു സാദാ വിനോദസിനിമ പ്രതീക്ഷിക്കാതെ പോയാല്‍. രാജീവ് രവിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുളളവര്‍ക്ക് അത്തരത്തിലൊരു ധാരണ ഉണ്ടാകുമെന്നും കരുതുന്നില്ല.

Ads by Google
Tuesday 14 Jun 2016 04.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW